Connect with us

Video Stories

ബ്രാഹ്മണിസത്തിന്റെ കാളവഴികള്‍

Published

on

 
1960ലെ മൃഗപീഡന നിരോധനനിയമത്തിലെ മുപ്പത്തെട്ടാം വകുപ്പിലെ ഒന്നും രണ്ടും ഉപവകുപ്പുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി മെയ് 26ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുതിയ വിജ്ഞാപനം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മധുരമുള്ള വിഷം പോലെ മൃഗങ്ങള്‍ക്കുവേണ്ടിയെന്ന പേരില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ ചേര്‍ത്താണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യഅജണ്ടകളിലൊന്നായ ഗോവധ നിരോധനത്തിന്റെ പുതിയ മാര്‍ഗങ്ങളാണ് ഇതിലൂടെ സംഘ്പരിവാരം പരീക്ഷിച്ചുനോക്കുന്നത്.
പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നിവയെ കശാപ്പിനുവേണ്ടി വില്‍പ്പന നടത്തുകയും വാങ്ങുകയും ചെയ്യരുത്, വിപണന കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മൃഗങ്ങളുടെ ഉടമ കശാപ്പിനല്ല നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന സത്യപ്രസ്താവന എഴുതിനല്‍കണം, വാങ്ങുന്നയാള്‍ ആറു മാസത്തേക്ക് ഉരുവിനെ മറിച്ചുവില്‍ക്കാന്‍ പാടില്ല, കന്നുകാലിയുടെ കൂടെ ആറു മാസത്തില്‍ പ്രായമുള്ള കിടാക്കളെ കൊണ്ടുവരരുത്, ഒന്നില്‍ കൂടുതല്‍ മൃഗങ്ങളെ ഒറ്റക്കയറില്‍ കെട്ടിയിടരുത്, വാലില്‍ കടിക്കരുത്, മുളക് തേക്കരുത്, പക്ഷികളോ മറ്റോ പുറത്തിരുന്നാല്‍ കഴുത്തും വാലും ആട്ടാന്‍ കഴിയണം, മൂക്കുകയറിടുകയോ തുളക്കുകയോ ചെയ്യരുത്, ഇതെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല മൃഗവില്‍പന നിരീക്ഷണസമിതി രൂപവല്‍കരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.
കന്നുകാലികളുടെ സംരക്ഷണം, ശേഖരണം, ഉത്പാദനം, പരിശീലനം, വളര്‍ത്തല്‍, രോഗവിമുക്തി എന്നിവ ഭരണഘടനയുടെ ഏഴാംഷെഡ്യൂളിലെ പതിനഞ്ചാം ഉപഖണ്ഡികയില്‍ പറയുന്ന സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പെടുന്നതായിരിക്കെ ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത വളരെയധികമാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ കാല്‍ഭാഗവും മൃഗ സംരക്ഷണമാണ്. ഗോവധം നിരോധിച്ചിട്ടില്ലാത്ത കേരളം, പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളടക്കം എല്ലാ സംസ്ഥാനങ്ങളിലും ബാധകമാകുന്ന ഉത്തരവാണിത്. മൃഗസംരക്ഷണം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതാണെങ്കിലും കേന്ദ്രത്തിനാണ് ഇതുസംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാനുള്ള അധികാരമെന്നിരിക്കെ പുതിയ ഉത്തരവ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് വഴിവെക്കും. ഉത്തരവ് ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത് കാളകളുടെയും പോത്തുകളുടെയും ഇറച്ചിക്കച്ചവടത്തെയാണ്. വ്യാപാരികള്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. രാജ്യത്തെ 80 ശതമാനം മൃഗവില്‍പനയും ഇറച്ചിക്കുവേണ്ടിയാണെന്നിരിക്കെ കേന്ദ്രത്തിന്റെ ഉത്തരവിലെ നിര്‍ദേശങ്ങളില്‍ ചിലത് തലതിരിഞ്ഞതാണെന്ന കാര്യത്തില്‍ സംശയമില്ല. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഔഷധങ്ങള്‍, 1780 കോടി യു.എസ് ഡോളര്‍ മൂല്യം വരുന്ന തുകല്‍ വ്യവസായം എന്നിവയെയും ഇത് പ്രതികൂലമായി ബാധിക്കും. മൃഗത്തെ അറുക്കുന്നതിനായി വില്‍ക്കരുതെന്ന് പറയുമ്പോള്‍ അത് മതവിശ്വാസപ്രകാരം അറുക്കുന്നതിനും ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഗോവധം നിരോധിക്കാത്ത സംസ്ഥാനങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. അഖിലേന്ത്യാതലത്തില്‍ ഗോവധം നിരോധിക്കണമെന്ന ആര്‍.എസ്.എസ്സിന്റെ ആവശ്യമാണ് ഇവിടെ പുലരുന്നത്.
രാജ്യത്തെ പത്തു കോടിയോളം പേര്‍ പോത്ത്-കാള ഇറച്ചി ഭക്ഷിക്കുന്നുണ്ടെന്നാണ് ദേശീയസാമ്പിള്‍സര്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഓരോ വര്‍ഷവും ഇത് വര്‍ധിക്കുകയുമാണ്. ജമ്മുകശ്മീര്‍, ലക്ഷദ്വീപ് പോലുള്ള മതന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന സംസ്ഥാനങ്ങളിലും ഇവയുടെ ഉപയോഗം താരതമ്യേന കൂടുതലാണ്. എന്നാല്‍ ഇതിലുമെത്രയോ കോടി ആളുകളാണ് ഇതോടനുബന്ധിച്ചുള്ള ജോലികളില്‍ ഏര്‍പെട്ടിരിക്കുന്നത്. പ്രതിവര്‍ഷം പതിനെട്ടര ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതാകട്ടെ ലോകത്ത് ഒന്നാമതും. ബ്രസീല്‍, ആസ്‌ത്രേലിയ, അമേരിക്ക എന്നിവയാണ് ലോകത്തെ ബീഫ് വിപണിയുടെ 66 ശതമാനവും നിയന്ത്രിക്കുന്നത് . 36430 ടണ്‍ ബീഫാണ് 2012ല്‍ ഇന്ത്യ ഉല്‍പാദിപ്പിച്ചത്. ഇതില്‍ 19630 ടണ്ണും ഭക്ഷിച്ചത് നമ്മള്‍തന്നെയാണ്. കയറ്റുമതിയിലൂടെ നടക്കുന്നത് ഏതാണ്ട് 25000 കോടി രൂപയുടെ ബിസിനസ്. ഇതോടനുബന്ധിച്ച തൊഴിലുകളില്‍ ഏര്‍പെടുന്നവര്‍ കോടിക്കണക്കിന് വരും. ഇവരുടെ വരുമാനം അടഞ്ഞാല്‍ ആരാണത് തിരിച്ചുനല്‍കുക? ഇവരുടേതടക്കം ഈ മേഖലയിലെ മൊത്തം വിറ്റുവരവ് ഒരുലക്ഷം കോടി കവിയുമെന്ന് കണക്കുകള്‍ പറയുന്നു. ആട്, കോഴി മാംസവില കുത്തനെ ഉയരും. ഗോക്കളെ ആരാധിക്കുന്ന സംസ്‌കാരം ആര്യബ്രാഹ്മണ്യത്തിന്റേതാണ്. ബുദ്ധ-ജൈനമതങ്ങളില്‍ നിന്നാണ് ഹിന്ദുമതം അത് കടംകൊണ്ടത്. വെറും അഞ്ചില്‍കുറഞ്ഞ ശതമാനം മാത്രം ആളുകളുടെ വിശ്വാസത്തെയാണ് ഹിന്ദുത്വത്തിന്റെ പേരില്‍ നാട്ടുകാരിലാകെ അടിച്ചേല്‍പിക്കുന്നത്.
