ഹിന്ദുത്വ വര്‍ഗീയതയുടെ നാള്‍വഴിയിലെ സുപ്രധാന അജണ്ടയാണ് ജമ്മുകശ്മീരിനുമേലുള്ള അനാവശ്യ കൈകടത്തലിലൂടെ സംഘ്പരിവാരം സാധിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രത്യേകവും പൂര്‍ണവുമായ അധികാരങ്ങളുള്ള ജമ്മുകശ്മീര്‍സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇന്നലെ രാവിലെ ഭരണഘടനാഭേദഗതിക്ക് പോലും കാത്തുനില്‍ക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് ജമ്മുകശ്മീരിന്റെ പ്രത്യേകപദവി – ഭരണഘടനയിലെ 370-ാം വകുപ്പ്- എടുത്തുകളഞ്ഞത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പോലെ കശ്മീരി ജനതക്ക് പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചുനല്‍കുന്ന 35 (എ) വകുപ്പും റദ്ദാക്കിയിരിക്കുന്നു. പതിനൊന്നുമണിയോടെ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് വൈകീട്ട് 61 നെതിരെ 125 വോട്ടോടെ പാസാക്കിയെടുത്ത ‘ജമ്മുകശ്മീര്‍ പുന:സംഘടനാബില്‍’ കശ്മീര്‍ പ്രശ്‌നത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ആര്‍.എസ്.എസ്സിന്റെ ഗൂഢ അജണ്ടയാണ് വ്യക്തമാക്കുന്നത്.

സ്വതവേ പ്രശ്്‌നകലുഷിതമായ സംസ്ഥാനത്തെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് എടുത്തെറിയാനേ ഇത് ഉപകരിക്കൂ. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍അബ്ദുല്ല, മെഹബൂബമുഫ്തി, ഹുരിയത്് നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ഒറ്റയടിക്ക് വീട്ടുതടങ്കലിലാക്കിയാണ് പാറ്റണ്‍ ടാങ്കുകളും ലക്ഷക്കണക്കിന് സായുധ സൈനികരുമായി ഒരു ജനതക്കുനേരെ കേന്ദ്ര ഭരണകൂടം ഇരച്ചുചെന്നിരിക്കുന്നത്. ഇവര്‍ ഒന്നടങ്കം ജനങ്ങളോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടും മെഹബൂബയടക്കം പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. അടിയന്തിരാവസ്ഥാസമാനമായി സംസ്ഥാനം മുഴുവന്‍ വാര്‍ത്താവിനിമയ ബന്ധങ്ങളും പൊതുപരിപാടികളുമെല്ലാം നിരോധിച്ചിരിക്കുന്നു.

ടൂറിസം രംഗത്തടക്കം ഉണ്ടായേക്കാവുന്ന തിരിച്ചടിയടക്കം സംസ്ഥാനത്ത് എന്തുതരം പ്രതികരണമാണ് വരാനിരിക്കുന്നതെന്നും അതെവിടെ ചെന്നെത്തുമെന്നൊന്നും ഒരു നിശ്ചയവുമില്ല. പി.ഡി.പിയുമായി ചേര്‍ന്ന് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാന ഭരണത്തില്‍നിന്ന് സ്വയം പിന്‍വാങ്ങി 2018 ജൂണിലാണ് ബി.ജെ.പിയുടെ മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിലെ ജനാധിപത്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പെടുത്തിയത്. ഡിസംബറില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 12ന്് രാഷ്ട്രപതി ഭരണം രണ്ടാമതും നീട്ടിയ ബി.ജെ.പി അധ്യക്ഷനായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നീക്കത്തെ അന്നുതന്നെ പലരും സന്ദേഹത്തോടെയാണ് വീക്ഷിച്ചത്. അതിതാ നടപ്പായിരിക്കുന്നു. ഏഴു പതിറ്റാണ്ടായി ജമ്മുകശ്മീര്‍ ജനത അനുഭവിച്ചുവന്ന അവകാശങ്ങള്‍ ഒരാളുടെയും ഔദാര്യമായിരുന്നില്ല; ഒരു വംശത്തിന്റെ അവകാശമായിരുന്നു.

വിവിധ നാട്ടു രാജ്യങ്ങളെപോലെ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന് താല്‍പര്യം കാണിക്കാതിരുന്ന കശ്മീരി ജനതയെയും ഭരണകൂടത്തെയും ഉപാധികളോടെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തത് അന്നത്തെ ദീര്‍ഘദൃക്കുകളായ രാഷ്ട്രമഹാരഥന്മാരായിരുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ആഭ്യന്തരമന്ത്രി സര്‍ദാര്‍പട്ടേല്‍, ഡോ.അംബേദ്കര്‍, കശ്മീരി ഭരണാധികാരികള്‍ തുടങ്ങിയവരെല്ലാം കശ്മീരിന്റെ ഇന്ത്യാലയനത്തെ സാധിച്ചെടുത്തത് അവധാനതയോടെയുള്ള നടപടികളിലൂടെയായിരുന്നു.

