ആഴക്കടല്‍ മത്സ്യബന്ധന അഴിമതിയില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയും മന്ത്രിമാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. ഇ.എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. അദ്ദേഹം പറഞ്ഞു.
വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി 9, 10 തീയതികളിലാണ്. പക്ഷേ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത് 28022020 ല്‍ ആണ്. അതായത് അസന്റ് എന്ന സമ്മേളനം കഴിഞ്ഞ് 48 ദിവസം കഴിഞ്ഞപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തത്. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഈ നടപടികളെല്ലാം തന്നെ നിയമസഭയില്‍ നിന്ന് സര്‍ക്കാര്‍ പരിപൂര്‍ണമായി മറച്ചുവെച്ചു. 1202 2020 ല്‍ മോന്‍സ് ജോസഫ്, പി.ജെ ജോസ്, സി.എഫ് തോമസ് എന്നീ മൂന്ന് എം.എല്‍.എമാര്‍ അസന്റിനെപ്പറ്റി ചോദിച്ചപ്പോള്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഒരക്ഷരം പോലും മിണ്ടിയില്ല. ഇ എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.