‘ഒരുമൃഗവും വിശുദ്ധമല്ല. പശുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്; മനുഷ്യന്‍ പശുവിനുവേണ്ടിയല്ല.’ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗുരുവായി വിശേഷിപ്പിക്കപ്പെടുന്ന വീരദാമോദര്‍ സര്‍വര്‍ക്കറുടേതാണീ വാക്കുകള്‍. പഞ്ഞകാലത്ത് മാട്ടിറച്ചി കഴിക്കുന്നത് തെറ്റല്ലെന്നുപറഞ്ഞ അദ്ദേഹം ഗോമാംസം ഭക്ഷിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. പല മുന്‍കാല യാഗങ്ങളിലും കന്നുകാലികളുടെ മാംസം ഉപയോഗിച്ചതായും പറയപ്പെടുന്നുണ്ട്. ഋഗ്‌വേദത്തില്‍ ഇന്ദ്രന് സല്‍ക്കാരമായി കാളയിറച്ചി നല്‍കിയ വിവരണവുമുണ്ട്. മനുസ്മൃതിയിലും ചരകസംഹിതയിലും സമാനമായ മാംസാനുകൂല വിധികളുണ്ട്. മതന്യൂനപക്ഷങ്ങളാണ് പ്രധാനമായും കന്നുകാലി- മാംസക്കച്ചവടത്തിലെങ്കില്‍ അതിലുമെത്രയോ അധികം പേരാണ് ദലിത് -പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായി കന്നുകാലി മാംസ അനുബന്ധജോലികളിലായി വരുമാനത്തെ ആശ്രയിക്കുന്നത്. അറുക്കുന്ന കന്നുകാലികളുടെ തോല്‍ ഉരിക്കുന്നത് ദലിത് വിഭാഗക്കാരാണ്. വിദ്യാഭ്യാസരംഗത്ത് പിറകിലുള്ള ഇവര്‍ക്ക് സര്‍ക്കാര്‍, സംഘടിത സ്വകാര്യ മേഖലകളില്‍ ഇന്നും തൊഴില്‍ അന്യമാണ്. പശ്ചിമ ഉത്തര്‍പ്രദേശിലും മറ്റും അടുത്തിടെ അനധികൃത കശാപ്പുശാലകള്‍ക്കെതിരായ നടപടിയുടെ പേരില്‍ ന്യൂനപക്ഷങ്ങളില്‍ പെട്ട പട്ടിണിപ്പാവങ്ങള്‍ സംഘ്പരിവാരില്‍ നിന്ന് സര്‍ക്കാരിന്റെ ഒത്താശയോടെ കൊടിയ പീഡനം അനുഭവിക്കുകയുണ്ടായി. അലഹബാദ് ഹൈക്കോടതി ഇടപെട്ടശേഷമാണ് ഇവര്‍ക്കെല്ലാം പുന:പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനമായത്.
ജനുവരി 26ന്റെ കരടുവിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് റമസാന്‍ വ്രതാരംഭത്തിന് തൊട്ടുതലേന്നാണ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത്. രാജ്യത്തെ പതിനാല് ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രധാന ആഹാരമല്ലെങ്കിലും ഇവരാരും മാംസ ഭക്ഷണത്തിന് എതിരല്ല. രണ്ടുമാസത്തിന് ശേഷം വരാനിരിക്കുന്ന ബലിപെരുന്നാളിന് വിശ്വാസപരമായി അറുത്ത് വിതരണം ചെയ്യാന്‍ മൃഗങ്ങള്‍ ആവശ്യമാണ്. ആട് ആവാമെങ്കിലും ഇത്രയും മാംസം അതിലൂടെ ലഭ്യമാകില്ല. ദലിത് -പിന്നാക്ക വിഭാഗത്തില്‍പെട്ടവരും കാള, പോത്ത് മുതലായ മൃഗങ്ങളെ ആരാധനയുടെ ഭാഗമായി ബലിയര്‍പ്പിക്കാറുണ്ട്. ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കന്നുകാലികളുള്ള രാജ്യമായ ഇന്ത്യയില്‍ നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ ആഹാരമാണ് മാംസം. ആരോഗ്യസംബന്ധമായും മാംസ്യവും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ പാവപ്പെട്ടവര്‍ക്കും മറ്റും എളുപ്പത്തില്‍ ലഭ്യമാകുന്ന അന്നദാതാവാണ് കന്നുകാലിമാംസം. എണ്‍പതുശതമാനത്തോളം വരുന്ന പട്ടികവര്‍ഗ, പിന്നാക്ക-ന്യൂനപക്ഷവിഭാഗങ്ങളുടെ ആശ്രയമെന്ന നിലയില്‍ കന്നുകാലികളുടെ ഇറച്ചി വില്‍പന നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്ത് വലിയപ്രത്യാഘാതമാണ് സൃഷ്ടിക്കപ്പെടുക. പച്ചക്കറിയും ധാന്യവും കൊണ്ട് വിശപ്പടക്കേണ്ട അവസ്ഥയിലാകും ഇത് ചെന്നെത്തുക. ഇവയുടെ വില ഇനിയും കുതിച്ചുയരുകയാവും ഫലം. ഇവിടെ ഏതാനും പേര്‍ ചേര്‍ന്ന് ഇവരുടെ ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുക എന്നത് ഭരണഘടനാപരമായിത്തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്. ഏതുഭക്ഷണവും കഴിക്കാനുള്ള പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. നിലവില്‍ തന്നെ ഗോസംരക്ഷണത്തിന്റെ പേരില്‍ ആര്‍.എസ്.എസിനുകീഴിലെ ഗോരക്ഷക് സേന നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ കന്മഷാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. അതിലേക്ക് എണ്ണയൊഴിക്കുന്ന പണിയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
ജെല്ലിക്കെട്ട്, കാളയോട്ടം പോലുള്ള കാള ഉപയോഗിച്ചുള്ള വിനോദങ്ങള്‍ക്കും ഇത് നിരോധനം വരുത്തും. മൃഗങ്ങള്‍ക്കുനേരെയുള്ള ക്രൂരതകള്‍ തടയാന്‍ കഴിയുമെങ്കിലും ഈ വാറോലകൊണ്ട് സംഭവിക്കാനിരിക്കുന്നത് കന്നുകാലി വളര്‍ത്തല്‍ തന്നെ ഇല്ലാതാകുകയാവും. പാല്‍ ആവശ്യത്തിന് തുച്ഛമായി മാത്രം കാലികളെ വളര്‍ത്തുന്നതില്‍ നിന്ന് അവയെ ആവശ്യം കഴിഞ്ഞാല്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നത് ക്ഷീരകര്‍ഷകരെ പിറകോട്ടുവലിക്കും. കന്നുകാലികളുടെ സംരക്ഷണം പ്രത്യേകിച്ചും പശുവിന്റേത് ജനം സ്വയം ഏറ്റെടുത്തിട്ടുള്ളതാണ്. പ്രായമേറിയാല്‍ അവയെ കശാപ്പുകാരന് വില്‍ക്കാനല്ലാതെ കോഴികളെ പോലെ വീട്ടില്‍ മാംസംവെച്ചുകഴിക്കാന്‍ കഴിയില്ല. അറുക്കല്‍ നിരോധിക്കുന്നത് പാലുല്‍പാദനത്തെതന്നെ ബാധിക്കും.
ഈ വസ്തുതകളെല്ലാം കൂലങ്കഷമായി പഠിച്ചശേഷം എടുക്കേണ്ട തീരുമാനമാണ് ഒറ്റ നോട്ടീസിലൂടെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പാകെ പാമ്പിനെ പോലെ ഇട്ടിരിക്കുന്നത്. ജനാധിപത്യക്രമമനുസരിച്ചുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്കുവേണ്ടി നിയമസഭയും സ്റ്റേറ്റ്‌ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റുംപോലുള്ള അധികാരങ്ങളും ഉണ്ടായിരിക്കെ പാര്‍ലമെന്റിനെപോലും അതിലംഘിച്ച് ഫെഡറലിസത്തിന്റെ മേല്‍ കുതിര കയറുന്ന ഈ ഏര്‍പ്പാട് ഹിന്ദുത്വരാഷ്ട്രത്തിനുള്ള അടിത്തറ പാകലാണ്്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം

