kerala

പിന്‍വാതില്‍ നിയമനം സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന്റെ നീക്കം; യോഗ്യരായ യുവജനങ്ങളോടുള്ള വഞ്ചനയെന്ന് ചെന്നിത്തല

By sreenitha

January 25, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും മറ്റ് സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. പി.എസ്.സി.യെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നടപടികള്‍ കേരളത്തിലെ യോഗ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള അനര്‍ട്ടില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതു വരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ സി.എ.ഒ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ഒടുവിലത്തെ ഉദാഹരണമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതിയില്‍ ആരോപണവിധേയനായി സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട മുന്‍ സി.ഇ.ഒയുടെ ശിപാര്‍ശയാണ് സര്‍ക്കാര്‍ അതീവ ഗൗരവമായി പരിഗണിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അനര്‍ട്ടിലെ നിയമനങ്ങളില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന 2021 ലെ ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് അവിടെ കാര്യങ്ങള്‍ നടന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിലവിലെ കരാര്‍ ജീവനക്കാരെ വന്‍ ശമ്പളവര്‍ധനവോടെ കരാര്‍ പുതുക്കി നല്‍കിയതായും, ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും എംപ്ളോയ്മെന്റ് ഡയറക്ടറുടെ കത്തുകളും അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു.

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന നിയമത്തിന് വിരുദ്ധമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന വീണ്ടും പുതിയ കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ അനര്‍ട്ട് പത്രപരസ്യം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടെ ഭരണഘടനാവിരുദ്ധമായി രണ്ട് ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിയതെന്നും, നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് നടത്തിയ പരിശോധനയിലാണ് ഈ ചട്ടലംഘനം തെളിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ വര്‍ഷം ശരാശരി 33,000 ഒഴിവുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഉണ്ടാകുമ്പോള്‍, അതില്‍ മൂന്നിലൊന്നില്‍ മാത്രമാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബാക്കിയുള്ള ഏകദേശം 22,000 ഒഴിവുകള്‍ ഓരോ വര്‍ഷവും സി.പി.എംഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പങ്കുവെക്കുകയാണെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.