ന്യൂഡല്‍ഹി: ക്രിക്കറ്റിന് പുറത്ത് പുതിയ ഇന്നിങ്‌സിന് തുടക്കമിടാനൊരുങ്ങി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹര്‍ഭജന്‍ സിങ് മത്സരിച്ചേക്കും. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലന്ധര്‍ സീറ്റിലാവും മത്സരിക്കുകയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

നേരത്തെ ബി.ജെ.പി വിട്ട മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ദു അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തകള്‍ക്ക് ബലമേകി. പിന്നാലെയാണ് ഹര്‍ഭജനും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

103 ടെസ്റ്റുകളും 236 ഏകദിനങ്ങള്‍ക്കും ഇന്ത്യക്കായി പന്തെറിഞ്ഞ ഹര്‍ഭജന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ പ്രത്യക്ഷപ്പെട്ടത് 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിലാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. ടീമിലേക്ക് മടങ്ങിവരവ് ഏറെക്കുറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഹര്‍ഭജന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ വരുന്നത്.