കേരളത്തിന്റെ അത്‌ലറ്റിക്‌സ് ടീം അടക്കമുള്ള 102 അംഗ സംഘം ഇന്നലെ അഹമ്മദാബാദിലെത്തി. കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ് താരം എം ശ്രീശങ്കര്‍ ആണ് നയിക്കുന്നത്. 26 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്.

Published

on

അഹമ്മദാബാദ്: 36ാമത് ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം. ചില മത്സരങ്ങള്‍ നേരത്തെ തുടങ്ങിയെങ്കിലും ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനം. അഹമ്മദാബാദ് മൊട്ടേരയിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്വന്തം പേരിലുള്ള സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുജറാത്തിന്റെ വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒക്‌ടോബര്‍ 12 വരെയാണ് ഗെയിംസ്. അഹമ്മദാബാദിന് പുറമെ ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നിവയാണ് മറ്റു ഗെയിംസ് വേദികള്‍. ആകെ 36 ഇനങ്ങളിലാണ് മത്സരം.

എണ്ണായിരത്തോളം കായികതാരങ്ങളും ആയിരത്തോളം ഒഫീഷ്യല്‍സും പങ്കെടുക്കും. കേരളത്തിന്റെ അത്‌ലറ്റിക്‌സ് ടീം അടക്കമുള്ള 102 അംഗ സംഘം ഇന്നലെ അഹമ്മദാബാദിലെത്തി. കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ് താരം എം ശ്രീശങ്കര്‍ ആണ് നയിക്കുന്നത്. 26 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്. 436 കായികതാരങ്ങളും 123 ഒഫീഷ്യല്‍സും അടങ്ങിയ 559 അംഗ സംഘമാണ് കേരളത്തിന്റേത്. ഒമ്പത് സംഘമായിട്ടാണ് ടീം അഹമ്മദാബാദിലെത്തിയത്. ബാഡ്മിന്റണ്‍ താരം ഒളിമ്പ്യന്‍ വി ദിജുവാണ് സംഘത്തലവന്‍. 2015ല്‍ കേരളത്തിലാണ് ഏറ്റവുമൊടുവില്‍ ഗെയിംസ് നടന്നത്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ കേരളം ഇത്തവണ ചാമ്പ്യന്‍ പട്ടമാണ് ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സ്, നീന്തല്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അടക്കമുള്ള ഇനങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്താന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Continue Reading

Video Stories

നെഹ്‌റുട്രോഫിക്ക് കളങ്കം ചാര്‍ത്താന്‍ പിണറായി

ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍.

Published

on

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍. നിരന്തരം സംഘ്പരിവാര്‍ വിരുദ്ധത പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കരസ്പര്‍ശമേറ്റ നെഹ്‌റുട്രോഫി സമ്മാനിക്കുന്ന ചടങ്ങിലേക്ക് അമിത്ഷായെ പോലൊരു കളങ്കിതനെ ക്ഷണിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിത്ഷായെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി നെഹ്‌റു ട്രോഫിയുടെ സകല കീഴ്‌വഴക്കങ്ങളും ലംഘിച്ചുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയത്.

ഇതിന്റെ ഞെട്ടലിലാണ് സംഘടാക സമിതിയായ എന്‍.ടി.ബി.ആര്‍ സൊസൈറ്റി. മുന്‍കാലങ്ങളില്‍ സംഘാടക സമിതി നിര്‍ദേശിക്കുന്ന ദേശീയ നേതാക്കളെയായിരുന്നു പരിപാടിയിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. എന്‍.ടിി.ബി.ആര്‍ സൊസൈറ്റിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടകയായി എത്തിക്കാനായിരുന്നു താല്‍പര്യം. രാഷ്ട്രപതി എത്തുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ഉദ്ഘാടകനാക്കാനായിരുന്നു ധാരണ. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരുപടി കൂടി കടന്ന് അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി നേരിട്ട് അമിത് ഷായെ ജലമേളയക്ക് ക്ഷണിച്ചത്.

