തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാമെന്ന് സുധാകരന്‍ പറഞ്ഞു.

താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാം. താന്‍ ഒരു കാലത്തും അയാളുടെ സിനിമയെ ബഹുമാനിച്ചിട്ടില്ല. അയാളുടെ രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് ഒരു നല്ല നടന്‍ പോലുമല്ലെന്നാണ് തന്റെ അഭിപ്രായം. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും ചെയ്യുന്നത്. ഇതെല്ലാംകണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ദിലീപിനെതിരെ കല്ലെറിയുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദിലീപിനെ പിന്തുണച്ച് നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ രംഗത്തെത്തി. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനെതിരെ വാദിച്ചവര്‍ സമാന കേസുകളില്‍ പ്രമുഖര്‍ അറസ്റ്റിലായപ്പോള്‍ ശബ്ദിക്കുന്നില്ല. സ്വാര്‍ത്ഥതക്കു വേണ്ടി ചാനല്‍ചര്‍ച്ചകളില്‍ ദിലീപിനെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സിനിമാ സംഘടനകള്‍ പിന്നീട് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.