Connect with us

Video Stories

അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവ്

Published

on

ടി.എച്ച് ദാരിമി

ജമാദുല്‍ ആഖിറിന്റെ ഓര്‍മ്മകളില്‍ വേറിട്ടുകിടക്കുന്ന ഒന്നാണ് ഇമാം ഗസ്സാലി (റ)യുടേത്. മുസ്‌ലിം സമൂഹത്തിന്റെ മാത്രമല്ല ദാര്‍ശനിക ചിന്താലോകത്തിന്റെ മുഴുവനും ആദവരും അംഗീകാരവും നേടിയ ഈ അത്യപൂര്‍യ വ്യക്തിത്വം മറഞ്ഞതും മരിച്ചതും ഹിജ്‌റ 505ലെ ജമാദുല്‍ ആഖിറിലായിരുന്നു. മനുഷ്യനെ അവന്റെ ഉണ്‍മയിലേക്ക് നയിക്കുന്ന വഴികളെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഇമാം ഗസ്സാലിയിലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇസ്‌ലാമികമായി, അദ്ദേഹം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവ് കൂടിയാണ്. ഓരോ നൂറ്റാണ്ടിനും ഓരോ പരിഷ്‌കര്‍ത്താക്കളെ അല്ലാഹു നിയോഗിക്കും എന്ന് അബൂ ദാവൂദ്, ഹാകിം, ബൈഹഖി എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട്. സമൂഹത്തില്‍ ശക്തമായി ഇടപെടുകയും സമൂഹത്തെ സമുദ്ധരിക്കുകയും ചെയ്ത പല വ്യക്തിത്വങ്ങളും ചരിത്രത്തില്‍ എല്ലാ കാലത്തുമുണ്ടായിട്ടുമുണ്ട്. പക്ഷേ ഇവരിലാരെയെങ്കിലും മുജദ്ദിദ് എന്നു വിളിക്കുമ്പോള്‍ പൊടുന്നനെ അതു വിവാദമായിത്തീരുന്നത് കാണാം. ഇക്കാര്യത്തില്‍ സമുദായത്തിന് ഒരു ഏകണ്ഠതയില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ ചരിത്രത്തില്‍ മൂന്നു മുജദ്ദിദുകളെകുറിച്ച് പൊതുവെ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ഒന്നാം നൂറ്റാണ്ടിലെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്, രണ്ടാം നൂറ്റാണ്ടിലെ ഇമാം ശാഫി, അഞ്ചാം നൂറ്റാണ്ടിലെ ഇമാം ഗസ്സാലി എന്നിവരെ കുറിച്ചാണത്. മുജദ്ദിദ് എന്ന ആശയത്തെതന്നെ നിരാകരിക്കുന്നവരല്ലാത്തവരാരും ഇവരെ നിരാകരിക്കുന്നതായി കാണുന്നില്ല. ഇമാം ഗസ്സാലി(റ)യുടെ ഒരു വ്യതിരിക്തത കൂടിയാണിത്.
അക്കാദമിക നിരീക്ഷണത്തില്‍ ഇമാം ഗസ്സാലിയെ വേറിട്ടടയാളപ്പെടുത്തുന്ന ഘടകം അദ്ദേഹത്തിന്റെ ജീവിത നിറവാണ്. തന്റെ കാലം കടന്നുപോയ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. ഇസ്‌ലാമികമെന്ന് വര്‍ഗീകരിക്കാവുന്ന ഫിഖ്ഹ്, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവ മുതല്‍ തികച്ചും ഭൗതികമായ ഫിലോസഫി, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും കവിത, സാഹിത്യം, തര്‍ക്കശാസ്ത്രം തുടങ്ങിയ ഭാഷാശാസ്ത്രങ്ങളിലുംവരെ അദ്ദേഹം ആ കാലത്തിന്റെ ഏറ്റവും മുമ്പില്‍നിന്നു. അക്കാലത്തെ മിടുക്കന്മാരുടെ മാത്രം വേദികളായിരുന്ന ബഗ്ദാദിലെ രാജദര്‍ബാറുകളുടെ ഏറ്റവും