അഹമ്മദാബാദ്: വിദ്യാഭ്യാസം ലോകത്തെ മാറ്റി മറിക്കുന്ന ഏറ്റവും വലിയ ആയുധമായിരിക്കാം. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസം ഒരു വിഷയമേ അല്ല. ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ 29 ശതമാനം പേര്‍ മാത്രമാണ് പ്ലസ്ടുവിന് അപ്പുറം വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍. 977 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 923 പേരും പ്ലസ്ടുവോ അതില്‍ താഴെയോ വിദ്യാഭ്യാസം മാത്രമുള്ളവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തില്‍ പറയുന്നു. ഇതില്‍ 18.5 ശതമാനം പേര്‍ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ. പത്തുവരെ പഠിച്ചവര്‍ 17.2 ശതമാനം. അഞ്ചാം ക്ലാസ് വരെ പോയര്‍ 13.9 ഉം 12-ാം ക്ലാസ് വരെ പോയവര്‍ 13.2 ഉം ശതമാനമാണ്.

10.1 ശതമാനം പേരാണ് ബിരുദധാരികള്‍; 94 പേര്‍. 77 പേര്‍ക്ക് (8.3%) പ്രൊഫഷണല്‍ ഡിഗ്രിയുണ്ട്. 42 പേര്‍ മാത്രമാണ് (4.2%) ബിരുദാനന്തര ബിരുദമുള്ളവര്‍. നാലു സ്ഥാനാര്‍ത്ഥികള്‍ക്ക് ഡോക്ടറേറ്റുണ്ട്. 89 സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കുന്ന ബി.ജെ.പിയുടെ 55 ശതമാനം സ്ഥാനാര്‍ത്ഥികളും അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവരാണ്. 32 പേരാണ് ബിരുദധാരികള്‍. 86 സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുന്ന കോണ്‍ഗ്രസിന്റെ 38 പേര്‍ അഞ്ചാം ക്ലാസിനും പന്ത്രണ്ടിനുമിടയില്‍ വിദ്യാഭ്യാസമുള്ളവരാണ്. 38 പേര്‍ക്ക് ബിരുദമോ അതിലേറെ യോഗ്യതയോ ഉണ്ട്.

923 സ്ഥാനാര്‍ത്ഥികളില്‍ 137 പേര്‍ കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്ന് എ. ഡി. ആര്‍ സര്‍വേ പറയുന്നു. ബി. ജെ. പിയുടെ 25 ഉം കോണ്‍ഗ്രസിന്റെ 36 ഉം ബി. എസ്. പിയുടെ 14 ഉം ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്.