columns
ഹിജ്‌റ: ചിന്തയും ചരിത്രവും-ടി.എച്ച് ദാരിമി
ത്യാഗങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്നു എന്ന പാഠത്തിന്റെ നേര്‍ചിത്രമാണ് ഹിജ്‌റ.
നബി തിരുമേനി (സ) യുടെ മദീനാഹിജ്‌റ നടക്കുന്നത് അറബി കലണ്ടറിലെ മൂന്നാമത്തെ മാസത്തിലാണ്. എന്നിട്ടും മുഹറം എന്ന ഒന്നാം മാസത്തില്‍ തുടങ്ങുന്ന കലണ്ടറിന് ഹിജ്‌റാകലണ്ടര്‍ എന്ന് പേര് വന്നു എന്നതില്‍നിന്ന്തന്നെ ഹിജ്‌റയുടെ പ്രാധാന്യം മനസ്സിലാക്കാം. അറബികള്‍ക്കിടയില്‍ കാലഗണനയില്‍ മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങളുടെ കണക്ക് പറയേണ്ടിവന്നാല്‍ അവര്‍ ആ വര്‍ഷത്തില്‍ നടന്ന പ്രധാന സംഭവങ്ങളെ ആധാരമാക്കാറായിരുന്നു പതിവ്. നബി (സ) യുടെ കാലത്തും അങ്ങനെയായിരുന്നു. പിന്നീട് ഹിജ്‌റ 17 ല്‍ രണ്ടാം ഖലീഫ ഉമര്‍ (റ) വിന്റെ കാലത്തായിരുന്നു ഒരു കലണ്ടറിന്റെ അഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഇറാഖിലെ ബസ്വറയിലെ ഗവര്‍ണ്ണര്‍ അബൂ മൂസാ അല്‍ അശ്അരിയാണ് അത് ആദ്യം ശ്രദ്ധയില്‍ പെടുത്തിയത്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന കത്തുകുത്തുകള്‍ വര്‍ഷം ഇല്ലാത്ത കാരണത്താല്‍ ചില വിഷമങ്ങള്‍ സൃഷ്ടിക്കുന്നതായും അതു പരിഹരിക്കാന്‍ കലണ്ടര്‍ ഗണന വേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതു ബോധ്യപ്പെട്ട ഖലീഫ പ്രധാന സ്വഹാബിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യുകയും കലണ്ടര്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അപ്പോഴാണ് കലണ്ടറിന്റെ ആധാരത്തെ കുറിച്ച് അവര്‍ ചിന്തിച്ചത്. നബിയുടെ ജനനം, മരണം തുടങ്ങി പലതും പലരും നിര്‍ദ്ദേശിച്ചുവെങ്കിലും ഖലീഫക്ക് അതൊന്നും ബോധിച്ചില്ല. അതിനേക്കാള്‍ വലിയ ഒരു അര്‍ഥത്തിലേക്കും ആശയത്തിലേക്കും എത്തിച്ചേരാന്‍ പരതുകയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. അപ്പോഴാണ് അലി (റ) ഹിജ്‌റ എന്ന ആശയം വെച്ചതും അത് പ്രഥമദൃഷ്ട്യാതന്നെ എല്ലാവരും അംഗീകരിച്ചതും. സത്യവും അസത്യവും വേര്‍തിരിഞ്ഞത് ഹിജ്‌റയിലാണ് എന്നായിരുന്നു ഉമര്‍ (റ) അതിനു പറഞ്ഞ ന്യായം. അവരുടെ ഇടയിലെ എക്കാലത്തേയും വലിയ സംഗമം ആയ ഹജ്ജ് കഴിഞ്ഞ് തുടങ്ങുന്ന മുഹറം കൊണ്ടുതന്നെ മാസങ്ങള്‍ തുടങ്ങട്ടെ എന്നും തീരുമാനിക്കപ്പെട്ടു. കേവലം പലായനം എന്നതിനുമപ്പുറം വലിയ ആശയം ഹിജ്‌റ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു.
