ബംഗളൂരു: മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതന്ന് കര്‍ണാടക കൃഷിമന്ത്രി ബിസി പാട്ടീല്‍. ജീവനൊടുക്കുന്നവര്‍ ഭീരുക്കളാണെന്നും അതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൈസൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസികപ്രശ്‌നങ്ങളുള്ള കര്‍ഷകരാണ് ജീവനൊടുക്കുന്നത്. നിങ്ങള്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ വീട്ടില്‍ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ഈ പ്രവണത നിലയ്ക്കില്ല. തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും പാട്ടീല്‍ വ്യക്തമാക്കി.

കൃഷിക്കാര്‍ മാത്രമല്ല വ്യവസായികളും ജീവനൊടുക്കുന്നു. ഇത്തരമുള്ള എല്ലാ മരണങ്ങളും കര്‍ഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ആശ്രിതരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.