കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ എക്സ്പ്രസില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

സംശയാസ്പദമായി കണ്ടെത്തിയ യാത്രക്കാരിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പിടിയിലായത് ചെന്നൈ സ്വദേശിനിയായ സ്ത്രീ ആണെന്നാണ് സൂചന. ട്രെയിനിലെ ഡി-1 കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.

പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഈ സ്ത്രീക്ക് സ്ഫോടക വസ്തുക്കളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ താന്‍ ഈ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തു എന്നേയുള്ളൂ എന്നും സ്ഫോടകവസ്തുക്കളടങ്ങിയ ബോക്സുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്.