ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷക റാലിക്കായി എത്തിയ കിസാന്‍ ക്രാന്തി സേന ദേശീയ പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. അതര്‍ത്താലിലെ മഹാരാജ്പൂരില്‍ വെച്ചാണ് ഹര്‍ദികിന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുട്ടയും ചെരിപ്പുമെറിഞ്ഞത്.
നേരത്തെ ജബല്‍പൂരില്‍ കര്‍ഷക റാലിക്കെത്തിയ ഹര്‍ദികിന് നേരെ റാണിതാല്‍, ആഗ് ചൗക്ക് എന്നിവിടങ്ങില്‍ വെച്ച് ബി. ജെ. പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റു ചെയ്തതായി ജബല്‍പൂര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. മോട്ടോര്‍ സൈക്കിളിലെത്തിയ ബി. ജെ.പി പ്രവര്‍ത്തകര്‍ ചെരിപ്പും മുട്ടയും ഹര്‍ദികിന്റെ വാഹനത്തിന് നേരെ എറിയുകയും ഒരു പ്രവര്‍ത്തകന്‍ തോക്കു ചൂണ്ടിയതായും കോ ണ്‍ഗ്രസ് നേതാവ് സഞ്ജയ് യാദവ് ആരോപിച്ചു. ഹര്‍ദികിന് സുരക്ഷ ഒരുക്കുന്നതിന് പകരം കര്‍ഷകര്‍ റാലിക്കെത്തുന്നത് തടയാന്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയാണെന്നും യാദവ് പറഞ്ഞു. പത്തു ദിവസത്തെ കര്‍ഷക സമരം സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഹര്‍ദിക് പട്ടേലിന്റെ റാലികളില്‍ നിന്നും ജനങ്ങളെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച ഹര്‍ദിക് പട്ടേല്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷക, യുവജന വിരുദ്ധ സര്‍ക്കാറാണെന്ന് ആരോപിച്ചു. വിദര്‍ഭ, മറാത്തവാഡ എന്നീ മേഖലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് അഞ്ചു തവണ ഏറ്റവും കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിച്ചതിന് പുരസ്‌കാരം നേടിയ മധ്യപ്രദേശിലാണെന്നും ഹര്‍ദിക് ആരോപിച്ചു.