എന്നാല്‍ ഹിന്ദു മഹാസഭാനേതാവ് ശ്യാമപ്രസാദ് മുഖര്‍ജി മാത്രമാണ് ജമ്മുകശ്മീരിനെതിരായ വികാരം ഉയര്‍ത്തിക്കൊണ്ടുവന്നത്. മുസ്്‌ലിം ജനതയെ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയുമായി അടുപ്പിക്കുന്നതിന് പ്രത്യേകമായ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കിയതിനെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും നേതാക്കളും സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോഴായിരുന്നു ഇത്.

സംസ്ഥാനപദവി, നിയമനിര്‍മാണാധികാരം, ഇതര പ്രദേശത്തുകാരുടെ കടന്നുകയറ്റത്തിന് തടയിടുന്ന ഭൂവുടമസ്ഥാവകാശം തുടങ്ങിയവ വകവെച്ചുകൊടുക്കേണ്ടത് അനിവാര്യമായിരുന്നു. പാക്കിസ്താന്‍ ഇടക്കിടെയുണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ സഹിച്ചും നീണ്ട എഴുപതു കൊല്ലക്കാലം ജമ്മുകശ്മീര്‍ ജനത ഇന്ത്യയുമായി അചഞ്ചലമായിത്തന്നെ നിലകൊണ്ടു. ആ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുക എന്ന നയമായിരുന്നു രാഷ്ട്ര സ്‌നേഹികളായവരെല്ലാം മുന്നോട്ടുവെച്ചതും നടപ്പാക്കിയതും.

എന്നാല്‍ 2014ല്‍ മോദി അധികാരത്തിലേറിയശേഷം കാര്യങ്ങളെല്ലാം പൊടുന്നനെ ഏതോ കാണാചരടുകള്‍ക്കൊത്ത് മാറിമറിയുന്ന അനുഭവമാണ് താഴ്‌വരയിലുടനീളം ഉണ്ടായത്. 2016 ജൂലൈയിലെ തീവ്രവാദി നേതാവ് ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തില്‍തുടങ്ങി യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവലിച്ചതുള്‍പ്പെടെയുള്ളതടക്കം ഇന്നത്തെ അഭൂതപൂര്‍വമായി വിന്യസിക്കപ്പെട്ട പതിനായിരക്കണക്കിന് സൈനിക സാന്നിധ്യം വരെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും രഹസ്യ അജണ്ടയാണ് വെളിവാക്കിയിരിക്കുന്നത്.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ അതിര്‍ത്തി സംസ്ഥാനത്തിലെ ഭീകരവാദം എന്നെന്നേക്കുമായി നിലയ്ക്കുമെന്ന് കരുതുന്നത് മോദിയുടെയും അമിത്ഷായുടെയും ദിവാസ്വപ്‌നം മാത്രമാണ്. പ്രത്യേക പദവിയാണ് ഭീകരവാദത്തിന് കാരണമെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്നത്തെയത്രയും രക്തച്ചൊരിച്ചില്‍ സംസ്ഥാനത്തുണ്ടായില്ല എന്ന് അമിത്ഷാ വ്യക്തമാക്കണം. ആസാമിലെ മുസ്്‌ലിം പൗരന്മാരെ പുറത്താക്കാനുള്ള നടപടിയോടൊപ്പമാണിതുമെന്നോര്‍ക്കണം.

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള 1947ലെ തീരുമാനത്തിനുള്ള തിരിച്ചടിയാണിതെന്ന മുന്‍മുഖ്യമന്ത്രിയും പി.ഡി.പിനേതാവുമായ മെഹബൂബമുഫ്തിയുടെ പ്രസ്താവന കശ്മീരിജനതയുടെ വ്രണിത മനസ്സിനെയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സായുധ ശക്തികൊണ്ട് ലോകത്ത് ഒരിടത്തും സമാധാനംപുലര്‍ന്നിട്ടില്ലെന്ന സാമാന്യമായ തിരിച്ചറിവില്ലാതെ വര്‍ഗീയവിദ്വേഷം മാത്രംവെച്ച് ഭരണഘടനയെയും ഒരു സാംസ്‌കാരികതയെയും പിച്ചിച്ചീന്തിയിരിക്കുകയാണ് മോദിയും കൂട്ടരും. ഫലസ്തീനില്‍ ഇസ്രാഈലും രാമജന്മ-ഭൂമി പ്രക്ഷോഭത്തിലൂടെ ബി.ജെ.പിയും ലക്ഷ്യമിടുന്നതുതന്നെയാണ് ഇവിടെയും നടപ്പാക്കിയിരിക്കുന്നത്.