മധുര പാനീയങ്ങളുടെ പരിധിയില്‍ കവിഞ്ഞ ഉപയോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഫ്രാന്‍സ്. റെസ്റ്റോറന്റുകളിലും മധുരപാനീയങ്ങള്‍ വിളമ്പുന്ന മറ്റിടങ്ങളിലും നിരോധനം ഏര്‍പ്പെടുത്തി. അമിതമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിച്ചു വരുന്നവരുടെ എണ്ണം കൂടിയതാണ് പാനീയങ്ങള്‍ നിരോധിക്കാന്‍ കാരണം.

ശരീരത്തില്‍ പഞ്ചസാരയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനും ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായ മധുരപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന് ലോക ആരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു. ബ്രിട്ടണ്‍ പോലെയുള്ള നഗരങ്ങളില്‍ കുടുംബ റെസ്‌റ്റോറന്റുകളിലും മറ്റും സോഡ പോലെയുള്ള പാനീയങ്ങള്‍ ധാരാളമായി വിളമ്പാറുണ്ട്. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഉത്തേജക പാനീയങ്ങളുള്‍പ്പെടെയുള്ള മധുരപാനീയങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. സ്‌കൂള്‍ കാന്റീനുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫാസ്റ്റ്ഫുഡ് ശൃംഖലകളെയാകെ ഇത് ബാധിക്കും. യുവതലമുറയെ അമിത ഭാരമുള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതാണ് നിരോധനത്തിന്റെ ലക്ഷ്യം.

പ്രായപൂര്‍ത്തിയായവരുടെ അമിതവണ്ണത്തെക്കുറിച്ചുള്ള സര്‍വ്വേ അനുസരിച്ച് ഫ്രാന്‍സില്‍ 15.3ശതമാനംപേരും അമിതഭാരമുള്ളവരാണ്. ബ്രിട്ടനുമായി(20.1) താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രാന്‍സിന്റെ ശതമാനം കുറവാണ്. എന്നാല്‍ ഇറ്റലിയുടേതിനേക്കാള്‍ കൂടുതലുമാണ്. നിലവില്‍ 10.7ശതമാനമാണ് ഇറ്റലിയുടെ കണക്ക്. കഴിഞ്ഞ 30വര്‍ഷത്തെ കണക്കനുസരിച്ച് ഫ്രാന്‍സില്‍ ഏകദേശം 57ശതമാനം പേരും അമിതഭാരമുള്ളവരാണ്. 41ശതമാനം സ്ത്രീകളും അമിതഭാരം ഉള്ളവരാണെന്ന് ഫ്രഞ്ച് മെഡിക്കല്‍ ജേണല്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് പറയുന്നു.