News
അസ്മയുടെ മരണം മുന്നറിയിപ്പായി; മലപ്പുറത്ത് വീടുകളിലെ പ്രസവം 80% കുറവായി
ഇത്തവണ മലപ്പുറത്ത് നടന്ന 36 വീടുകളിലെ പ്രസവങ്ങളില്‍ 8 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടേതാണ്
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ വീടുകളിലെ പ്രസവം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വീടുകളില്‍ നടന്ന പ്രസവങ്ങളുടെ എണ്ണം ഏകദേശം 80 ശതമാനം കുറഞ്ഞുവെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവം റിപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലയായ മലപ്പുറത്ത് ഇപ്പോള്‍ ഗണ്യമായ മാറ്റമാണ് രേഖപ്പെടുത്തുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 36 വീടുകളിലെ പ്രസവങ്ങള്‍ മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 191 ആയിരുന്നു. ഏപ്രില്‍ 5ന് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് 35 കാരിയായ അസ്മ മരിച്ച സംഭവം വീടുകളിലെ പ്രസവത്തിന്റെ അപകടസാധ്യത ബോധ്യപ്പെടുത്തുന്നതില്‍ വഴിത്തിരിവായെന്ന് ജില്ലാ പ്രത്യുത്പാദനശിശു ആരോഗ്യ ഓഫീസര്‍ ഡോ. പമീലി എന്‍.എന്‍. വ്യക്തമാക്കി.
അസ്മയുടെ മരണത്തെത്തുടര്‍ന്ന് ഗര്‍ഭിണികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാശിശു വികസന വകുപ്പ്, പൊലീസ് എന്നിവ ചേര്‍ന്നാണ് നടപടികള്‍ നടപ്പാക്കിയത്. മറ്റ് ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യങ്ങളില്‍ മതനേതാക്കളുടെ ഇടപെടലും ഫലപ്രദമായതായി അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമായി വീടുകളില്‍ പ്രസവിക്കാന്‍ തയ്യാറായിരുന്ന 40ലധികം സ്ത്രീകളെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
ഇത്തവണ മലപ്പുറത്ത് നടന്ന 36 വീടുകളിലെ പ്രസവങ്ങളില്‍ 8 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടേതാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവരും വീടുകളിലെ പ്രസവത്തിനായി മലപ്പുറത്തെത്തുന്ന സാഹചര്യം മുമ്പ് നിലനിന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ ഇതിലും കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മാതൃശിശു ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു വീടുകളിലെ പ്രസവ വര്‍ധനവ്. 2024ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 17 ശിശുമരണങ്ങളില്‍ 12 വീടുകളിലെ പ്രസവവുമായി ബന്ധപ്പെട്ടതാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇതില്‍ മുന്നില്‍ നിന്നത് മലപ്പുറമാണ്. 2019 മുതല്‍ 2024 സെപ്റ്റംബര്‍ വരെ ജില്ലയില്‍ നടന്ന 2,931 പ്രസവങ്ങളില്‍ 1,244 എണ്ണം വീടുകളിലായിരുന്നു.
വീടുകളിലെ പ്രസവങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച താനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ, കര്‍ശന സര്‍ക്കാര്‍ നടപടികളും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2023ല്‍ താനാളൂര്‍ എഫ്എച്ച്സിയില്‍ നിയമിതയായതിന് പിന്നാലെ ഒരു മാസത്തിനിടെ തന്നെ 17 വീടുകളിലെ പ്രസവങ്ങളാണ് അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നത്. അസ്മയുടെ മരണം മുന്നറിയിപ്പായതോടെ മലപ്പുറത്ത് വീടുകളിലെ പ്രസവ പ്രവണതയില്‍ വന്ന ഈ മാറ്റം മാതൃശിശു ആരോഗ്യ സുരക്ഷയ്ക്ക് നിര്‍ണായകമായ മുന്നേറ്റമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
kerala
സ്വര്‍ണ്ണക്കൊള്ളക്കേസ്; അന്വേഷണം അട്ടിമറിക്കാന്‍ പിണറായി ശ്രമിക്കുന്നു; രമേശ് ചെന്നിത്തല
കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല
കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനു നേരെ ആരോപിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുയാണെന്നും രമേശ് പറഞ്ഞു.
