അഹമ്മാദാബാദ്: പട്ടീദാര്‍മാര്‍ക്ക് സംവരണം നല്‍കുന്നതില്‍ അനുകൂല സമീപനം സ്വീകരിച്ച സാഹചര്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആവുന്നത് എല്ലാം ചെയ്യുമെന്നും അഹമ്മാദാബാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും സമാനമാണ് എന്ന പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കകമാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ദിക് നേതൃത്വം നല്‍കുന്ന പട്ടീദാര്‍ അനാമത് ആന്ദോളന് സീറ്റ് വിഭജനത്തില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് നേരത്തെ ഇരുകക്ഷികളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധവും അരങ്ങേറിയിരുന്നു. എന്നാല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ കോണ്‍ഗ്രസിനോട് ടിക്കറ്റ് ചോദിച്ചിട്ടില്ല. ബി.ജെ.പി അടിസ്ഥാനരഹിതമായ കഥകള്‍ സൃഷ്ടിക്കുകയാണ്. അനാമത് ആന്ദോളനെ തകര്‍ക്കാന്‍ 200 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. പട്ടീദാര്‍വോട്ട് ഭിന്നിപ്പിക്കാന്‍ വേണ്ടി ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്യുന്നു’ – അദ്ദേഹം പറഞ്ഞു. എന്നാല്‍ പട്ടേല്‍ യുവാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, സമിതി 10 സീറ്റ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയില്‍ 12 ശതമാനത്തിലേറെ വരുന്ന പട്ടേല്‍മാര്‍ 60 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്.

അതിനിടെ ഹര്‍ദിക് പട്ടേലിന്റെ പിന്തുണയ്ക്ക് കോണ്‍ഗ്രസ് നന്ദി അറിയിച്ചു. പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിക്കും ഹാര്‍ദിക് പട്ടേലിനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തയത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പട്ടേല്‍മാരുടെ പിന്തുണ സഹായകരമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം പാട്ടിദാര്‍ സമിതിയുമായി കോണ്‍ഗ്രസ് എന്തു ധാരണയാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ കപില്‍ സിബല്‍ തയ്യാറായില്ല. ഗുജറാത്തിലെ വിജയമാണ് പ്രധാനമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷക്കാലം കൂടെനിന്ന പട്ടേല്‍ സമുദായത്തെ വഞ്ചിക്കുകയാണ് ബിജെപി ചെയ്തതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാക്കളുമായുള്ള ആദ്യഘട്ട ചര്‍ച്ചകളില്‍ ഭാഗഭാക്കായിരുന്നു കപില്‍സിബല്‍.