നീലനിറത്തിലുള്ള നാവിഗേഷന്‍ ബാറോടുകൂടിയ ഫെയ്‌സ്ബുക്കിന്റെ പഴയ ക്ലാസിക്ക് ഡിസൈന്‍ സെപ്റ്റംബര്‍ മുതല്‍ ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍കക് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം അടുത്തിടെ അവതരിപ്പിച്ച പുതിയ ഡിസൈന്‍ ആയിരിക്കും ലഭിക്കുക.

പുതിയ ഡിസൈന്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യം അനുസരിച്ച് പഴയതിലേക്ക് മാറാനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് നല്‍കിയിരുന്നു. പുതിയ ഡിസൈന്‍ മെച്ചപ്പെടുത്തുന്നതിനായി പഴയതിലേക്ക് തിരിച്ചുപോവുന്ന ഉപയോക്താക്കളോട് ഫെയ്‌സ്ബുക്ക് വിവരശേഖരണം നടത്താറുണ്ട്.

എന്നാല്‍ പഴയ ഡിസൈനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി ഫെയ്‌സ്ബുക്ക് സപ്പോര്‍ട്ട് പേജില്‍ നല്‍കിയിരിക്കുന്ന അറിയിപ്പില്‍ ഫെയ്‌സ്ബുക്കിന്റെ ക്ലാസിക് ഡിസൈന്‍ സെപ്റ്റംബര്‍ മുതല്‍ ലഭിക്കില്ലെന്ന് പറയുന്നു.
കൂടുതല്‍ വൈറ്റ് സ്‌പേസ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ ഡിസൈന്‍. ഡാര്‍ക്ക് മോഡും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍, വാച്ച്, ഗെയിമിങ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുകൂടിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.