‘കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരില്‍ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാന്‍ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാര്‍ട്ടി സംരക്ഷിക്കുന്നത്. കൂടുതല്‍ ഉന്നതരുടെ പേര് അവര്‍ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. സത്യം പുറത്തുവരണ’മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അതിനെ ഞാന്‍ എതിര്‍ത്തു. അന്ന് ഞാനത് എതിര്ത്തില്ലായിരുന്നെങ്കില് ഇത് മുഴുവന്‍ അടിച്ചുമാറ്റിപോയേനെ. കടകംപള്ളി സുരേന്ദ്രന് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കല്‍. അതിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
‘സോണിയ ഗാന്ധിയുടെ അടുക്കല്‍ പോറ്റി എത്തണമെങ്കില്‍ അതിന് പിന്നില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുക്കലെത്തി ചെവിയില്‍ പോറ്റി എന്തിന് സംസാരിച്ചു. അതിന്റെ അര്‍ത്ഥമെന്താണ്. സോണിയ ഗാന്ധിക്ക് പോറ്റി ആരാണെന്ന് തിരിച്ചറിഞ്ഞു കാണില്ല. സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവര്‍ക്ക് ഉത്തവാദിത്തം ഉണ്ട്. കൊണ്ടു പോയവര്‍ക്ക് അയാളെ കുറിച്ച് അറിയാതിരുന്നത് കൊണ്ടാകാം കൊണ്ടുപോയത്. മുഖ്യമന്ത്രി ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറയരുത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പോലും അടുത്ത്നിന്ന് ചെവിയില്‍ സംസാരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയോടാണ് പോറ്റി സംസാരിച്ച’തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
kerala
കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡ് നവീകരണം; എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു
അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്.
കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡിന്റെ (കൊളത്തൂര്‍ ജംഗ്ഷന് മുതല്‍ എയര്‍ പോര്‍ട്ട് വരെ ) 19.35 കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് വേണ്ടി ഇന്ന് ചീഫ് ആര്‍ക്കിടെക് എഞ്ചിനീയര്‍ ബിനു ജി.യുടെ നേതൃത്വത്തില്‍ ഉള്ള എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. കൊളത്തുര്‍ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന മെയിന്‍ കവാടം റോഡിന്റെ മുഖഛായ തന്നെ മാറ്റും.
പി വി എ ലത്തീഫ്, നിയുക്ത മുന്‍സിപ്പല്‍ ചെയര്മാന് യു കെ മുഹമ്മദ്ഷാ, കൗണ്‍സിലര്‍മാരായ അബ്ദുറഹ്മാന് എന്ന ഇണ്ണി, നൗഷിദ, ചുക്കാന്‍ ബിച്ചു,. വി.അന്‍വര്‍ നൗഷാദ് മംഗലന്‍, അലി മാസ്റ്റര്‍ തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് ഓഫിസര്‍ ബിന്ദു കെ.പി,എ. ഇ ഹിഷാം. എ.പി.,ആര്‍ക്കിടെക്ടര്‍ ആയിശ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു . ഏറെ നാളത്തെ പരിശ്രമമാണ് ഫല പ്രാപ്തിയിലെത്തുന്നത് എന്ന സന്തോഷം പങ്കിടുന്നു.
kerala
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഗ്രാമിന് 12,765 രൂപ
ആഗോള വിപണിയില്‍ ഔണ്‍സിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിനുണ്ടായത്
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരത്തിലെത്തുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിനുണ്ടായത്. ഇന്നലെ ഒരുവേള അന്താരാഷ്ട്ര വിപണിയില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണവില 4500 ഡോളര്‍ പിന്നിട്ടുവെങ്കിലും പിന്നീട് വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോളവിപണിയില്‍ ഈ വര്‍ഷം മാത്രം 70 ശതമാനം വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.
ഇന്നലെ കേരളത്തില്‍ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവന് വില. വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് ഗ്രാമിന് 25 രൂപയുടെയും 14 കാരറ്റിന് 20 രൂപയുടെയും വര്‍ധനവുണ്ടായി.
ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുന്നതും വിപണിയില്‍ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 4,505.40 ഡോളറായി.
-
kerala3 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala3 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
GULF3 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala2 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
