kerala

ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ വെയില്‍ നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണം

By webdesk17

March 11, 2025

 

ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ നേരിട്ടു വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചര്‍മ, നേത്ര രോഗങ്ങള്‍ ഉള്ളവരും കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങളോ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

മാര്‍ച്ച് പകുതിക്കു ശേഷം സൂര്യന്‍ ഉത്തരാര്‍ധഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നതു കൂടും. ചര്‍മ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ഇതു വഴി വയ്ക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് സ്യൂര്യാതപം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാരമായ പൊള്ളലിനും കാരണമാകും. പകല്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കണം.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. തൊഴില്‍ദായകര്‍ ജോലി സമയം ക്രമീകരിക്കണമെന്നു തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടു.

പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റം; രണ്ട് വില്ലേജുകളില്‍ ഇന്ന് ഡിജിറ്റല്‍ സര്‍വേ

സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ സജ്ജീകരിക്കും.

അതേസമയം ഈയാഴ്ച സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശമിക്കുന്നതോടെ ചൂട് വീണ്ടും കൂടും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് പെട്ടെന്നു കൂടുന്നത് ചൂട് കൂടുതല്‍ അനുഭവവേദ്യമാകുന്ന താപസൂചിക വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മേഘാവൃതമാകുന്നതിനാല്‍ ചൂട് കുറയും. വടക്കന്‍ ജില്ലകളില്‍ താപനില ഉയര്‍ന്നു നില്‍ക്കും. വടക്കന്‍ ജില്ലകളില്‍ മഴയെത്താന്‍ അല്‍പ്പം താമസം നേരിടുന്നതിനാലാണിത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്.