ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനു പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂണ്‍ബെര്‍ഗ്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചും കിടങ്ങുകള്‍ കുഴിച്ചും കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജ്യാന്തരതലത്തില്‍ പിന്തുണ ഏറുന്നത്.

ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഗ്രേറ്റ ട്യൂണ്‍ബെര്‍ഗ് ട്വിറ്ററില്‍ കുറിച്ചു. കര്‍ഷക സമരത്തിനെതിരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അടങ്ങുന്ന വാര്‍ത്ത ഉള്‍പ്പെടുത്തിയാണ് ഗ്രേറ്റയുടെ ട്വിറ്റ്.

ഗ്രേറ്റയ്ക്കു മുമ്പ് പോപ് താരം റിഹാനയും കര്‍ഷകര്‍ക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് ഇതേക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് ഒരു ദേശീയമാധ്യമത്തിന്റെ വാര്‍ത്ത പങ്കുവച്ച് റിഹാന ട്വീറ്റ് ചെയ്തു. നിരവധി പേരാണ് റിഹാനയുടെയും ഗ്രേറ്റയുടെയും പോസ്റ്റ് റീട്വീറ്റ് ചെയ്യുന്നത്.