സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി അവതരിപ്പിച്ച പരിപാടി ലാലിസമാണെന്ന് ആരോപണം ഉയരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് സംഭവം.

നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാലിന്റെ ഗാനം. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനമാണ് ഇരുവരും ചേര്‍ന്നാലപിച്ചത്. എന്നാല്‍ ഗാനത്തിന്റെ അനുപല്ലവിയില്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപ്പിടിച്ചിരുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വീഡിയോയും വൈറലാണ്.

ഇതിനു മുമ്പ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ ലാലിസം എന്ന ഷോ വിവാദമായിരുന്നു. പിന്നണിയില്‍ പാട്ട് റെക്കോര്‍ഡ് ചെയ്ത് മോഹന്‍ലാല്‍ ചുണ്ടനക്കുകയായിരുന്നുവെന്നാണ് ആരോപണമുണ്ടായത്. വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടതോടെ ഷോയുടെ പണം മോഹന്‍ലാല്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.