ശ്രീനഗര്‍: ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു ആന്‍ഡ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്‍മാനായിരുന്ന കാലത്ത് 43 കോടി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

ബാങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ വെച്ചാണ് ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യുന്നത്. കള്ളപ്പണ നിരോധന നിയമത്തിന് കീഴിലാണ് മൊഴി രേഖപ്പെടുത്തിയത്.

ഇതേ കേസുമായി ബന്ധപ്പെട്ട് 2019ലും ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തിട്ടുണ്ട്. 2018 ജനുവരിയില്‍ സി.ബി.ഐയും ചോദ്യംചെയ്തിരുന്നു.

അതേസമയം, ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി. ജമ്മു കശ്മീരിലെ മുഖ്യധാരാ പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും അദ്ദേഹത്തിന്റ മകനുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ഗുപ്കര്‍ പ്രഖ്യാപനത്തിലൂടെ പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചതിന് പിന്നാലെയുണ്ടായ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ വൈരാഗ്യത്തിന് ഉദാഹരണമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.