പ്രപഞ്ചത്തില്‍ മനുഷ്യന്‍ എന്ത് നേടുന്നതും ഒരുപക്ഷേ യാദൃഛികമായിട്ടായിരിക്കാം. അല്ലെങ്കില്‍ അധ്വാനത്തിനോ വിലക്കോ പകരമായി നേടിയെടുക്കുന്നതായിരിക്കാം. പകരവും വിലയും ശ്രമമാവാം, സമയമാവാം, സമ്പത്താകാം, ആയുസ്സാകാം, ശേഷിയാവാം. ഇവ രണ്ടില്‍ ഏറ്റവും ഹൃദ്യമാകന്നത് രണ്ടാമത്തേ രീതിയില്‍ നേടിയെടുക്കുന്നതിനാണ്. അഥവാ ത്യാഗത്തിന്റെ ശമ്പളമായി നേടുന്നതിന്. കാരണം അപ്പോള്‍ മനുഷ്യന്റെ മനസ്സ് ഉണരുകയും ലക്ഷ്യത്തെ താല്‍പര്യപൂര്‍വം ജാഗ്രവത്തായി പിന്തുടരുകയും ചെയ്യുന്നു. കാരണം, അപ്പോള്‍ അവന്‍ തന്നിലേക്ക് വന്ന്കയറുന്ന സൗഭാഗ്യത്തെകുറിച്ചുള്ള നിറ പ്രതീക്ഷയിലായിരിക്കും. ഈ പ്രപഞ്ച തത്വം മനുഷ്യന്റെ ജീവിതാനുഭവങ്ങളിലെ സത്യമാണ്. ഈ തത്വം മുതലാണ് ഹിജ്‌റയെ സമകാലികമായി വായിച്ചു തുടങ്ങുന്നത്. ഹിജ്‌റയില്‍ നബി (സ) തന്റെ നാട്, കുടുംബങ്ങള്‍, ജീവിത പരിസരങ്ങള്‍ എന്നിവയെല്ലാം ത്യാഗം ചെയ്യുകയായിരുന്നു. അവ ഓരോന്നും കൈവിടുമ്പോള്‍ വരാനിരിക്കുന്ന സുന്ദര ലോകത്തിന്റെ ചിത്രം നബിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുകയായിരുന്നു. അത് പൂര്‍ണമായും കിട്ടുകയും ചെയ്തു.
പിറന്നുവീണ നാട്ടില്‍നിന്ന് പുറത്തുപോകാന്‍ നബി (സ) ആഗ്രഹിച്ചതായിരുന്നതല്ല. ഹിജ്‌റയുടെ സന്ദര്‍ഭത്തില്‍ മക്കയോടുള്ള തന്റെ ഗൃഹാതുരത്വം നബി (സ) പ്രകടിപ്പിച്ചു. മക്കയെ കാണാന്‍ കഴിയുന്ന അവസാനത്തെ കുന്നില്‍നിന്ന് നോക്കി നബി (സ) നിശ്വസിച്ചു: മക്കാ നഗരമേ, ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടം നിന്നോടാണ്. നിന്നെ വിട്ടുപോകാന്‍ എനിക്കിഷ്ടമില്ല. നിന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാനിവിടെനിന്ന് പോകുമായിരുന്നില്ല എന്ന് നബി (സ) ആത്മഗതം ചെയ്തു. തന്റെ മഹാദൗത്യത്തിന് വേണ്ടി ചെയ്യാന്‍ പോകുന്ന മഹാ ത്യാഗത്തിന്റെ ആഴവും പരപ്പും ഇവിടെ അനുഭവിക്കുകയാണ്. ഈ ത്യാഗത്തിന്റെ ഫലത്തിലുള്ള ആ മനസ്സിന്റെ പ്രതീക്ഷയുടെ തിളക്കവും ഹിജ്‌റ യാത്രയില്‍ തന്നെ അനുഭവിക്കുന്നുണ്ട്. അത് പ്രകടമായി നമുക്കനുഭവപ്പെടുന്ന രണ്ട് രംഗങ്ങള്‍ ഉണ്ട്. ഖുറൈശികളുടെ കണ്ണില്‍ പെടാതെ നബി (സ)യും അനുചരനും നേരെ സൗറ് ഗുഹയിലേക്ക് പോവുകയും ആ ഗുഹയില്‍ കയറിയിരിക്കുകയും ചെയ്ത സമയത്തുണ്ടായതാണ് ഒന്ന്. രണ്ടു മൂന്നു ദിവസം സൗറ് ഗുഹയില്‍ തങ്ങാന്‍ തന്നെയായിരുന്നു നബി (സ) തീരുമാനിച്ചിരുന്നത്. ഖുറൈശികളുടെ നീക്കങ്ങള്‍ തിരിച്ചറിയുകയും അവരുടെ ദേഷ്യവും ബഹളങ്ങളും കെട്ടടങ്ങിയതിനുശേഷം പതുക്കെ ഗുഹയില്‍നിന്ന് പുറത്തിറങ്ങി യാത്ര തുടരാനുമായിരുന്നു പരിപാടി. തിരുമേനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഖുറൈശിപ്പട മദീനയിലേക്കുള്ള പാത അരിച്ചുപെറുക്കി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇടക്ക് സൗറ് ഗുഹയുടെ അരികെയും അവരെത്തുകയുണ്ടായി. ശത്രുക്കള്‍ വെറുതെ ഒന്ന് താഴോട്ടു നോക്കിയാല്‍ നമ്മെ കണ്ടേക്കുമല്ലോ എന്ന് അബൂബക്കര്‍ (റ) ആശങ്കപ്പെട്ട സമയത്ത് നബി (സ) പറഞ്ഞ വാക്കുകളില്‍ ആ പ്രതീക്ഷ തെളിയുന്നു.
രണ്ടാമത്തെ രംഗം സുറാഖ ബിന്‍ മാലിക് അവരെ കയ്യോടെ പിടികൂടിയ സമയത്തുണ്ടായതാണ്. ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമായ നൂറ് ഒട്ടകമായിരുന്നു അയാളുടെ ഉദ്ദേശ്യം. പക്ഷേ, അല്ലാഹുവിന്റെ സഹായം അവരെത്തേടിയെത്തി. ആവേശത്തോടെ പ്രവാചകനെ ഉന്നംവെച്ച് നീങ്ങിയ സൂറാഖയുടെ ഒട്ടകം ആ സഹായത്താല്‍ മൂക്കുകുത്തി മറിഞ്ഞുവീണു. അതിന് മുമ്പും രണ്ട് തവണ സുറാഖയുടെ ഒട്ടകം വീണിരുന്നു. മൂന്നാമതും അങ്ങിനെ സംഭവിച്ചപ്പോള്‍ സുറാഖ അതൊരു അപലക്ഷണമായി കണ്ടു. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അയാള്‍ പ്രവാചകനെ വിളിച്ചു, ഒന്നു നില്‍ക്കൂ. സുറാഖത്തുബ്‌നു മാലികുബ്‌നു ജഅശ് ആണ് ഞാന്‍. എനിക്കങ്ങയോട് ചിലത് സംസാരിക്കാനുണ്ട്. നിങ്ങള്‍ക്ക് ദോഷകരമായതൊന്നും ഞാന്‍ ചെയ്യുകയില്ലെന്നിതാ ഉറപ്പുതരുന്നു. അങ്ങനെ അവിടെ വെച്ച് അവര്‍ സംസാരിച്ചു. അതിനൊടുവില്‍ നബി (സ) പ്രഖ്യാപിച്ചു: സുറാഖാ, കിസ്‌റയുടെ അധികാര വളകള്‍ നിന്നെ അണിയിച്ചാല്‍ എങ്ങനെയിരിക്കും. പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റയുടേയോ?; സുറാഖ അത്ഭുതപ്പെട്ടു. അതെ, പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റ തന്നെ. മക്കയില്‍ നിന്ന് മദീനയിലേക്ക് മരുഭൂമിയിലൂടെ അഭയം തേടി പോകുന്ന ഒരാളുടെ പ്രഖ്യാപനം ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച ശുഭപ്രതീക്ഷയുടേതായിരുന്നു. പിന്നീട് അത് പുലരുന്നതും കണ്ടു.
ദൗത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തമാണ് ഹിജ്‌റ പുതിയ മനുഷ്യന് മുമ്പില്‍ നിവര്‍ത്തുന്ന മറ്റൊരു അധ്യായം. പുതിയ കാലത്തിന് വിജയങ്ങളേക്കാളേറെ പറയാന്‍ ഉള്ളത് പരാജയങ്ങളാണ്. പ്രബോധനം മുതല്‍ കച്ചവടം വരെ അവതരണം മുതല്‍ രചന വരെ ഓരോ കാര്യങ്ങളും തുടക്കത്തില്‍ തന്നെയോ അല്ലെങ്കില്‍ അധികം വൈകാതെയോ നിരാശയില്‍ ചെന്നടിയുന്നത് സാധാരണമാണ്. എന്താണ് ഇതിന് കാരണം എന്ന് ചികയുമ്പോള്‍ മനസ്സിലാകും, ആര്‍ത്തി, ധൃതി, പിന്‍ ലക്ഷ്യങ്ങള്‍ തുടങ്ങിയവയില്‍ മനസ്സ് ഉടക്കിപ്പോകുകയും അവയുടെ ആധിക്യം കാരണം ശ്രമം ക്ഷയിച്ചുപോകുകയും ചെയ്യുന്നതുകൊണ്ടാണ് എന്ന്. പ്രതീക്ഷക്ക് ചെറിയ താളപ്പിഴ സംഭവിക്കുമ്പോഴേക്ക് നിരാശ മനസ്സിനെ കയറി കീഴ്‌പെടുത്തുന്നു. സത്യത്തില്‍ ജീവിതത്തിലെ ഏതു ദൗത്യവും വിജയിക്കുന്നത് ശ്രമങ്ങള്‍ നിരന്തരവും നിരാശാ വിമുക്തങ്ങളുമാകുമ്പോഴാണ്. പ്രതീക്ഷയും പ്രത്യാശയുമെല്ലാം ജ്വലിച്ചുനില്‍ക്കുന്നതോടൊപ്പംതന്നെ നിരാശ ഒരിക്കലും കടന്നുവരാത്തവിധം ശ്രമത്തെ സജീവമാക്കി നിറുത്തണം. ചെറിയ ഒരു തിരിച്ചടിയോ പരാജയമോ കാണുമ്പോഴേക്കും മനസ്സ് തളര്‍ന്ന് പിന്‍മാറുകയോ നിരാശയില്‍ ഖിന്നനാവുകയോ ചെയ്യുന്നവന് ഒരിക്കലും വിജയിക്കാന്‍ കഴിയില്ല. പരാജയം പിന്‍മാറാന്‍ ഉള്ള ന്യായമല്ല, മറ്റൊരു വഴിക്ക് ശ്രമത്തെ പൂര്‍വാധികം ശക്തമായി തിരിച്ചുവിടാനുളള സൂചനയാണ്. ഹിജ്‌റയോളമെത്തുന്ന നബി (സ)യുടെ ദൗത്യ ശ്രമങ്ങളില്‍ ഈ നൈരന്തര്യം കാണാം.
