ചണ്ഡീഗഡ്: പട്ടാപ്പകല്‍ ഹരിയാനയില്‍ കോളജിന് പുറത്ത് വച്ച് 21കാരിയെ വെടിവച്ചു കൊന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കേ കാറില്‍ എത്തിയ സംഘമാണ് യുവതിക്ക് നേരെ നിറയൊഴിച്ചത്. ഇതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പരീക്ഷ എഴുതിയശേഷം കോളജില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. വാഹനത്തില്‍ പുറത്തിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് യുവതി ചെറുത്തു. തുടര്‍ന്ന് 21കാരിക്ക് നേരെ നിറയൊഴിച്ച് സംഘം കാറില്‍ കടന്നുകളയുകയായിരുന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയാണ് സംഭവം. ഒരു സ്ത്രീ എത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിഫലമായി. യുവതിക്ക് നേരെ നിറയൊഴിച്ച ശേഷം സംഘം കാറില്‍ കയറി ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് വിഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.