പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ല. അയല്‍വാസികളും സുഹൃത്തുക്കളും പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥികളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്.

പതിവ് പോലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ട് ദിവസമായിട്ടും വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും കണ്ണൂര്‍ പയ്യന്നൂരില്‍ വച്ചാണ് നമ്പറുകള്‍ അവസാനമായി ഓണ്‍ ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ രണ്ട് നമ്പറുകളും ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.

കാണാതായ കുട്ടികളുടെ വീടുകളിലും മുറികളിലും പൊലീസ് പരിശോധന നടത്തി. സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും വീട്ടില്‍ നിന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.