Video Stories

നിപ്പ ബാധ ഓര്‍മ്മയില്‍; പെരുന്നാള്‍ തിരക്കില്‍ വ്യാപാരമേഖല

By chandrika

June 02, 2019

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും കഴിഞ്ഞതോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്ന തിരക്കിലേക്കമര്‍ന്ന് നാടും നഗരവും. പെരുന്നാളിന് മുന്‍പത്തെ ഞായറാഴ്ച ദിവസത്തില്‍ ആള്‍തിരിക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ് വസ്ത്രവ്യാപാര മേഖലകള്‍. കോഴിക്കോട് മിഠായിതെരുവ് രാവിലെ മുതല്‍ ജനനിബിഡമായി. പെരുന്നാള്‍ കോടി തേടിവരുന്നവരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകള്‍ നല്‍കി കച്ചവടക്കാരും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം നിപ്പ ബാധയെ തുടര്‍ന്ന് ഇടിവ് നേരിട്ട കച്ചവടക്കാര്‍ ഇത്തവണ ശുഭപ്രതീക്ഷയിലാണ്.

വന്‍കിട ഷോപ്പിങ് മാളുകള്‍ അടിക്കടി ഉയരുന്നുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള്‍ ഇറക്കി സാമ്പ്രദായിക തെരുവ് കച്ചവടക്കാരും വിപണിയില്‍ സജീവമാണ്. പതിവ് പോലെ ബ്രാന്റുകള്‍ക്കു പിന്നാലെ ഷോപ്പിങ് മാളുകള്‍ തേടിയാണ് യുവത്വമെങ്കില്‍ സര്‍പ്ലസ് സ്‌കീമും ഒന്നിനൊന്ന് ഓഫറുമായി വിലയില്‍ വിസ്മയം കാണിച്ച് തെരുവ് വിപണിയും മാര്‍ക്കറ്റ് പിടിച്ചടുക്കുന്നുണ്ട്.

പതിവുപോലെ ചുരിദാറിലും ടോപ്പിലും ഇത്തവണയും വൈവിധ്യ ഡിസൈനുകളാണുള്ളത്. പുറമെ കോളര്‍ പര്‍ദകള്‍, കാഷ്യല്‍ യൂസ്ഡ് പര്‍ദകള്‍, ഖാദി പര്‍ദ, കഫാനി, ഇറാനി മോഡല്‍, ഡബിള്‍ ഡേഷഡ് പര്‍ദകളും തുടങ്ങി പര്‍ദ്ദ വിപണിയും മുന്നേറുകയാണ്. മിഠായിതെരുവിന് പുറമെ രാജാജി റോഡ്, മാവൂര്‍റോഡ്, പാളയം എന്നിവിടങ്ങളിലെ വാണിജ്യകേന്ദ്രങ്ങളിലേക്കും നിരവധിപേരാണ് എത്തുന്നത്. മുംബൈ, രാജസ്ഥാന്‍, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി വസ്ത്രങ്ങള്‍ കോഴിക്കോട്ടെത്തുന്നത്. ഏതു വിലക്കനുസരിച്ച തരത്തിലുള്ള സാധനങ്ങളും വിപണി ലഭ്യമാണ്. പെരുന്നാളിനായി സര്‍ക്കാരിന്റെത് അടക്കമുള്ള പ്രത്യേക വിപണന കേന്ദ്രങ്ങളും ഇത്തവണയും സജ്ജമാക്കിയിട്ടുണ്ട്. സപ്ലൈക്കോയുടെ റമസാന്‍ മെട്രോഫെയര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപം നടന്നുവരുന്നു. ഖാദി മേളയും വളരെനേരത്തെതന്നെ ആരംഭിച്ചിരുന്നു.