ജലമേളയുടെ തലേദിവസമായ സെപ്തംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്റെ ദക്ഷിണ മേഖല യോഗത്തിന് ക്ഷണിക്കുന്നതിനൊപ്പമാണ് നെഹ്‌റുട്രോഫിക്കും കൂടിയുള്ള ക്ഷണം കഴിഞ്ഞ 23ന് അമിത്ഷാക്ക് മുഖ്യമന്ത്രി അയച്ചത്. നെഹ്‌റുട്രോഫിയുടെ ചരിത്രം വിശദീകരിച്ചുള്ള കത്തില്‍ പരിപാടി സ്ഥലത്തേക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമിത്ഷായെ ക്ഷണിച്ച നടപടിക്കെതിരെ വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് വിമര്‍ശനം.അതേസമയം അമിത്ഷായുടെ വരവ് ഉറപ്പായ നിലയിലുള്ള ക്രമീകരണങ്ങളാണ് ആലപ്പുഴയിലും വള്ളംകളി നടക്കുന്ന പുന്നമടയിലും പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണ മുന്നൊരുക്കങ്ങള്‍ പുന്നമടകായലില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഇന്നലെ നേരിട്ടെത്തി പരിശോധിച്ചു. കലക്റ്റര്‍ വി.ആര്‍ കൃഷ്ണാ തേജ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവര്‍ക്കൊപ്പമായിരന്നു പരിശോധന.

Continue Reading

Indepth

നീതി ദേവത-പ്രതിഛായ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്.

Published

on

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്. രാജ്യത്തെ നിയമ പരിഷ്‌കാരത്തിനായി നെഹ്‌റു ഭരണകൂടം രൂപവല്‍കരിച്ച ആദ്യ ലോ കമ്മീഷന്റെ ചെയര്‍മാനായിരുന്നു ടീസ്റ്റയുടെ മുത്തച്ഛനും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന എം.സി സെതല്‍വാദ്. അദ്ദേഹത്തിന്റെ പേരമകള്‍ ലോകമറിയുന്ന മനുഷ്യാവകാശ പോരാളിയായതില്‍ അത്ഭുതത്തിന് വകയില്ല. മുംബൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു പിതാവ് അതുല്‍ സെതല്‍വാദും. നോംചോംസ്‌കിയെ പോലുള്ള ലോകത്തെ അത്യുന്നത ചിന്തകരും ബുദ്ധിജീവികളും ടീസ്റ്റയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സുപ്രീംകോടതിക്ക് കത്തെഴുതിയിരിക്കുന്നത്. മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ ബഹുമതി. ഇന്ത്യയില്‍ ഫാസിസം വന്നോ, ഇല്ലെയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ മഹതിയെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അഴിക്കുള്ളിലിട്ടത്. കുറ്റം ഗുജറാത്ത് കലാപത്തിലെ ഇരകളായ നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്! ടീസ്റ്റ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാകുന്നത് 2002 മുതല്‍ക്കാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കും മറ്റുമെതിരെ കോടതികളില്‍നിന്ന് കോടതികളിലേക്ക് കേസുകെട്ടുകളുമായി പായുകയായിരുന്നു ഇരകള്‍ക്കൊപ്പം ടീസ്റ്റ എന്ന 60കാരി. എന്നാല്‍ ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയവരില്‍പെടുത്തിയാണ് മോദിയും കൂട്ടരും മുന്‍ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനൊപ്പം ടീസ്റ്റയെയും തുറുങ്കിലിലടച്ചത്. ‘മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ നേരിട്ടുള്ള ആക്രമണം’ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറസ്റ്റിനെ വിശേഷിപ്പിച്ചത്. നീതിക്കുവേണ്ടി പോരാടിയവരുടെ ഇതിഹാസമാണ് പുരാണത്തിലെ ദുര്‍ഗയുടെയും സീതയുടെയും പാഞ്ചാലിയുടേതുമെന്നതിനാല്‍ ആധുനിക സീതയുടെ പരിവേഷമാണ് ടീസ്റ്റക്ക്. അമ്മയുടെ പേരിലുമുണ്ട് സീത.

