തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.

മോഷണക്കേസിലെ പ്രതികളെ പോലെ മുഖംപൊത്തി ഒരു അന്വേഷണ ഏജന്‍സി മുമ്പാകെ പോയി നില്‍ക്കേണ്ട ഒരു ഗതികേട് കേരളത്തിലെ മന്ത്രിക്ക് വന്നത് വലിയ നാണക്കേടാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഇത്രദിവസം പറഞ്ഞ വിശുദ്ധ ഖുറാനും വിശ്വാസികളെ പരിചയാക്കി പിടിക്കാനും ശ്രമിച്ചതും ഇനി വിലപ്പോവില്ല. ഇന്നുപോലും മന്ത്രി ഇത് സ്ഥിരീകരിക്കാന്‍ തയ്യാറാകുന്നില്ല. എന്തിനാണ് മന്ത്രി ഇത് ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് മന്ത്രിക്ക് നെഞ്ചുവിരിച്ചുകൊണ്ട് ഒരു അന്വേഷണ ഏജന്‍സിയുടെ മുമ്പില്‍ ഹാജരാകാന്‍ സാധിച്ചില്ല. സംശയിക്കപ്പെടുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. സ്വര്‍ണക്കടത്തുകേസില്‍ മന്ത്രിക്കുളള ബന്ധത്തെ കുറിച്ചുളള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും പി.കെ.ഫിറോസ് പറഞ്ഞു.