റവാസ് ആട്ടീരി

ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനുമിടയില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഏകാധിപത്യം അതിനോടു എതിരിടുന്നവരെ മാത്രമെ തകര്‍ക്കുകയുള്ളൂ. ഫാസിസം അങ്ങനെയല്ല. അതിന്റെ ആക്രമണ രീതി ഒരുതരം ‘ലോജിക്’ ആണ്. തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെ എല്ലാം എതിരാളികളായി കണക്കാക്കി എളുപ്പത്തില്‍ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്ന വിസ്‌ഫോടനാത്മകത ഫാസിസത്തിനുണ്ട്. എന്നാല്‍ ഇവ രണ്ടും ഇഴചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യന്‍ സവര്‍ണാധികാര വ്യവസ്ഥിതിയുടെ വിഭ്രാന്തിയാണ് ഇന്നു നാം കാണുന്നതും കേള്‍ക്കുന്നതും. ഗാന്ധിജിയുടെ ഇടനെഞ്ചില്‍ തുളച്ചുകയറിയ നാഥൂറാം വിനായക് ഗോഡ്‌സെയുടെ വെടിയുണ്ടയുടെ അതേ ഇരമ്പം മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ദലിത് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്ത ബി.ജെ.പി നേതാവ് രാജേന്ദ്ര സിങ് ചൗഹാന്റെ തോക്കിന്‍ മുനമ്പിലും മുഴങ്ങിയിരുന്നു. ‘ഗാന്ധിസം’ പേടിച്ചിരുന്ന പഴയ ഫ്യൂഡല്‍ ഫാസിസ്റ്റുകളില്‍ നിന്ന് ‘ദലിതിസം’ പേടിക്കുന്ന പുതിയ ക്യാപിറ്റല്‍ ഫാസിസ്റ്റുകളിലേക്കുള്ള പരിണാമത്തിന്റെ പരിണിത ഫലമാണ് പ്രക്ഷോഭകര്‍ക്കു നേരെയുള്ള വെടിവെപ്പ്. നൂറുകണക്കിന് ഉപജാതി സമൂഹങ്ങളെ പൊതുപ്ലാറ്റ്‌ഫോമില്‍ ഏകീകരിച്ച് നിര്‍ത്താന്‍ ‘ദലിത്’ സംജ്ഞയിലൂടെ സാധ്യമാകുന്നുവെന്ന തിരിച്ചറിവാണ് സംഘ്പരിവാറിനെ പേടിപ്പെടുത്തുന്നത്. ഏപ്രില്‍ രണ്ടിന് ഭാരത് ബന്ദിനോടനുബന്ധിച്ച് ദളിത് സംഘടനകള്‍ നടത്തിയ മാര്‍ച്ചിലെ

വെടിവെപ്പ് കൈയബദ്ധമോ കരുതിക്കൂട്ടിയല്ലാത്ത യാദൃച്ഛികതയൊ അല്ലെന്നു കരുതാനാണ് സംഘ്പരിവാറിതര വിചാരധാര നമ്മെ ചിന്തിപ്പിക്കുന്നത്. അതിന് മതിയായ കാരണങ്ങളും സാഹചര്യങ്ങളും സമീപകലാത്തു നിരവധിയാണ്. പെട്ടെന്നുള്ള വിഭ്രാന്തികളില്‍ നിന്ന് ഉടലെടുക്കുന്ന വിഹ്വലതകളല്ല ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ദലിത് സമരങ്ങളെ സംഹരിക്കുന്ന ശക്തികളില്‍ പ്രധാനി സംഘ്പരിവാറാണ്. പൂനെയില്‍ ദലിതര്‍ സംഘടിപ്പിച്ച ഭീമ-കൊറെഗാവ് യുദ്ധ വാര്‍ഷികത്തിനു നേരെ മറാത്ത പൊലീസ് ആക്രമണം അഴിച്ചുവിട്ടതിന്റെ ആധി തീരുംമുമ്പാണ് ഗ്വാളിയോറിലെ വെടിവെപ്പ് വാര്‍ത്ത ആശങ്ക വിതച്ചത്. 1818ല്‍ ഉന്നത ജാതിക്കാരനായ നാട്ടുരാജാവുമായി നടന്ന യുദ്ധത്തില്‍ ദലിത് സൈനികര്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സൈന്യം വിജയം വരിച്ചതിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ യുദ്ധ സ്മാരകത്തിനു സമീപംവച്ചാണ് മൂന്നു ലക്ഷത്തോളം വരുന്ന ദലിതരെ സംഘ്പരിവാര്‍ പ്രഭൃതികള്‍ ക്രൂരമായി കല്ലെറിഞ്ഞ് ഓടിച്ചത്. വാഹനങ്ങള്‍ തച്ചുതകര്‍ത്തും അസഭ്യം വിളിച്ച് ആക്ഷേപിച്ചും അഴിഞ്ഞാടിയ അക്രമകാരികള്‍ക്ക്് മറാത്ത പൊലീസ് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്നത് കാണാമായിരുന്നു. കഴിഞ്ഞ 199 വാര്‍ഷികാചരണങ്ങളും ഒരു കുഴപ്പവുമില്ലാതെ നടന്ന മറാത്തയിലെ സവര്‍ണരെ മൂന്ന് മാസം മുമ്പ് നടന്ന 200-ാം വാര്‍ഷികം എങ്ങനെ അലോസരപ്പെടുത്തി എന്നത് ഏറെ ഗവേഷണത്തിന് വിധേയമാക്കാതെ തന്നെ ബോധ്യപ്പെടും.

