തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജി.എസ്.ടി വരുമ്പോള്‍ നിലവിലുള്ള വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും ചലച്ചിത്രപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു.

ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സിനിമകള്‍ക്ക് 28 ശതമാനം നികുതിയാണ് ഈടാക്കുക. നിലവിലുള്ള നികുതി സംവിധാനം അനുസരിച്ച് സിനിമാ ടിക്കറ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിനോദ നികുതി പിരിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാനവരുമാനമാണിത്. ജി.എസ്.ടി നടപ്പാകുമ്പോള്‍ ഇരട്ട നികുതി ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അത് സിനിമാ മേഖലയെ തകര്‍ക്കുമെന്ന ആശങ്കയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചത്.
ചരക്കുസേവന നികുതി നടപ്പാക്കുമ്പോള്‍ വിനോദ നികുതി ഒഴിവാക്കുമെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വിനോദ നികുതി ഒഴിവാക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന തുകയുടെ 15 ശതമാനം നികുതി വെച്ച് ഓരോ വര്‍ഷവും സര്‍ക്കാര്‍ വര്‍ധിപ്പിച്ച് നല്‍കും. ഇതില്‍ കൂടുതല്‍ സഹായം ആവശ്യമാണോ എന്ന കാര്യം അഞ്ചാം ധനകാര്യ കമ്മീഷന് വിടാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിന് അനുസരിച്ച് നല്‍കുന്ന നികുതിയും വിതരണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയും ഉള്‍പ്പെടെ നേരത്തെ നല്‍കിയ നികുതി തുക കിഴിച്ചുള്ള തുക സര്‍ക്കാറിന് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. തിയറ്ററുകളിലെത്തുന്ന സിനിമ പരാജയപ്പെട്ടാല്‍ അവര്‍ക്കും 28 ശതമാനം നികുതി നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവര്‍ക്ക് നികുതി അടക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ധനമന്ത്രി സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നടന്‍മാരായ ദിലീപ്, മുകേഷ് എം.എല്‍.എ, സംവിധായകന്‍ കമല്‍, നിര്‍മാതാക്കളായ സുരേഷ്‌കുമാര്‍, രഞ്ജിത്, മണിയന്‍പിള്ള രാജു തുടങ്ങി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജി.എസ്.ടി നടപ്പാക്കുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിര്‍മാണച്ചെലവും വര്‍ധിക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ നേരത്തെ ധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ജി.എസ്.ടിയിലെ നികുതി ഘടന പ്രാദേശിക സിനിമകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്നും താനടക്കമുള്ള താരങ്ങള്‍ അഭിനയം നിര്‍ത്തേണ്ടി വരുമെന്നും നടന്‍ കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു.