അഹമ്മബദാബാദ്: ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്രപട്ടേലാണ് ബി.ജെ.പിയെ ഞെട്ടിച്ച നടപടിയുമായി രംഗത്തെത്തിയത്.

bjp-cash-patidar-patel-quota_650x400_81508726787

ഞായറാഴ്ച്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഏറെ നാടകീയമായി രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ലഭിച്ച പത്തുലക്ഷം രൂപയുമായാണ് നരേന്ദ്രപട്ടേല്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ഹാര്‍ദ്ദിക് പട്ടേലിന്റെ അനുയായിരുന്ന വരുണ്‍ പട്ടേല്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. വരുണ്‍ പട്ടേല്‍ വഴി തനിക്കും ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും പത്തുലക്ഷം രൂപ നല്‍കിയെന്നും നരേന്ദ്രപട്ടേല്‍ പറഞ്ഞു. ഒരു കോടി രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും പട്ടേല്‍ വ്യക്തമാക്കി. പത്തുലക്ഷം നല്‍കിയതിനു ശേഷം ബാക്കി 90ലക്ഷം തിങ്കളാഴ്ച്ച നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് മുഴുവനായി തന്നാലും താന്‍ മാറില്ലെന്നായിരുന്നു നരേന്ദ്രപട്ടേലിന്റെ വാക്കുകള്‍. പട്ടീദാര്‍ അനാമത് ആന്തോളന്‍(പി.എ.എസ്.എസ്)സിമിതിയില്‍ നിന്ന് വരുണ്‍ പട്ടേലിനൊപ്പം രേഷ്മ പട്ടേലും മറ്റൊരു അംഗവും ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. ഇത് അടിസ്ഥാന രഹിതമാണെന്ന് വരുണ്‍ പറഞ്ഞു. പട്ടീദാറുമാരുടെ ബി.ജെ.പിയിലേക്കുള്ള പോക്കില്‍ കോണ്‍ഗ്രസ്സിനുള്ള ആശങ്കയാണിതെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം നിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തി. ഇതൊരു നാടകമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.