തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ 10% സാമ്പ്ത്തിക സംവരണം കൊണ്ടുവരാന്‍ പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമല്ല സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും സവര്‍ണ്ണ സംവരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദനയെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്

ഓപ്പണ്‍ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതല്‍ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് മാത്രം. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ പലനിലക്കും പ്രിവിലിജുകള്‍ അനുഭവിക്കാന്‍ അവസരമുണ്ടായ ചില ജനവിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാവുന്നു.

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോഡി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദന, സവര്‍ണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്‍മുറയിലെ ചിലര്‍ക്ക് പില്‍ക്കാലത്ത് സ്വന്തം കാരണങ്ങളാല്‍ വന്നുചേര്‍ന്ന ‘സുകൃതക്ഷയം’ മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ ‘ജനപക്ഷ’ സര്‍ക്കാരുകള്‍ നമ്മോട് പറയുന്നത്.