കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നുവേണ്ട സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേര്‍ക്ക് രക്തപങ്കില കഠാരകളുമായി നിരന്തരംപാഞ്ഞടുക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഭരിക്കുമ്പോഴെങ്കിലും കൊലവിളി നിലയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആരംഭിച്ച കൊലപാതക പരമ്പരയുടെ പത്താമത്തെ കണ്ണിയാണ് കണ്ണൂരിലെ എടയന്നൂരില്‍ അതിപൈശാചികമായി കൊല ചെയ്യപ്പെട്ട മുപ്പതുകാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ്. സി.പി.എമ്മിന്റെ കൊലയാളികളോട് ഈ സുമുഖനായ യുവാവ് ചെയ്ത തെറ്റെന്തെന്നോ, കുട്ടി സഖാക്കളില്‍ നിന്ന് കെ.എസ്.യു പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെട്ടത്. പാര്‍ട്ടി കോടതി വിധിച്ച് സര്‍ക്കാര്‍ജയിലില്‍വെച്ച് നടക്കാതെപോയ കൃത്യം കിറുകൃത്യം നിര്‍വഹിച്ചത് ജീവന്‍ രക്ഷിക്കാന്‍ നാടുവിട്ട് പോകുന്നതിന്റെ തലേന്ന്്. മതേതരത്വത്തെക്കുറിച്ചും ജനാധിത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമൊക്കെ സമൂലാദി വമ്പുപറയുന്ന സഖാക്കള്‍ക്ക് രക്തം പഥ്യമാകുന്നതിനെതിരെ സാംസ്‌കാരിക കേരളത്തിലുയര്‍ന്നിട്ടുള്ള ഓരോ പ്രതിഷേധ സ്വരങ്ങളും ഈ കമ്യൂണിസ്റ്റ് കാപാലികരുടെ ബധിര കര്‍ണങ്ങളില്‍ മാത്രമേ പതിക്കുന്നുള്ളൂ. കൊലയില്‍ ആര്‍.എസ്.എസ്സുമായി അന്യോന്യം കളിക്കുകയാണ് സി.പി.എം പാര്‍ട്ടി.
മൂന്നുകുഞ്ഞുപെങ്ങന്മാരുടെ അത്താണിയായ പ്രവാസി യുവാവ് ജനാധിപത്യത്തിലും സമാധാനത്തിലും അടിയുറച്ച് വിശ്വസിക്കുന്നൊരു പാര്‍ട്ടിയുടെ യുവനേതാവായി എന്നതാണ് മാര്‍ക്‌സിസ്റ്റ് രാക്ഷസന്മാരെ മുപ്പത്തേഴുവെട്ടുവെട്ടി ആ ഇളം ജീവന്‍ കവരാന്‍ പ്രേരിപ്പിച്ചതത്രെ. മത ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് ആണയിടുന്നവരുടെ കൈക്കരുത്തില്‍ തന്നെയാണ് ഓരോ മുസ്്‌ലിം യുവാക്കളും മാസങ്ങളുടെ ഇടവേളകളില്‍ പിടഞ്ഞുവീണ് മരിക്കുന്നത്. വടകരയില്‍ സി.പി.എം വിട്ടതാണ് ചന്ദ്രശേഖരന്‍ എന്ന മുന്‍ സി.പി.എം സഖാവ് ചെയ്ത കുറ്റമെങ്കില്‍, അരിയില്‍ ഷുക്കൂറിനും ഫസലിനും ശുഹൈബിനുമൊക്കെ എതിരായത് സ്വന്തം ആശയങ്ങളും ആദര്‍ശവും ഈ കശ്മലന്മാര്‍ക്ക് പണയം വെച്ചില്ലെന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാളിലായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തില്‍ സി.പി.എമ്മുകാരനായ രവീന്ദ്രന്‍ ആര്‍.എസ്.എസ്സുകാരാല്‍ കൊല ചെയ്യപ്പെട്ടത്. വാഹനാപകടത്തിലാണ് മരണം എന്നായിരുന്നു ബി.ജെ.പിക്കാരുടെ വിശദീകരണം. സി.പി.എമ്മുകാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ കത്തിതാഴെ വെക്കില്ലെന്നുള്ള തുറന്ന സന്ദേശമായിരുന്നു രവീന്ദ്രന്‍ വധം. അന്നുമുതല്‍ നൂറിലധികം പേരാണ് അതിമാരകമായി ജില്ലയില്‍ ആക്രമിക്കപ്പെട്ടത്. പത്തു പേര്‍ കാലയവനികപൂകി. എണ്ണമറ്റ മനുഷ്യജീവിതങ്ങള്‍ ജീവച്ഛവങ്ങളായി ആതുരാലയങ്ങളിലും വീടുകളിലുമായി നാളെണ്ണിക്കഴിയുന്നു. അനാഥ കുരുന്നുകളുടെയും അമ്മ പെങ്ങന്മാരുടെയും കണ്ണീര്‍ചാലുകള്‍ കണ്ണൂരിന്റെ പര്യായമായി. ഒന്നേമുക്കാല്‍ കൊല്ലത്തിനിടെ കണ്ണൂരില്‍ കൊലക്കത്തികള്‍ക്കിരയായവര്‍ ആറ് ആര്‍.എസ്.എസ്സുകാരും രണ്ട് സി.പി.എമ്മുകാരും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും. ഇവയില്‍ സി.പി.എമ്മുകാര്‍ പ്രതികളായത് അഞ്ചു കേസുകളിലാണെന്നത് ഭരിക്കുന്നവരുടെ നിലപാടിന്റെ സൂചനയാണ്. രണ്ടു കേസുകളില്‍ ബി.ജെ.പിക്കാരാണ് പ്രതികള്‍.
