ലക്‌നൗ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന കാര്യം ടീം പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞതെന്നും അത് ഹൃദയം തകര്‍ത്തുവെന്നും തുറന്നു പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ.
ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തിലാണ് ജിതേഷ് മനസുതുറന്നത്. ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പ് ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിതേഷ് പറഞ്ഞു. പിന്നീട് ചീഫ് സെലക്ടറും പരിശീലകനും നല്‍കിയ വിശദീകരണങ്ങള്‍ ന്യായമായതായി തോന്നിയെന്നും, അവരോടു നടത്തിയ സംഭാഷണത്തിന് ശേഷം തീരുമാനത്തോട് പൊരുത്തപ്പെടാനായെന്നും ജിതേഷ് വ്യക്തമാക്കി.
എന്നിരുന്നാലും, പുറത്താക്കിയ തീരുമാനം മാനസികമായി ഏറെ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ടി20 ലോകകപ്പില്‍ കളിക്കാനായി ഞാന്‍ അതീവ കഠിനമായി പരിശ്രമിക്കുകയും വലിയ ആഗ്രഹം പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്,’ ജിതേഷ് പറഞ്ഞു.
കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും ആര്‍സിബി മെന്റര്‍ ദിനേശ് കാര്‍ത്തിക്കുമായി നടത്തിയ സംഭാഷണവും കുറച്ചെങ്കിലും ആശ്വാസം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പോലും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയായിരുന്നു.
ടീമിലെ ബാറ്റിംഗ് ക്രമമാറ്റങ്ങളും സെലക്ഷന്‍ തീരുമാനങ്ങളും ജിതേഷിന്റെ അവസരങ്ങളെ ബാധിച്ചു. ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയതോടെയാണ് ജിതേഷ് മധ്യനിരയില്‍ അവസരം നേടിയത്. പിന്നീട് ഫിനിഷറെന്ന നിലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര മുതല്‍ ജിതേഷ് പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുകയും സഞ്ജു പുറത്താവുകയും ചെയ്തു.
എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജു വീണ്ടും ഓപ്പണറായതോടെ ജിതേഷ് ശര്‍മ്മയുടെ അവസരം അവസാനിച്ചു. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.