2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല എന്ന കുപ്രസിദ്ധ ഭരണകൂട ഭീകരതക്കിരയായി കോണ്‍ഗ്രസ് എം.പി ഇഹ്്‌സാന്‍ ജാഫ്രിയടക്കം കൊലചെയ്യപ്പെട്ടതിന് നീതിതേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫ്രിയുള്‍പ്പെടെ കോടതിയെ സമീപിച്ചത്. കേസില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റും സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതിന് തൊട്ടുപിറ്റേന്നായിരുന്നു ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്. മോദി വിളിച്ചുചേര്‍ത്ത 2002ലെ പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോദ്ര സംഭവത്തിന് ‘ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍വിടണ’മെന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചുവെന്നാണ് ടീസ്റ്റയും കൂട്ടരും വാദിച്ചത്. പരാതിയില്‍ മന്ത്രിമാരടക്കം 62 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ പ്രത്യേകാന്വേഷണസംഘം പക്ഷേ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതാണ് ടീസ്റ്റയും മറ്റും സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്. ഇതാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതും. പ്രതികളെ കുറ്റവിമുക്തമാക്കുമ്പോള്‍ പരാതിക്കാരെ കേട്ടില്ലെന്നാണ് കോടതിക്കെതിരായി ഉയര്‍ന്നിരിക്കുന്ന മുഖ്യപരാതി. ലോകത്തെ വിവിധ ഉന്നത സര്‍വകലാശാലകളിലെ അത്യുന്നത പ്രൊഫസര്‍മാരും ബ്രിട്ടീഷ് ജനപ്രതിനിധിയും അടക്കമാണ് കഴിഞ്ഞദിവസം ‘സഹമത്’ എന്ന സംഘടന പുറത്തിറക്കിയ ടീസ്റ്റയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് കാണാതിരിക്കാന്‍ ഇന്ത്യന്‍ നീതിപീഠത്തിന് കഴിയില്ല. വരുന്ന 22നാണ് സുപ്രീംകോടതി ഇവരുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഭാവി ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെയാണ് കേസ് വരുന്നത്.

കുടുംബ പാരമ്പര്യം കാക്കാനായി നിയമം പഠിക്കാന്‍പോയെങ്കിലും ഫിലോസഫിയിലാണ് ബിരുദമെടുത്തത്. 1983ല്‍ പത്രപ്രവര്‍ത്തകയായി. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമെന്ന നിലയില്‍ ഒട്ടനവധി കേസുകളാണ് ടീസ്റ്റ ഇതിനകം കോടതികളുടെ മുമ്പിലെത്തിച്ചിട്ടുള്ളത്. മുസ്്‌ലിംകളുടേതാണ് ഇവയില്‍ പലതും. കോര്‍പറേറ്റുകളുടെ ഭക്ഷ്യവസ്തുക്കളിലെ മായത്തിനെതിരെയും പോരാടുന്നു. ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി’ന്റെ സെക്രട്ടറിയും ‘കമ്യൂണലിസം കോംപാക്ട്’ മാസികയുടെ സ്ഥാപകപത്രാധിപരും. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും ബിസിനസ് ഇന്ത്യയിലും ജോലി ചെയ്യുന്നതിനിടെയാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിവാങ്ങിക്കൊടുക്കാനായി ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിറങ്ങിയത്. 2007ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഗുജറാത്ത്-മേക്കിംഗ് ഓഫ് എ ട്രാജഡി, രക്ഷകര്‍ ചതിക്കുമ്പോള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതി. സമാനമേഖലയിലെ പോരാളി ജാവേദ് ആനന്ദാണ് ഭര്‍ത്താവ്. മകനും മകളുമുണ്ട്.

Continue Reading

Trending