അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് 17 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്ക്, തെക്ക്, പടിഞ്ഞാറ്, തെക്ക്കിഴക്ക് മേഖലകളിലാകെ ശക്തമായ മഴ ജനജീവിതം പൂര്‍ണമായും ദുസ്സഹമാക്കി.
ഹെറാത്ത് പ്രവിശ്യയിലെ കബ്കാന്‍ ജില്ലയില്‍ വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്ന് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മിന്നല്‍ പ്രളയം മൂലം നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അഫ്ഗാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ദുരന്തത്തില്‍ 1800ലേറെ കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. വിവിധ സഹായ ഏജന്‍സികള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും തുടരുകയാണെന്ന് ദുരന്തനിവാരണ അതോറിറ്റി വക്താവ് മുഹമ്മദ് യൂസഫ് ഹമ്മദ് അല്‍ ജസീറയോട് പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. ഇതിനിടെയാണ് വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതോടെ അഫ്ഗാനിസ്ഥാനിലെ മാനവിക സാഹചര്യം കൂടുതല്‍ ഗുരുതരമാകുന്നുവെന്നാണ് വിലയിരുത്തല്‍.