ന്യൂഡല്‍ഹി: ചില്ലിക്കാശു കിട്ടാന്‍ ജനം രാജ്യത്തുടനീളം ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തില്‍. ഇന്നലെ ഉച്ചതിരിഞ്ഞ് നാഗ്പൂരിലായിരുന്നു മന്ത്രിമകളുടെ വിവാഹം. പതിനായിരത്തിലധികം അതിഥികള്‍ പങ്കെടുത്ത വിവാഹത്തിനു വേണ്ടി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിരുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യനായിഡു, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ശിവസേന മേധാവി ഉദ്ധവ് താക്കറെ, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, എം.എന്‍.എസ് തലവന്‍ രാജ് താക്കറെ തുടങ്ങിയവരായിരുന്നു വിവാഹത്തിലെ മറ്റു വി.വി.ഐ.പി സാന്നിധ്യങ്ങള്‍.
നാഗ്പൂരിലെ സാന്ധ്യരവീന്ദ്ര കാസ്‌ഖേദികര്‍ ദമ്പതികളുടെ മകന്‍ ആദിത്യയാണ് ഗഡ്കരിയുടെ ഇളയപുത്രി കേത്കിയുടെ വരന്‍. അമേരിക്കയിലെ ഫേസ്ബുക്ക് ജീവനക്കാരനാണ് ആദിത്യ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമ മാലിനി, എന്‍.സി.പി തലവന്‍ ശരദ് പവാര്‍, പ്രമുഖ വ്യവസായി കുമാര മംഗലം ബിര്‍ള എന്നിവര്‍ക്കും വിവാഹ സല്‍ക്കാരത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. നാഗ്പൂരിലെ വാര്‍ധ റോഡിലുള്ള റാണി കോത്തിയായിരുന്നു വിവാഹ വേദി. ഗഡ്കരിയുടെ ആദ്യ മകന്‍ നിഖിലിന്റെ വിവാഹവും അത്യാഡംബരത്തോടെയാണ് കൊണ്ടാടിയിരുന്നത്. അതിനിടെ, 50 വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.