ഓവല്‍: ദക്ഷിണാഫ്രിക്കയെ 239 റണ്‍സിന് പരാജയപ്പെടുത്തി ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 492 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 252ന് പുറത്താവുകയായിരുന്നു. സ്പിന്നര്‍ മുഈന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി. അവസാനത്തെ മൂന്നു വിക്കറ്റുകളാണ് അലി വീഴ്ത്തിയത്. ടോബി റോളണ്ട് ജോണ്‍ മൂന്നും ബെന്‍ സ്റ്റോക്കും രണ്ടും വിക്കറ്റുകള്‍ നേടി.

ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഓവലില്‍ ഇംഗ്ലണ്ടിന്റെ 100ാമത്തെ ടെസ്റ്റ് വിജയമാണ്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്-353,313/8 , ദക്ഷിണാഫ്രിക്ക 175,252.

രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 136 റണ്‍സ് നേടിയ ഡീന്‍ എല്‍ഗറിന് മാത്രമെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. ഹാശിം അംല(5)ക്വിന്റണ്‍ ഡികോക്ക്(5) ഫാഫ് ഡുപ്ലെസി(0) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ടെമ്പ ബാവുമ 32 റണ്‍സ് നേടി. ആദ്യ ഇന്നിങ്സില്‍ ബാവുമ 52 റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടോബി റോളണ്ട് ജോണ്‍സ് ആണ് ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇംഗ്ലണ്ട് നിരയില്‍ ആദ്യ ഇന്നിങ്സില്‍ ബെന്‍സ്റ്റോക്ക് 112 റണ്‍സ് നേടിയപ്പോള്‍ ഓപ്പണര്‍ അലസ്റ്റയര്‍ കുക്ക് 88 റണ്‍സ് നേടി.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് വേണ്ടി ജോണി ബയര്‍സ്റ്റോ 63 റണ്‍സ് നേടി ടോപ് സ്‌കോററായി. അവസാന ടെസ്റ്റ് വെളളിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 340 റണ്‍സിന് വിജയിച്ചിരുന്നു.