ഈ കണക്കുകള്‍ക്കുമുന്നില്‍ തങ്ങള്‍ക്കും പ്രവര്‍ത്തകരെ നഷ്ടപ്പെടുന്നുണ്ടല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് സഖാക്കള്‍ക്ക് പറയാനുള്ളത്. തങ്ങളല്ല ഈ കൊലപാതകങ്ങളെല്ലാം നിര്‍വഹിച്ചതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും അകമേ അവര്‍ഒരു സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നു: സി.പി.എം ധാര്‍ഷ്ട്യത്തെ ഒരാളും ചോദ്യം ചെയ്യേണ്ട. കൗതുകകരവും അതേസമയം അതീവ ഭീതിജനകവുമാണ് ഇവ്വിഷയത്തിലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇരട്ടത്താപ്പ്. ശുഹൈബ് വധത്തിന് ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പിണറായിയുടെ പൊലീസ് സേനക്ക് കുറ്റകൃത്യത്തിന് ഉപയോഗിച്ചവര്‍ പോയ വഴി പോലും തിരയാന്‍ സമയം കിട്ടിയത് എന്നിടത്താണ് നമ്മുടെ ജനായത്ത വ്യവസ്ഥിതിയുടെ പരിമിതി കിടക്കുന്നത്. പ്രതികളെക്കുറിച്ച് ഇനിയും തെളിവു കിട്ടിയിട്ടില്ലെന്ന് പൊലീസ് കൈമലര്‍ത്തുന്നത് പാര്‍ട്ടി ഓഫീസിലെയും സെക്രട്ടറിയേറ്റിലെയും ഇംഗിതത്തിനൊപ്പിച്ചാണെന്ന് അറിയാന്‍ വലിയ പൗരബോധമൊന്നും ആവശ്യമില്ല. കണ്ണൂരിലെ കൊലവിളിക്കെതിരായി കേരളമൊട്ടാകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മുറവിളികള്‍ക്കിടെ നമ്മുടെ മുഖ്യമന്ത്രി ഇറക്കിയ മഹാമനസ്‌കത സ്ഫുരിക്കുന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് നമുക്കൊക്കെ ആദര്‍ശ രാഷ്ട്രീയത്തിന് റാന്‍മൂളാം. ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ ഗാനരംഗത്തിനെതിരെ മറ്റൊരു സംസ്ഥാനത്ത് ആരോനല്‍കിയ കേസില്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ കര്‍ത്തവ്യബോധം ഛര്‍ദിക്കുകയായിരുന്നു ഒരു മുഖ്യമന്ത്രി. ശുഹൈബോ ഷുക്കൂറോ ശ്യാമപ്രസാദോ വിനീഷോ ധന്‍രാജോ മോഹനനോ ഒന്നും ഈ ആവിഷ്‌കാര വാദിക്ക് പ്രശ്‌നമല്ല; സ്വന്തം ഇരിപ്പിടം ഏതുവിധേനയും സംരക്ഷിക്കണമെന്നല്ലാതെ.
കഴിഞ്ഞ പതിനേഴു കൊല്ലത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയത്തിന്റെ മറവില്‍ കൊല്ലപ്പെട്ടത് 61 പേരാണ്. അതില്‍ 25 പേര്‍ മാത്രമാണ് സി.പി.എമ്മുകാര്‍. യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ നടുപ്പാടത്തുവെച്ച് കൊല ചെയ്യുംമുമ്പ് ചെങ്കൊടിയുടെ താഴെയിരുന്ന് എം.എം.എസിലൂടെ ഷുക്കൂറിന്റെ ഫോട്ടോ കൊലയാളികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു കണ്ണൂരിന്റെ ആരാച്ചാര്‍. വരമ്പത്ത് കൂലി നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പൊതുവേദിയില്‍കയറി കൊലവെറി മുഴക്കുമ്പോള്‍ പുരോഗമന കൈരളിയിലെ ഓരോ ചെറുപ്പക്കാരനും തന്റെ ജീവന്റെ നാളെണ്ണി കഴിയേണ്ട പതിത കാലമത്രെയിത്. ക്ലിഫ്ഹൗസിലും കലക്ടറാപ്പീസിലും മാധ്യമങ്ങളിലുമിരിക്കുന്ന സര്‍വകക്ഷി സമാധാനത്തിന്റെ വ്യാജ മിശിഹമാരുടെ മൂടുപടം തുറന്നു കാട്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ബാലറ്റിന്റെപേരില്‍ അതെല്ലാം സഹിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ കണ്ണൂരിന്റെ പാപ ഭാരമെല്ലാം ഒരു ജില്ലാസെക്രട്ടറിയുടെ തലയില്‍ കയറ്റിവെച്ച് സ്വന്തം കഴിവുകേട് മാലോകരോട് വിളിച്ചുപറയാന്‍ സി.പി.എം നേതൃത്വം മുന്നോട്ടുവരണം. ഗോവാദികളോട് ‘തന്റെ നേര്‍ക്ക് വെടിവെക്കൂ’ എന്ന തള്ള് പോലൊന്നെങ്കിലും വിജയനില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു. അതുമില്ലെങ്കില്‍ ആ കസേര മറ്റാര്‍ക്കെങ്കിലും ഒഴിഞ്ഞുകൊടുക്കണം.