വലിയ പുളകവും വികാരവും ശ്രദ്ധാകേന്ദ്രവും ഇമാം ഗസ്സാലിയായിരുന്നു. നിശാപൂരിലെ നിസാമിയ്യ മദ്‌റസയില്‍ ഇമാം ഹറമൈനിയുടെ കീഴില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ‘അല്‍ മന്‍ഖൂല്‍’ എന്ന ഫിഖ്ഹ് നിദാന ശാസ്ത്ര ഗ്രന്ഥമെഴുതി അല്‍ഭുതം സൃഷ്ടിച്ചു. ഗ്രന്ഥത്തിന്റെ സംശോധന കഴിഞ്ഞ് തലയുയര്‍ത്തിയ ഇമാം ഹറമൈനി ശിഷ്യനെ വിശേഷിപ്പിച്ചത് അറിവിന്റെ നിറസാഗരം എന്നായിരുന്നു. ആ അറിവിനു ലഭിച്ച മറ്റൊരംഗീകരാമായിരുന്നു, ബഗ്ദാദിലെ സല്‍ജൂഖി പ്രധാനമന്ത്രി നിദാമുല്‍ മുല്‍ക് അദ്ദേഹത്തെ ബഗ്ദാദിലെ ഏറ്റവും വിലിയ വിദ്യാഭ്യാസ സ്ഥാപനവും നിസാമിയ്യ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവുമായ ബഗ്ദാദ് നിസാമിയ്യയുടെ അക്കാദമിക തലവനായി നിയമിച്ചത്. അന്നദ്ദേഹത്തിന് 34 വയസ്സായിരുന്നു. അത്ര ചെറുപ്പത്തില്‍ ഇത്ര വലിയസ്ഥാനം നേടിയ ഒരാളും അക്കാലത്ത് ഉണ്ടായിരുന്നില്ല.
ആധുനിക യുഗം വരേ നീളുന്ന കാലത്ത് ലോകത്തിന്റെ എല്ലാ വിഭാഗത്തിന്റെയും ബഹുമാനവും ആദരവും നേടി എന്നത് ഇമാം ഗസ്സാലിയുടെ മറ്റൊരു നിറവാണ്. ആശയപരമായി നേരെ എതിര്‍വശത്ത് നില്‍ക്കുന്ന ജൂത-ക്രൈസ്തവ പണ്ഡിതര്‍ വരെ ഇമാം ഗസ്സാലിയെ ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നു. ആ വിയോഗം കഴിഞ്ഞ് നാല്‍പതു വര്‍ഷം പിന്നിടും മുമ്പെ അദ്ദേഹത്തിന്റെ ചിന്തകളും ചില കൃതികളും ലാറ്റിനിലേക്കും ഹിബ്രുവിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ജൂത-ക്രൈസ്തവരുടെ മതഭാഷാ മാധ്യമമായിരുന്ന ഈ ഭാഷകളിലേക്ക് ഗസ്സാലിയന്‍ ചിന്തകള്‍ മൊഴിമാറ്റപ്പെട്ടത് ഈ സ്വാധീനത്തിന്റെ ശക്തി കാണിക്കുന്നു. യൂറോപ്പിലാവട്ടെ അവര്‍ അല്‍ഗസല്‍ എന്നു വിളിക്കുന്ന ഗസ്സാലി ചിന്തയുടെ ആഘോഷമാണ്. പാസ്‌ക്കല്‍, സര്‍ തോമസ് ആര്‍നോള്‍ഡ്, ആല്‍ഫ്രഡ് ഗില്ലോം തുടങ്ങിയവര്‍ മുതല്‍ ഇമ്മാനുവല്‍ കാന്റ് വരെയുള്ളവര്‍ ഗസ്സാലിയന്‍ ചിന്തകള്‍ യൂറോപ്പിനു കൈമാറിയവരാണ്. യൂറോപ്പിന്റെ ആ അനുധാവനത്തിന്റെ ഏറ്റവും ഒടുവിലെ ദൃശ്യമാണ് ഒവീഡിയോ സലാസര്‍ സംവിധാനം ചെയ്ത ‘അല്‍ ഗസ്സാലി: ദ ആല്‍കെമിസ്റ്റ് ഓഫ് ഹാപ്പിനസ്’ എന്ന ഡോക്യൂമെന്ററി. ലക്ഷക്കണക്കിനുപേര്‍ ഇതു കണ്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ ‘അയ്യുഹല്‍ വലദ്’ മുതല്‍ ‘ഇഹ്‌യാ’ വരേയുള്ള ഗ്രന്ഥങ്ങള്‍ ലോകത്തിലെ ഒട്ടുമിക്ക ഇസ്‌ലാമിക പാഠശാലകളിലും പഠിപ്പിക്കപ്പെടുന്നു എന്നതുകൂടി ഈ നിറവിലേക്ക് ചേര്‍ത്തുവെക്കാം. ഈ നിറവും തികവും ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ മനസ്സുകളില്‍ ഇമാം ഗസ്സാലി എന്ന ചിന്തയെ നനച്ചുനിര്‍ത്തുന്നു.
