kerala

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 8,640 രൂപ

By Akhila

January 29, 2026

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഒറ്റയടിക്ക് 8,640 രൂപ ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങളാണ് സമീപകാലത്ത് സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയനിര്‍ണ്ണയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചതോടെ സ്വര്‍ണത്തിന് ആവശ്യകത ഉയര്‍ന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഇതും സ്വര്‍ണവിലയില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കി. വിലയിലെ ഈ കുതിപ്പും ചാഞ്ചാട്ടവും നിക്ഷേപകര്‍ക്ക് ഗുണകരമായിരിക്കുമ്പോള്‍, സാധാരണ ജനങ്ങള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നിലവില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമെന്നതാണ് നിലവിലെ സ്ഥിതി.