Connect with us

Video Stories

കേരളം പൊള്ളുന്നു

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

കേരളം ഇങ്ങനെയും ഉണങ്ങിവരളുമെന്ന് കരുതാതിരിക്കാന്‍ മലയാളിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അനശ്വര പ്രതിഭാസങ്ങളെന്ന് അഹങ്കരിച്ച പച്ചപ്പുകളും നീര്‍ച്ചാലുകളും തണല്‍വിരിച്ച പ്രകൃതിയുമൊക്കെ നൂറ്റാണ്ടുകളായി കേരളത്തെ തണുപ്പില്‍ പൊതിഞ്ഞുനിര്‍ത്തിയിരുന്നു.
അതില്‍ പ്രധാനം സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരം തന്നെയായിരുന്നു. വരണ്ട ഭൂമിയിലൂടെ ജീവന്റെ കുടിനീരു തേടി നടക്കുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ കുറിച്ചൊക്കെ ഒരു പതിറ്റാണ്ടുമുമ്പുവരെയെങ്കിലും അതിശയോക്തിപരമായി നാം വായിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ കേരളം മരുഭൂമിക്ക് തുല്യമായ പരുക്കന്‍ ജീവിതത്തെയാണ് കാട്ടിത്തതരുന്നത്. സംസ്ഥാനത്തൊട്ടാകെ കുടിക്കാന്‍ ഒരിറ്റുവെള്ളമില്ലാതെ ജനം വലയുന്നു. പരിഹാരത്തിന്റെ പദ്ധതികളെയെല്ലാം അപ്രസക്തമാക്കി പ്രകൃതി ജീവജാലങ്ങളുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുകയാണ്.
സംസ്ഥാനത്തെ താപനില 41 ഡിഗ്രിക്കു മുകളിലേക്ക് ഉയരാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 41 ഡിഗ്രി ചൂട് ഒരുപക്ഷേ താങ്ങാനായേക്കും. താപനിലയുടെ സ്‌കെയിലില്‍ 41 രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. അതിനപ്പുറമായാല്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്നതാണ് ഈ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ ആശങ്ക പങ്കുവെച്ചു. എന്താണ് പരിഹാരം എന്ന് നാം പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നു. ഇത്രത്തോളം ഭയാനകമായ ഒരു സാഹചര്യത്തെ തരണം ചെയ്യേണ്ടത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കൊണ്ടാണ്. എന്നാല്‍ അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല.
40 ഡിഗ്രിയുമായി പാലക്കാടും 39.8 ഡിഗ്രിയുമായി തൃശൂരുമാണ് ഇപ്പോള്‍ വരള്‍ച്ചയുടെ രൂക്ഷത കൂടുതല്‍ അനുഭവിക്കുന്നത്. ഇവിടങ്ങളില്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. താപനില വര്‍ധിച്ച് 41 ഡിഗ്രി മറികടന്നാല്‍ സംസ്ഥാനത്ത് അപ്രതീക്ഷിതമായ നാശനഷ്ടങ്ങള്‍ക്ക് ഇടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
എന്നാല്‍ പ്രതീക്ഷയുടെ നേരീയ സാധ്യത ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന വേനല്‍മഴയാണ്. ഈ മാസങ്ങളില്‍ ഉയര്‍ന്നതോതിലുള്ള മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സംസ്ഥാനത്ത് ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിക്കുന്നുണ്ടെങ്കിലും ഉറപ്പില്ല. വരുംദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും വരള്‍ച്ച വ്യാപകമാകും. സംസ്ഥാനത്തൊട്ടാകെ ഒരേതരത്തിലുള്ള ഉഷ്ണമുണ്ടാകുന്നത് ഇതാദ്യമാണ്. തീരദേശമേഖലകള്‍ ഉള്‍പെടുന്ന ഒന്‍പത് ജില്ലകളില്‍ പോലും വരള്‍ച്ച അതിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടുണ്ട്.
രൂക്ഷമായ കുടിവെള്ളക്ഷാമവും വരള്‍ച്ച മൂലമുള്ള കൃഷിനാശത്തിന്റെയും കണക്കുകള്‍ ഇതിനകം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട അടക്കമുള്ള മലയോര ജില്ലകളില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. നെല്‍കൃഷിയും പൂര്‍ണമായും കുരുമുളക് ഉള്‍പെടെയുള്ള നാണ്യവിളകള്‍ ഭാഗികമായും നശിച്ചു. മാര്‍ച്ചില്‍ വേനലിന്റെ കാഠിന്യം ഇനിയും വര്‍ധിക്കും. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാട്ടുതീ പടരാനുള്ള സാധ്യതയേറുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കാട്ടുതീ പതിവാണ്. വിവിധ ജില്ലകളിലെ താപനിലകള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. മലപ്പുറത്ത് 34, കണ്ണൂരില്‍ 35.2, കാസര്‍കോട് 32 ആണ് ഇന്നലത്തെ ചൂട്. കൊല്ലം ജില്ലയിലെ പുനലൂരില്‍ 38.2 ഡിഗ്രി രേഖപ്പെടുത്തി. തിരുവനന്തപുരം- 33, കൊച്ചി- 31.8, ഇടുക്കി- 34, വയനാട്- 33, കോട്ടയം- 32. തീരദേശ ജില്ലയായ ആലപ്പുഴയുടെ ചരിത്രത്തില്‍ ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കഴിഞ്ഞ 16നായിരുന്നു,– 37.5 ഡിഗ്രി.