പേര്‍ഷ്യയിലെ ഖുറാസാനിനടുത്ത് ത്വൂസ് ജില്ലയുടെ പ്രാന്തത്തില്‍ ത്വബറാന്‍ എന്ന ദേശത്തായിരുന്നു ഹിജ്‌റ 450ല്‍ ഒരു നൂല്‍ നൂല്‍പ്പുകാരന്റെ ദരിദ്ര കുടുംബത്തില്‍ ഇമാം ഗസ്സാലിയുടെ ജനനം. മകന്‍ ഉന്നതനാവുന്നത് മനസ്സു നിറയെ ആഗ്രഹിച്ച പിതാവ് പക്ഷേ നേരത്തെ മരണമടഞ്ഞു. മരിക്കുംമുമ്പ് മക്കളായ മുഹമ്മദിനെയും അഹ്മദിനെയും സൂഫീ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ദരിദ്രനായ ആ സൂഫിക്ക് അവരെ ദീര്‍ഘകാലം പോറ്റാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അദ്ദേഹം അവരെ ത്വൂസിലെ ഒരു ധര്‍മ്മ സ്ഥാപനത്തില്‍ ചേര്‍ത്തു. അവിടെയായിരുന്നു ഇമാം ഗസ്സാലി പഠന സപര്യക്ക് തുടക്കം കുറിച്ചത്. ജ്ഞാനം തേടിയുള്ള ജീവിതയാത്രയില്‍ പിന്നെ അദ്ദേഹം ജുര്‍ജാനിലെത്തി. പിന്നെയും യാത്ര തുടര്‍ന്ന അദ്ദേഹം നിശാപൂരിലെ നിസാമിയ്യയില്‍ എത്തിയതോടെ ജീവിതം വഴിത്തിരിവിലെത്തി. അവിടെ അബുല്‍ മആലി അബ്ദുല്‍ മലിക് അല്‍ ജുവൈനി എന്ന ഇമാമുല്‍ ഹറമൈനിയുടെ കീഴിലായിരുന്നു പഠനം നടത്തിയത്. അബൂ അലിയ്യുല്‍ ഫര്‍മാദിയുടെ കീഴില്‍ ആത്മീയ ശിക്ഷണവും നേടി. വിവാഹവും അവിടെവെച്ച് തന്നെയായിരുന്നു. ഹിജ്‌റ 478ല്‍ ഇമാം ഹറമൈനി മരണമടയുന്നതോടെ അദ്ദേഹം നിശാപൂരില്‍ നിന്നും ബഗ്ദാദിലേക്ക് മാറി. അവിടെ പ്രധാനമന്ത്രിയായിരുന്ന നിളാമുല്‍ മുല്‍കിന്റെ കൊട്ടാരത്തിലെ ദര്‍ബാറില്‍ എത്തിയ അദ്ദേഹം തന്റെ അറിവും സാമര്‍ഥ്യവും കൊണ്ടുമാത്രം ആ ദര്‍ബാറിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. അക്കാലത്തിന്റെ മികവുകളുടെയും അംഗീകരാങ്ങളുടെയും മാനദണ്ഡമായിരുന്നു ഈ വിദ്വല്‍ സദസ്സുകളുടെ അംഗീകാരം. അവിടെ അവതരണങ്ങളും സംവാദങ്ങളുമാണ് നടന്നിരുന്നത്. തന്റെ മുമ്പില്‍ കൊമ്പുകോര്‍ക്കാന്‍ വരുന്ന തത്വചിന്തകര്‍, ബാഥിനികള്‍ എന്ന ശിയാക്കള്‍, യുക്തി ചിന്തകര്‍ തുടങ്ങിയവരെ ഗസ്സാലി മലര്‍ത്തിയടിച്ചു. അങ്ങനെ വളരെ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം ഈ സദസ്സുകളുടേയും ഭരണാധികാരികളുടേയും ഇഷ്ടപ്പെട്ടവനായി മാറി. അബ്ബാസികളുടെയും സല്‍ജൂഖികളുടെയും ഫാത്വിമികളുടെയും ഖറാമിത്വകളുടെയും എല്ലാം ഇടയില്‍ ഒരു മാധ്യസ്ഥന്റെ റോള്‍ വഹിക്കാനുള്ള അവസരങ്ങള്‍കൂടി കൈവന്നതോടെ ഇമാം ഗസ്സാലി ഔന്നിത്യത്തിന്റെ ഉയരങ്ങളിലെത്തി. ബഗ്ദാദ് നിസാമിയ്യയുടെ മേധാവി കൂടിയായതോടെ പ്രശസ്തി വര്‍ധിച്ചു. ഇങ്ങനെ വിരാചിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തില്‍ ഒരുനാള്‍ തീവ്രമായ മാനസിക വീണ്ടുവിചാരങ്ങള്‍ തലപൊക്കിയത്.
