കൊടിഞ്ഞി: കൊടിഞ്ഞിയില്‍ കൊലചെയ്യപ്പെട്ട ഫൈസലിനെ വധിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് ഫൈസലിന്റെ മാതാവ് മീനാക്ഷി. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും നിരവധി തവണ വധഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മീനാക്ഷി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാതാവിന്റെ വെളിപ്പെടുത്തല്‍.

തന്റെ സമ്മതം വാങ്ങിയ ശേഷമാണ് ഫൈസല്‍ മകന്‍ മതപരിവര്‍ത്തനം നടത്തിയത്. എന്നാല്‍ സഹോദരിയുടെ ഭര്‍ത്താവ് വിനോദ് നിരവധിതവണ ഫൈസലിന്റെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ മകളോടും അവരുടെ മക്കളോടും ഫൈസലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബവുമായി ഫൈസല്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും മീനാക്ഷി പറഞ്ഞു. ഒരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ അവരെ ഒരു ജീപ്പ് പിന്തുടര്‍ന്നിരുന്നുവെന്നും അന്ന് ഫൈസല്‍ അതിലില്ലെന്ന് കണ്ട് അവര്‍ പിന്‍മാറുകയുമായിരുന്നുവെന്നും മാതാവ് പറയുന്നു. കൊലക്ക് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായും മാതാവ് മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാം മതം സ്വീകരിച്ച ഫൈസല്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലപ്പെടുന്നത്. മതപരിവര്‍ത്തനത്തിന്റെ പേരിലുണ്ടായ ശത്രുതയാണ് കൊലക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഭാര്യയുടെ പിതാവിനെ വിളിക്കാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം നടന്നത്.