ജലന്ധര്‍ :ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍. ജലന്ധറിലെ മുറിയിലാണ് ഇന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് സൂചന.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കളും സഹ വൈദികരും രംഗത്തെത്തി. ഫാങ്കോയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കുകയും മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായവുകയും ചെയ്ത വൈദികനാണ് ഫാദര്‍ കുര്യാക്കോസ്.

ജേഷ്ഠന്റെ മരണം കൊലപാതകമാണെന്ന് ഫാദര്‍ കുര്യാക്കോസിന്റെ സഹോദരന്‍ ജോസ് പറഞ്ഞു. അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടായിരുന്നെന്നും അച്ചനെ കൊന്നതാണെന്നും ജോസ് പറയുന്നു.

ഫാദര്‍ കുര്യാക്കോസ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. പല തലങ്ങളില്‍ നിന്നും അച്ചന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അച്ചന്റെ വണ്ടി തകര്‍ത്തിരുന്നു. മുന്നോട്ടുള്ള കാര്യമോര്‍ത്ത് വലിയ ആശങ്കയുണ്ടെന്നെന്നം ജോസ് പറഞ്ഞു.

ബിഷപ്പിന് ജാമ്യം ലഭിച്ച് ജലന്ധറില്‍ എത്തിയാല്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും അച്ചന്റെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു. -ജോസ് പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ജലന്ധറിലാണ് അതേസമയം വൈദികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ജലന്ധറിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്.