കൊറെഗാവ് യുദ്ധ വാര്‍ഷിക ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. പക്ഷേ, അവര്‍ വി.എച്ച്.പിയിലോ ശിവസേനയിലോ ആര്‍.എസ്.എസിലോ അംഗങ്ങളല്ല. സ്വത്വ സംരക്ഷണത്തിനായി സ്വന്തമായി സംഘടിക്കുന്ന മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിനു ദലിതര്‍ ഇന്നുവരെ സംഘ്പരിവാറിന്റെ സോപാന സേവകരായി കടന്നുവന്നിട്ടില്ല. പിന്നെ എങ്ങനെയാണ് അവരെ ഹിന്ദുക്കളായി തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് കാണാനാവുക? അതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ കലാപം സൃഷ്ടിക്കാന്‍ ദലിതര്‍ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മറയാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ സമരക്കാരെ തല്ലിച്ചതച്ചത്. ചില ഹിന്ദുമത ഗ്രൂപ്പുകളാണ് കലാപത്തിന് വിത്ത് പാകിയതെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇവരുടെ ശ്രമമെന്നും ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ഇളയ മകന്‍ പ്രകാശ് അംബേദ്ക്കര്‍ ഇവ്വിഷയത്തില്‍ നിലപാടറിയിച്ചിരുന്നു. സവര്‍ണരുടെ അങ്കലാപ്പിന്റെ അനന്തരമാണ് മറാത്തയിലെ കലാപമെന്ന് ബോധ്യപ്പെടുന്നതിന് മറ്റു പല കാരണങ്ങളുമുണ്ട്. ഈ വാര്‍ഷികാചരണത്തിന്റെ തൊട്ടുമുമ്പ് ഡിസംബറിലായിരുന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. നിസാര വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തീവ്ര ഹിന്ദുത്വത്തിന്റെ ‘തറവാട്ടില്‍’ ബി.ജെ.പിക്ക് ‘തടി’കിട്ടിയത്. ദലിത് യുവ നേതാവ് ജിഗ്നേഷ് മേവാനി ബി.ജെ.പി സ്ഥാനാര്‍ഥിയെ നിലംപരിശാക്കിയതും ദലിത് കോട്ടകളില്‍ ബി.ജെ.പിയുടെ വോട്ട് കുത്തനെ കുറഞ്ഞതും ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സവര്‍ണ ഫാസിസ്റ്റുകളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭം മധ്യപ്രദേശിലെ ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നതിന്റെ അണിയറ രഹസ്യവും ഇതുതന്നെയാണ്. ലക്ഷക്കണക്കിന് ദലിതര്‍ ഒരു കൊടിക്കുകീഴില്‍ ഒത്തുചേര്‍ന്നതില്‍ കണ്ണു മഞ്ഞളിച്ച സംഘ്പരിവാറിന്റെ സ്വാഭാവിക പ്രതിരോധത്തിന്റെ ക്രൂരമുഖമാണ് ഗ്വാളിയോറില്‍ കണ്ടത്. മൂന്നു പതിറ്റാണ്ടായി മുഖ്യമന്ത്രിയായി വാഴുന്ന ശിവരാജ് സിങ് ചൗഹാന് അടുത്ത തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നു നന്നായറിയാം. അഞ്ചു തീവ്ര ഹിന്ദു സന്യാസിമാരെ സഹമന്ത്രിമാരാക്കി അധികാരത്തില്‍ പ്രതിഷ്ഠിച്ചതിന്റെ പൊരുളിതാണ്. തീവ്ര ഹിന്ദുത്വത്തിനു കടന്നുചെല്ലാനിടമില്ലാത്ത ദലിത് കോട്ടകളെ ഛിന്നഭിന്നമാക്കുകയും അവര്‍ക്കിടയിലെ അരക്ഷിതരെ തങ്ങളുടെ അടിമകളാക്കി വളര്‍ത്തുകയും ചെയ്യുക കുടിലതന്ത്രമായി ഗ്വാളിയോറിലെ വെടിവെപ്പിനെ വ്യാഖ്യാനിക്കാം. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും നടന്ന ദലിത് വേട്ടകള്‍ ഈ നാടകാവിഷ്‌കാരത്തിന്റെ മറ്റു പതിപ്പാണ്. ഇന്ത്യയിലെ വലിയ ശതമാനം വരുന്ന ദലിതര്‍ പരിവാര്‍ രാഷ്ട്രീയത്തിന്റെ പിന്നില്‍ അണിനിരക്കണമെന്ന തീവ്രമായ അഭിലാഷം പൂവണിയാത്തതിന്റെ പരിഭവമാണ് അവരിപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ തീവ്ര ഹിന്ദുത്വത്തിന്റെ ഉപകരണങ്ങളായി വര്‍ത്തിച്ചിരുന്ന ദലിത് ക്യാമ്പുകളില്‍ പലതും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംഘ്പരിവാറിന്റെ ഇരകളുടെ അറകളായി മാറിയതിന്റെ വിചിത്ര യാഥാര്‍ഥ്യം പേടിയില്‍ നിന്നും ഉടലെടുത്ത പരിണാമത്തിന്റെ പുതിയ പാഠമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങിലെല്ലാം ഇത് പ്രകടമാണ്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിന്റെ മൂര്‍ത്തീഭാവമാണ് കണ്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയില്‍ ദലിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ സംഭാവന ചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് ദലിതര്‍ക്കെതിരെയുള്ള ക്രൂരമായ മര്‍ദനങ്ങളുടെ കഥകളധികവും പുറത്തുവരുന്നത്.

പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ച് ഗുജറാത്തിലെ തീവ്ര ഹിന്ദുക്കള്‍ ദലിത് യുവാക്കളെ നടുറോട്ടില്‍ നിര്‍ത്തി ചാട്ടക്കടിക്കുന്ന ദൃശ്യം ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണംകെടുത്തിയതാണ്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് പിന്നീട് ഗുജറാത്തിന്റെ അതിരുകള്‍ ഭേദിച്ച് രാജ്യത്താകമാനം ദലിത് പ്രക്ഷോഭങ്ങളുടെ ഊര്‍ജമായി പരിണമിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ദലിതര്‍ അധികാരത്തിന്റെ ദൃംഷ്ടങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടി ജീവിക്കുന്നത്. ദലിതര്‍ മാംസാഹാരികളും സവര്‍ണ ജീവിതരീതികള്‍ പിന്തുടരാത്തവരും പരമ്പരാഗതമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുമാണ്. സംഘ്പരിവാറിന്റെ ഗോഭക്തിയും സവര്‍ണ ഫാസിസവും അവര്‍ക്കന്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളെയല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ദലിതരെ അവരുടെ ജീവിത ശീലങ്ങളില്‍ നിന്ന് അകറ്റുക എന്ന നിഗൂഢതകൂടി ഇതിനു പിന്നിലുണ്ട്. ‘ഗോ ബ്രാഹ്മണേദ്യോ ശുഭമസ്തുനിത്യം’ (ബ്രാഹ്മണര്‍ക്കും പശുക്കള്‍ക്കും നിത്യവും നല്ലതുവരട്ടെ) എന്ന സവര്‍ണ താത്പര്യത്തില്‍ നിന്ന് ദലിതരെ മാറ്റിനിര്‍ത്തിയ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ നീങ്ങുന്ന സംഘ്പരിവാറിന് എങ്ങനെ ദലിത് സ്‌നേഹത്തെ പ്രയോഗവത്കരിക്കാന്‍ കഴിയും? ഈ ഉത്കണ്ഠയുടെ കരിനിഴലിലാണ് ഇന്ത്യയിലെ ദലിത് സമൂഹം ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നത്.