ഇതിനിടെ സൂര്യാഘാതമേല്‍ക്കാതെ ശ്രദ്ധിക്കാന്‍ തൊഴില്‍വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. വെയിലുള്ള സ്ഥലത്താണ് ജോലിചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് തണലുള്ള സ്ഥലത്തേക്ക് മാറിനിന്ന് വിശ്രമിക്കണം. ദാഹമില്ലെങ്കിലും ഒരു മണിക്കൂര്‍ ഇടവിട്ട് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക, ജോലി സമയം ക്രമീകരിക്കുക, ഉച്ചക്ക് 12 മണി മുതല്‍ മന്നുമണി വരെയുള്ള സമയം വിശ്രമിച്ച് രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീടിനകത്ത് ധാരാളം കാറ്റുകടക്കുന്ന രീതിയിലും ഉള്ളിലുള്ള ചൂട് പുറത്തു പോകത്തക്ക രീതിയിലും ജനലുകളും വാതിലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക തുടങ്ങിയവയാണ് സൂര്യാഘാതമേല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകള്‍. സൂര്യതാപത്താല്‍ പൊള്ളലേറ്റാല്‍ ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയില്‍ പ്രധാനം. വീശുക, ഫാന്‍, എ സി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരുക്കുക. സൂര്യാഘാതമേറ്റയാളെ എത്രയും വേഗം ആസ്പത്രിയില്‍ എത്തിക്കുകയും വേണമെന്നും മുന്നറിയിപ്പുണ്ട്.
ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശമുണ്ട്. നാലാഴ്ചയ്ക്കു ശേഷം കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള്‍ സംഭവിക്കാനും സാധ്യതയെന്നും വിലയിരുത്തുമ്പോള്‍ വരള്‍ച്ചയുടെ ഭീകരമായ ഒരവസ്ഥയെയാണ് നാം അഭിമുഖീകരിക്കേണ്ടിവരുന്നത്.
കുടിവെള്ളത്തെ കുറിച്ച് മറുപടി നല്‍കേണ്ട ജല അതോറിറ്റി കൈമലര്‍ത്തുന്നു. റിസര്‍വോയറുകളില്‍ 20 ദിവസത്തോളം മാത്രം ഉപയോഗിക്കാനാവുന്ന ജലശേഖരം മാത്രമാണെന്നാണ് അതോറിറ്റിയുടെ കണക്ക്. അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായി നഷ്ടപ്പെടുന്നതിന്റെ സൂചനകളെ ആശങ്കയോടെയാണ് കാണേണ്ടത്. ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായും നഷ്ടമായി.
കുടിവെള്ളമില്ലാതെയും കൃഷി നശിച്ചും കഷ്ടത്തിലാകുന്നതിനൊപ്പം വൈദ്യുതി കൂടി നിലയ്ക്കാന്‍ പോകുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത ഉല്‍പ്പാദന കേന്ദ്രമായ മൂലമറ്റം പവര്‍ സ്റ്റേഷന്‍ ആശ്രയിക്കുന്ന ഇടുക്കി ഡാമില്‍ വെള്ളമില്ല. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 300 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളമാണ് പമ്പ, കക്കി ഡാമുകളിലുള്ളത്. പുറത്തുനിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി 60 മുതല്‍ 62 ദശലക്ഷം യൂണിറ്റാണ്. അതുകൊണ്ടുതന്നെ പ്രതിദിന വൈദ്യുതി ഉല്‍പാദനം കുറച്ച്് പരമാവധി വെള്ളം നിലനിര്‍ത്തി മുന്നോട്ടുപോകാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. നേരത്തെ പശ്ചിമ ഗ്രിഡിലെ തകരാര്‍മൂലം അടുത്തിടെ 650 മെഗാവാട്ടിന്റെ കുറവുണ്ടായപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടിവന്നിരുന്നു. കാലവര്‍ഷം ചതിച്ചതുമൂലം ജലപദ്ധതികളില്‍ 3000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വരള്‍ച്ചയുടെ കെടുതികളിലൂടെയാണ് മലയാളിയുടെ ഓരോ ദിവസവും കടന്നുപോകുന്നത്. മഴ പെയ്യുന്നതും കാത്തിരിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending