india

ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന; 10 പേര്‍ അറസ്റ്റില്‍

By webdesk17

December 30, 2025

ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന. തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലാണ് സംഭവം. നഗരത്തില്‍ റോഡരികില്‍ നൂറുകണക്കിന് ആയുധങ്ങള്‍ നിരത്തിവെച്ച് സ്റ്റാള്‍ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകള്‍, മഴു, കുന്തം എന്നിവയുള്‍പ്പെടെ നിരവധി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റാളില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് ജയ്ശ്രീറാം മുഴക്കി വീടുകളില്‍ പോയി ഇവ വിതരണം ചെയ്തു. ഹിന്ദു രക്ഷാ ദളിന്റെ (എച്ച്ആര്‍ഡി) പ്രവര്‍ത്തകരാണ് ആളുകള്‍ക്ക് വാഴുകള്‍ വിതരണം ചെയ്യുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് തിങ്കളാഴ്ച 10 പേരെ അറസ്റ്റ് ചെയ്തു. സംഘവുമായി ബന്ധമുള്ള 10 പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തതായി ഷാലിമാര്‍ ഗാര്‍ഡന്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു. നിലവില്‍ ഒളിവിലുള്ള എച്ച്ആര്‍ഡി മേധാവി പിങ്കി ചൗധരിയെയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിഹാദികളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വാളുകള്‍ കൈമാറിയത്. ‘ആരെങ്കിലും നിങ്ങളുടെ സഹോദരിയെയോ മകളെയോ ദുരുദ്ദേശ്യത്തോടെ നോക്കിയാല്‍ ഇത് ഉപയോഗിക്കണം. വിതരണം ചെയ്ത വാളുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും ഇവര്‍ ആളുകളെ പഠിപ്പിച്ചു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂന്ന് സ്റ്റേഷനുകളില്‍നിന്ന് പൊലീസ് സ്ഥലത്തെത്തി. നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച ചിലരെ പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് നിന്ന് ധാരാളം വാളുകള്‍ കണ്ടെടുത്തു.

ചൗധരി ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 191(2), മാരകായുധങ്ങളുമായി കലാപം നടത്തിയതിന് 191(3), അന്യായമായി തടങ്കലില്‍ വച്ചതിന് 127(2), ഷാലിമാര്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലോ (ഭേദഗതി) നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

‘വൈറല്‍ വീഡിയോകളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എച്ച്ആര്‍ഡി അംഗങ്ങള്‍ ആളുകള്‍ക്ക് വാളുകള്‍ പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി വീഡിയോകള്‍ കാണിക്കുന്നു. ഇത് നാട്ടുകാരില്‍ ഭയം സൃഷ്ടിച്ചു. ചൗധരിയും എഫ്‌ഐആറില്‍ പേരുണ്ട്, അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.