ദലിത് പീഡന വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ ഇടപെടല്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ കുത്സിത നീക്കങ്ങളുടെ ഭാഗമായി കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഇക്കാരണങ്ങളാണ്. മോദി അധികാരത്തില്‍ വന്നതോടെ ശവക്കുഴിയില്‍ നിന്ന് എഴുന്നേറ്റുവന്ന ജീര്‍ണ ഫ്യൂഡല്‍ ഫാസിസം പേടിച്ചു പേടിച്ച് പരിണമിച്ച് ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളെ കൊന്നുകൂട്ടിയിട്ട് അതിനു മേല്‍ ആനന്ദനൃത്തം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ്, രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്, മതേതര ചേരികള്‍ എല്ലാം മറന്ന് ഒന്നിക്കുന്നത്. ഇവയെല്ലാം പ്രധാനമന്ത്രിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം മീതെയാണ് ദലിതരുടെ ഉശിരും ഉയിര്‍ത്തെഴുന്നേല്‍പും നല്‍കുന്ന പരിഭ്രാന്തി. ഇതു മറികടക്കാനുള്ള ആശയദാരിദ്ര്യമാണ് ബി.ജെ.പിയെയും സംഘ്പരിവാരത്തെയും തോക്കെടുപ്പിക്കുന്നത് എന്ന് വ്യക്തം.

നരേന്ദ്ര ധാബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരെല്ലാം ഫാസിസത്തിന്റെ വെടിയുണ്ടയുടെ വേദനയില്‍പുളഞ്ഞു പിടഞ്ഞുവീണു പരലോകം പുല്‍കിയവരാണ്. മുഹമ്മദ് അഖ്്‌ലാഖും ജുനൈദും സംഘ്പരിവാറിന്റെ അടിയുടെയും ആയുധത്തിന്റെയും മുറിവേറ്റ് മരിച്ചുവീണവരാണ്. രോഹിത് വെമുലമാരുടെ വേര്‍പാടുകളുടെ വിലാപങ്ങള്‍ ഇന്നും വിട്ടുമാറിയിട്ടില്ല. പുറമെ സെക്യൂലര്‍ ഫാസിസമെന്നു തോന്നിക്കുന്നവരുടെ വാക്കും വര്‍ത്തമാനവുമല്ല ഫ്യൂഡല്‍ ഫാസിസം തോക്കെടുത്ത് വെടിയുതിര്‍ക്കുന്ന ഉത്തരേന്ത്യയില്‍ എന്ന് രാജേന്ദ്ര സിങ് ചൗഹാന്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. മുന്നില്‍ ഭീഷണിയായി നില്‍ക്കുന്നവരെ ഒന്നൊന്നായി വെടിവെച്ചു തീര്‍ത്താലും ഫാസിസത്തിന്റെ പേടി തീരില്ലെന്നതാണ് സത്യം. ഓരോ വെടിയുണ്ടയെയും മറികടക്കാന്‍ മാത്രം മനസുള്ള മതേതരത്വത്തിന്റെ മഹാശക്തികള്‍ ഇനിയും രാജ്യത്ത് ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. വെടിയുണ്ടയുടെ രാഷ്ട്രീയം തിരിച്ചറിയുന്ന ഒരു ജനത ഈ രാജ്യത്തിന് കാവലുണ്ട്. സ്വതന്ത്ര ചിന്തയെ ഹനിക്കുന്ന ഫാസിസം, സംഘടിക്കുന്നവരെയും സമരം ചെയ്യുന്നവരെയും കൂച്ചുവിലങ്ങിടുന്ന ഫാസിസം, ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്ക് കല്‍പിക്കുന്ന ഫാസിസം, എന്ത് ധരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് കല്‍പ്പിക്കുന്ന ഫാസിസം, സമ്പാദിച്ചത് ചെലവഴിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് ആക്രോശിക്കുന്ന ഫാസിസം. ഇതിനെതിരെ ഇന്ത്യയൊന്നാകെ അലയടിച്ചുയരുന്ന വികാര വിക്ഷുബ്ധതയില്‍ അലിഞ്ഞില്ലാതെയാകാന്‍ പോകുന്ന പരിണാമമാണ് ഇനി ഫാസിസ്റ്റുകളെ കാത്തിരിക്കുന്നത്. ഇതൊന്നും തകര്‍ത്തെറിയാന്‍ മതിയാകില്ല മതേതരത്വത്തിന്റെ മാറിടത്തിലേക്കു ഫാസിസം ചൂണ്ടി നില്‍ക്കുന്ന തോക്കിന്‍ കുഴലുകള്‍.