തന്റെ നിലയുടെയും വിലയുടെയും സേവനങ്ങളുടെയും നിദാനം വെറും ഭൗതിക പ്രമത്തതയല്ലേ എന്ന ആലോചനയായിരുന്നു ഇമാം ഗസ്സാലിയുടെ മനസ്സില്‍ ഉദയം ചെയ്തത്. ആണെന്നും അല്ലെന്നും മനസ്സ് മാറി മാറി പറഞ്ഞു. ആ ചിന്തക്ക് തീ പിടിച്ചു. ആറ് മാസം അദ്ദേഹം ആ ചിന്തയില്‍ തിരിഞ്ഞും മറിഞ്ഞും നടന്നു. ഭക്ഷണവും വിശ്രമവും താളംതെറ്റി. സംസാരിക്കാന്‍ പോലും പ്രയാസുണ്ടായ ഘട്ടങ്ങളുണ്ടായി. അവസാനം അദ്ദേഹം എല്ലാം ത്യജിക്കാന്‍ തീരുമാനിച്ചു. ഭൗതികതയുടെ ലൈലയേയും സഅ്ദയേയും മൊഴി ചൊല്ലി അദ്ദേഹം ചുമതലകള്‍ അനുജന്‍ അഹ്മദിനെ ഏല്‍പ്പിച്ച് ബഗ്ദാദിലെ പട്ടുമെത്തയില്‍ നിന്നിറങ്ങി നടന്നു. ജീവിതത്തിന്റെ യാഥാര്‍ഥ്യം തെരഞ്ഞുകൊണ്ട് ഡമാസ്‌കസ്, ഫലസ്തീന്‍, മക്ക, മദീന, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ കാടും നാടുമില്ലാതെ അലഞ്ഞുനടന്നു. ഈ പ്രവാസം പതിനൊന്നു വര്‍ഷം നീണ്ടു. ഇതിനിടയിലായിരുന്നു സാക്ഷാല്‍ ജീവിതത്തിന്റെ രസതന്ത്രം അദ്ദേഹം കണ്ടെത്തിയത്. ഈ യാത്രയില്‍ കണ്ടെത്തിയ ജീവിതപാഠങ്ങളുടെ സമാഹാരമാണ് ഇഹ്‌യാ ഉലൂമുദ്ദീന്‍. പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ വീണ്ടും നിസാമിയ്യയുടെ തലപ്പത്തേക്ക് അപ്പോഴത്തെ ഭരണാധികാരി ഫഖ്‌റുല്‍ മുല്‍ക് ക്ഷണിച്ചു. അദ്ദേഹം അത് നിരസിച്ചു. ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായപ്പോള്‍ അവസാനം ഏറ്റെടുത്തുവെങ്കിലും മാസങ്ങള്‍ക്കു ശേഷം അതുപേക്ഷിച്ച് തന്റെ ഗ്രാമത്തിലേക്കു പോയി. ഭൗതികതയോടുള്ള വിരക്തി എല്ലാ പ്രശസ്തികളില്‍ നിന്നും പ്രശംസകളില്‍ നിന്നും അകന്നുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ത്വൂസില്‍ സ്വന്തമായി ഒരു പാഠശാല സ്ഥാപിച്ച് അദ്ദേഹം തന്റെ ശേഷക്കാരെ വളര്‍ത്തിയെടുത്തു, ഹിജ്‌റ 505ല്‍ മരണപ്പെടും വരേയും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending