എ.എ വഹാബ്

നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു. നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നിച്ച് നോമ്പ് അനുഷ്ഠിക്കുമ്പോള്‍ നന്മകള്‍ വര്‍ധിപ്പിക്കാനും തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനും ഒരു സാമൂഹികാന്തരീക്ഷം സംജാതമാണ്. വ്രതകാലം കഴിയുമ്പോള്‍ ആ ആനുകൂല്യം ഉണ്ടാവില്ല. ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വിശ്വാസിയെ കബളിപ്പിച്ച് പിശാച് ദേഹേച്ഛകളുടെ പിന്നാലെ നയിക്കും. അതുവഴിയുണ്ടാകുന്ന ദുഷ്‌കര്‍മങ്ങള്‍ ചെയ്തു തീര്‍ത്ത സല്‍കര്‍മ്മങ്ങളുടെ പ്രതിഫലത്തെ പാഴാക്കിക്കളയും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഖുര്‍ആന്‍ സത്യവിശ്വാസികളെ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്.
പ്രവാചകന്റെ ആദ്യകാല അനുയായികളില്‍ സത്യവിശ്വാസത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയാത്തവരും അതിന്റെ സംസ്ഥാപനത്തിനായി ത്യാഗം വരിക്കാന്‍ കഴിയാത്തവരുമായി ചിലരെങ്കിലും ഉണ്ടായിരുന്നു. അവന്‍ വിശ്വസിച്ചിരുന്നത് സത്യവിശ്വാസം സ്വീകരിച്ചാല്‍ ചില കുറ്റങ്ങള്‍ ചെയ്താലും കുഴപ്പമില്ല. എല്ലാ സല്‍കര്‍മങ്ങളും സ്വീകരിക്കപ്പെടും. സത്യവിശ്വാസം ഇല്ലെങ്കില്‍ ഒരു സല്‍കര്‍മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതൊഴികെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന വചനം അവതരിപ്പിച്ചപ്പോള്‍ അത്തരം വന്‍പാപങ്ങള്‍ ചെയ്തു പോയവരുടെ കാര്യത്തില്‍ മാത്രമേ ഭയക്കേണ്ടതുള്ളുവെന്നും അതൊന്നും ചെയ്യാത്തവരുടെ കാര്യത്തില്‍ ഏറെ പ്രത്യാശയുമാണ് അവര്‍ പുലര്‍ത്തിയിരുന്നത്.
ആ പശ്ചാത്തലത്തിലാണ് അല്ലാഹു അവതരിപ്പിച്ചത് ‘സത്യവിശ്വാസികളെ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാവാതെ നോക്കുക’ (47:33) ഈ വചനങ്ങള്‍ സത്യസന്ധരായ സത്യവിശ്വാസികളില്‍ ഏറെ ഭയം ഉളവാക്കി. ഇബ്‌നു ഉമറും ഇമാം അഹ്മദ് ബിന്‍ നസ്വറും ഇതുസംബന്ധിച്ച് പരാമര്‍ശങ്ങള്‍ നല്‍കുന്നു. എല്ലാ വാക്കും കര്‍മവും സൂക്ഷിക്കണമെന്ന് അവര്‍ക്ക് ബോധ്യമായി. മറിച്ചായാല്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോകും. ആ ചിന്താഗതി അവരുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി. നിഷേധിക്കുകയും ദൈവമാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുകയും അവിശ്വാസികളായിത്തന്നെ മരിച്ചുപോകുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കുകയില്ലെന്നും തൊട്ടുടനെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും വിലയിരുത്താനും ശരിയാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആ സൂക്തം ഏറെ ഉപകരിച്ചു.
ഖുര്‍ആന്‍ തുടര്‍ന്നു പറയുന്നത് സത്യനിഷേധികളുടെ മര്‍ദ്ദനങ്ങളും പീഢനങ്ങളും അടിച്ചുപൊളിക്കുന്ന ആഹ്ലാദവും കണ്ട് സത്യവിശ്വാസികള്‍ ദുര്‍ബലരാവാതിരിക്കണം എന്നാണ്. അല്ലാഹു കൂടെയുണ്ട്. സത്യവിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍. സംസ്‌കാരത്തിലും അറിവിലും അന്തസ്സിലും പ്രതാപത്തിലും സത്യവിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍. അക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. സ്വന്തം സ്ഥാനം മറന്ന് സത്യവിശ്വാസികള്‍ അക്രമികളെ സന്ധിക്ക് ക്ഷണിക്കുന്നത് സത്യവിശ്വാസത്തിന്റെ പ്രകൃതത്തിന് അപമാനകരമാണ്. അല്ലാഹു എല്ലാവരുടെയും പ്രവര്‍ത്തനങ്ങളും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നവനാണ്. അതിനാല്‍ സത്യവിശ്വാസികളെ മാര്‍ഗദര്‍ശനം ചെയ്തുകൊണ്ടും സഹായിച്ചുകൊണ്ടും രക്ഷപ്പെടുത്തിക്കൊണ്ടും അവര്‍ക്ക് വേണ്ടി പ്രതിരോധിച്ചു കൊണ്ടും അല്ലാഹു എപ്പോഴും കൂടെയുണ്ടാവും. എവിടെ എപ്പോള്‍ എന്തു ചെയ്യണമെന്ന് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. ഈ ബോധം സത്യവിശ്വാസ മനസ്സുകളില്‍ ദൃഢപ്പെടുത്താനാണ് ഖുര്‍ആന്‍ ഈ വിധം കാര്യങ്ങള്‍ വിവരിക്കുന്നത്.
ഈ ലോക ജീവിതത്തിന്റെ ഹൃസ്വതയും പൊങ്ങച്ചവും തുറന്നു കാട്ടാനാണ് പരലോകവുമായി തട്ടിക്കുമ്പോള്‍ ഇഹലോക ജീവിതം തമാശപോലെയാണെന്ന് പരാമര്‍ശിച്ചത്.
അടിപതറാതെ സത്യത്തില്‍ ഉറച്ചു നിന്ന് നിഷേധികളുടെ നിഗളിപ്പ് അവഗണിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം അല്ലാഹു പൂര്‍ത്തിയാക്കി കൊടുക്കും എന്ന സമാശ്വാസ വാഗ്ദാനവും പിന്‍കുറിയായി ഇവിടെ ചേര്‍ത്തിട്ടുണ്ട്.
ഈ സത്യത്തിലേക്ക് വഴി തെളിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് അല്ലാഹു മനുഷ്യരോട് കാശൊന്നും ചോദിക്കുന്നില്ല എന്ന് എടുത്ത് പറയുന്നുണ്ട്. കാശ് ചോദിച്ചാല്‍ മനുഷ്യമനസ്സിന്റെ ദൗര്‍ബല്യം പുറത്തുവരും എന്നു കൂടി പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു തന്ന ധനത്തില്‍ നിന്ന് അവന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ പറയുമ്പോള്‍ പിശുക്കു കാണിക്കുന്നത് സ്വന്തത്തോട് തന്നെയാണ്.
അല്ലാഹു പരാശ്രയ രഹിതനാണ്.മറ്റുള്ളവരെല്ലാം അല്ലാഹുവിനെ ആശ്രയിച്ചാലേ നിലനില്‍ക്കുകയുള്ളു. ഇതൊക്കെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ പിന്തിരിഞ്ഞു പോകുന്നവരെ നിഷ്‌കാസം ചെയ്തു നിങ്ങളെപ്പോലെയല്ലാത്ത മറ്റൊരു ജനതയെ അല്ലാഹു പകരം കൊണ്ടുവരും എന്ന ശക്തമായ താക്കീതും ഒടുവില്‍ അല്ലാഹു നല്‍കുന്നുണ്ട്. സമകാലിക സത്യവിശ്വാസികളെ ഗൗരവമായി ചിന്തിപ്പിക്കേണ്ട ഒരു ഖുര്‍ആന്‍ വചനമാണത്.