അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെ: മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ? സ്വകാര്യ സ്‌കൂളില്‍ നടത്തിയ ഇന്റേണല്‍ പരീക്ഷയിലാണ് ഈ ചോദ്യം വന്നത്. സംഭവം വിവാദമായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതേ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം ആരംഭിച്ചു.

സുഫലം ശാല വികാസ് സന്‍കുല്‍ എന്ന സംഘടനയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സന്‍കുല്‍ എന്ന സംഘടനക്ക് സര്‍ക്കാര്‍ ധനസഹായവും ലഭിക്കുന്നുന്നുണ്ട്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്‌കൂളുകളിലെ പരീക്ഷയിലാണ് വിചിത്രമായ ഈ ചോദ്യം.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യം ഇങ്ങനെ: ‘നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്റെ വില വര്‍ദ്ധിച്ചതിനെക്കുറിച്ചും മദ്യം ഒളിച്ചു കടത്തുന്നവന്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക?

ശനിയാഴ്ച നടന്ന ഇന്റെണല്‍ പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദമായതോടെ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വധേര്‍ അറിയിച്ചു. ചോദ്യങ്ങള്‍ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശമാണെന്ന് ഭാരത് വധേര്‍ പറഞ്ഞു. സുഫലം ശാല വികാസ് സന്‍കുലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.