മുക്കം: നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിനെതിരെ പൊലീസിന്റെ നരനായാട്ട്. ലാത്തി ചാര്‍ജില്‍ വഴിയാത്രക്കാരും കച്ചവടക്കാരും ഉള്‍പ്പെടെ നിരപരാധികളായ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. വഴിയോരങ്ങളില്‍ നിറുത്തിയിട്ട വാഹനങ്ങള്‍ പൊലീസ് തല്ലിത്തകര്‍ത്തു.

കുറേയെണ്ണം പൊലീസ് കൊണ്ടുപോയി. പൊലീസും കെ.പി. ടി.എല്‍ സേനാംഗങ്ങളും ഇടവഴികളിലും ഊടുവഴികളിലും തോക്കും ലാത്തിയുമായി പരക്കം പാഞ്ഞു. സംഭവത്തില്‍ മുപ്പതോളം പേരെ മുക്കം, അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം മൂലം കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജില്ലാതിര്‍ത്തിയായ എരഞ്ഞിമാവിലെ സമരപ്പന്തലിലും തൊട്ടടുത്ത് പൈപ്പ് ലൈന്‍ പ്രവൃത്തി സ്ഥലത്തും പത്തു കിലോമീറ്ററിലധികം ചുറ്റളവിലുമായി രാവിലെ തുടങ്ങിയ സംഘര്‍ഷം വൈകിട്ട് അഞ്ച് മണിയോടെയാണ് നിലച്ചത്.

രാവിലെ ഒമ്പതരയോടെ നൂറുകണക്കിന് പൊലീസുകാര്‍ ഏറ്റുമുട്ടലിനുള്ള സര്‍വ്വ സന്നാഹത്തോടും കൂടി എത്തുകയായിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വേയും പൈപ്പിടലും പുനരാരംഭിക്കുന്നതിനായി ഗെയില്‍ അധികൃതരും ജീവനക്കാരും ഉണ്ടായിരുന്നു. എരഞ്ഞിമാവിലും പന്നിക്കോട് റോഡിലും നിര്‍മ്മിച്ച സമരപന്തലും വിവിധ സംഘടനകളുടെ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും പൊലീസ് അടിച്ചു തകര്‍ത്തു. പിന്നീട് ലാത്തിയും തോക്കുമേന്തിയ പൊലീസിന്റെ പടയോട്ടമായിരുന്നു. ഈ സമയം വിരലിലെണ്ണാവുന്ന സമരക്കാരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഗെയിലിന്റെ വാഹനം എരഞ്ഞിമാവില്‍ എത്തിയ ഉടനെ വാഹനത്തിന് നേരെ കല്ലേറ് നടന്നു. അതോടെ സംഘര്‍ഷം ഏറ്റുമുട്ടലായി മാറി.

കോഴിക്കോട് ജില്ലയിലെ വലിയ പറമ്പ് മുതല്‍ മലപ്പുറം ജില്ലയിലെ കല്ലായി വരെ അഞ്ച് മണിക്കൂര്‍ സംഘര്‍ഷഭരിതമായിരുന്നു. ഇതിനിടെ ക്ഷുഭിതരായ സമരക്കാര്‍ പൊലീസ് വാഹനങ്ങളും രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകളും തകര്‍ത്തു. ടയറുകള്‍ കത്തിച്ചു.