കൊച്ചി: സ്വര്‍ണവിലയില്‍ ദിനേനെയുണ്ടാവുന്ന ചാഞ്ചാട്ടം നിക്ഷേപകരിലും സാധാരണക്കാരിലും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു ഘട്ടത്തില്‍ കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോഡായ 42000 രൂപയിലെത്തിയ സ്വര്‍ണവില പിന്നീട് തുടര്‍ച്ചയായി കുറഞ്ഞ് 38240 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ സ്വര്‍ണം വാങ്ങണോ അതോ കയ്യിലുള്ള സ്വര്‍ണം കൂടിയ വിലക്ക് വിറ്റഴിക്കുന്നതാണോ കൂടുതല്‍ ലാഭകരം എന്നത് ആരിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്.

42000 രൂപയില്‍ നിന്ന് 4000 രൂപ കുറഞ്ഞ് 38000 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 240 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം നേട്ടമുണ്ടായെങ്കിലും ഔണ്‍സിന് 1,952.11 ഡോളര്‍ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി.

സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമെന്ത് എന്ന് പരിശോധിക്കുമ്പോഴാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ അതോ വിറ്റഴിക്കണോ എന്നതില്‍ ഏകദേശ ധാരണയുണ്ടാവുകയുള്ളൂ. കോവിഡ് പ്രതിസന്ധി, ഡോളറിന്റെ മൂല്യത്തകര്‍ച്ച, യു.എസ്-ചൈന തര്‍ക്കം, ഓഹരി വിപണിയിലെ ഇടിവ് തുടങ്ങിയവയാണ് സ്വര്‍ണവിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. യുഎസ്-ചൈന പ്രതിസന്ധി അയഞ്ഞതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും സ്വര്‍ണവില കുറയാനുള്ള കാരണമായി. കോവിഡ് പ്രതിസന്ധിയാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡ് വാക്‌സിനെക്കുറിച്ച് ശുഭവാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റഴിച്ചതാണ് പിന്നീട് സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായത്. റഷ്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയിച്ചതായുള്ള വാര്‍ത്തയും സ്വര്‍ണവിലയിലെ ഇടിവിന് കാരണമായി.

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ അതിജീവിച്ച് കഴിഞ്ഞതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ പ്രഖ്യാപിച്ചതോടെ മറ്റ് രാജ്യങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള കഠിശ്രമത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളടക്കം സ്‌കൂളുകള്‍ തുറക്കാനും സന്ദര്‍ശകരെ അനുവദിക്കാനുമുള്ള തീരുമാനത്തിലെത്തിക്കഴിഞ്ഞു. വിപണി ഉണര്‍ന്നു തുടങ്ങിയതിന്റെ സൂചനകളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നത്. ഇത് സ്വര്‍ണവിലയില്‍ കുറവിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകസാമ്പത്തിക മേഖല സാധാരണനിലയിലേക്ക് മടങ്ങുന്നതോടെ സ്വര്‍ണവിപണിയും സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് യോജിച്ച സമയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം സ്വര്‍ണം വാങ്ങിക്കാന്‍ കുറച്ചു കൂടി കാത്തിരിക്കലാവും നല്ലത്.