നബി (സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് പരിഹാസത്തിന്റേതായിരുന്നു. മാനസികമായി അനുഭവിക്കുന്ന ഈ പീഡനം കാരണം ചിലപ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചേക്കാം എന്നായിരുന്നു ശത്രുക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ നബി (സ)യുടെ ജീവിതത്തില്‍ അതുണ്ടായില്ല. അദ്ദേഹവും കൂട്ടുകാരും ധീരമായി മുന്നേറുകതന്നെ ചെയ്തു. അപ്പോഴാണ് രണ്ടാമത്തെ ഘട്ടം തുടങ്ങുന്നത്. മര്‍ദ്ദനമായിരുന്നു ഈ ഘട്ടത്തില്‍. നബി(സ)യും അതിലുപരി ആദ്യകാല മുസ്‌ലിംകളില്‍ പലരും കഠിനമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരായി. അപ്പോഴെല്ലാം സ്വന്തം മനസ്സില്‍ ആദര്‍ശം കൂടുതല്‍ ശക്തിപ്പെട്ടു എന്നതിനോടൊപ്പം പ്രതിയോഗികളില്‍ ചിലര്‍ക്കെങ്കിലുമുണ്ടായ സഹതാപം ഇസ്‌ലാമിന് അനുകൂല തരംഗമുണ്ടാക്കുകയും ചെയ്തു. ശത്രുക്കളുടെ ഈ നീക്കവും പരാജയപ്പെട്ടപ്പോഴാണ് അടുത്ത ഘട്ടം തുടങ്ങുന്നത്. ഉന്മൂലനത്തിന്റേതായിരുന്നു അത്. നബി (സ)യെ നാടുകടത്തുകയോ വധിക്കുകയോ ചെയ്യുകയെന്നത് ശത്രുക്കളുടെ മുഖ്യ അജണ്ടയായിരുന്നുവെങ്കിലും നബിക്കുണ്ടായിരുന്ന ശക്തമായ ജനസമ്മതി കാരണം അവരതിന് പെട്ടെന്ന് മുതിര്‍ന്നില്ല. എന്നാല്‍ പിതൃവ്യന്‍ അബൂത്വാലിബിന്റെയും ഭാര്യ ഖദീജ (റ)യുടെയും നിര്യാണം ഈ അജണ്ട നടപ്പിലാക്കുന്നതിന് അവര്‍ക്ക് സഹായകമായി. ഈ സമയത്താണ് നബി (സ) മക്കയില്‍ തന്റെ ശ്രമം ഇനി വേണ്ടത്ര വേഗതയില്‍ വിജയിക്കണമെന്നില്ല എന്ന് തിരിച്ചറിയുന്നതും ത്വാഇഫ് യാത്ര നടത്തുന്നതും. അത് വിജയിച്ചില്ല. പക്ഷേ എന്നിട്ടും നബിക്ക് നിരാശ ഉണ്ടായില്ല. വീണ്ടും നടത്തിയ ശ്രമങ്ങളിലാണ് അഖബാ ഉടമ്പടികള്‍ ഉണ്ടാകുന്നത്. അതിന്റെ അവസാനം അഥവാ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഹിജ്‌റ നടക്കുമ്പോള്‍ നബി (സ) യുടെ നിരന്തര ശ്രമം വിജയത്തോടടുക്കുകയായിരുന്നു. ആ ഹിജ്‌റ പിന്നീട് മഹാവിജയങ്ങളിലേക്ക് നബി(സ)യെയും ആദര്‍ശത്തെയും നയിക്കുകയായിരുന്നു. ത്യാഗങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്നു എന്ന പാഠത്തിന്റെ നേര്‍ചിത്രമാണ് ഹിജ്‌റ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india19 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment23 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india21 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india22 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

