തിരുവനന്തപുരം: നേഴ്‌സുമാരുടെ സമരത്തില്‍ സ്വരം കടുപ്പിച്ച് സര്‍ക്കാര്‍. നേഴ്‌സുമാരുടെ മിനിമം വേതനത്തില്‍ ഇന്ന് തന്നെ തീരുമാനം വേണമെന്ന് മാനേജുമെന്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മന്ത്രിമാരും മാനേജുമെന്റുകളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

സമരത്തില്‍ ഇന്നുതന്നെ തീരുമാനം വേണം. ഇല്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാനേജുമെന്റുകളുമായുള്ള ചര്‍ച്ച താല്‍ക്കാലികമായി അവസാനിപ്പിച്ച മൂന്നു മന്ത്രിമാര്‍ അല്‍പ്പസമയത്തിനകം വീണ്ടും മാനേജുമെന്റുകളെ കാണും. ഇതില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ മുന്നോട്ടുപോകുന്നതായിരിക്കും. എന്നാല്‍ ശമ്പളം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയാണെങ്കില്‍ ഇതിനെതിരെ മാനേജുമെന്റുകള്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

സെക്രട്ടേറിയറ്റിന് മുന്നില്‍ 12 ദിവസമായി തുടരുകയാണ് നേഴ്‌സുമാരുടെ സമരം. ഇന്ന്കൂടി സമരത്തിന് തീരുമാനമായില്ലെങ്കില്‍ നാളെ സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്കും അതിനുശേഷം അനിശ്ചിതകാല പണിമുടക്കും നടത്താനാണ് നേഴ്‌സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.