kerala
പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം
സംഭവത്തില്‍ വധശ്രമത്തിന് ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തില്‍ വധശ്രമത്തിന് ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അശ്വിന്‍ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.
ആക്രമണത്തില്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചത്. പുതുശ്ശേരി സുരഭിനഗറില്‍ ഇന്നലെ രാത്രി 9.15നാണു സംഭവം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്– ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കരോള്‍ സംഘം കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദര്‍ശിച്ചു. കാരോള്‍ സംഘത്തിന്റെ ബാന്‍ഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.
kerala
കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ നടപടി; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും നോട്ടീസ്
കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും നോട്ടീസ് അയച്ച് കോടതി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസില്‍ വിശദീകരണം നല്‍കാനാണ് കോടതി നോട്ടീസ് അയച്ചത്.
നേരത്തെ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി. മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
2024 ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു.
അന്നുരാത്രിതന്നെ മേയര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
kerala
മലപ്പുറം ചങ്ങരംകുളത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി
വീടിനോട് ചേര്‍ന്ന് കവുങ്ങിന് കുഴിയെടുത്തപ്പോഴാണ് രണ്ട് വലിയ കുടങ്ങള്‍ ചേര്‍ന്ന അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തിയത്.
മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരില്‍ അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി. കഴിഞ്ഞ ദിവസം ചിയ്യാനൂരില്‍ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേര്‍ന്ന് കവുങ്ങിന് കുഴിയെടുത്തപ്പോഴാണ് രണ്ട് വലിയ കുടങ്ങള്‍ ചേര്‍ന്ന അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് അവയെന്നാണ് നിഗമനം.
മഹാശിലാ സംസ്‌കാരകാലത്തേതെന്നു കണക്കാക്കുന്ന നന്നാങ്ങാടികള്‍ അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ച രീതിയിലാണ് ഇരിക്കുന്നത്. നന്നങ്ങാടിയുടെ വക്ക്, ഉടല്‍, അടിഭാഗം എന്നിവ സാധാരണ കണ്ടുവരാറുള്ളവയില്‍നിന്ന് വ്യത്യസ്തമായാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ അലങ്കാരപ്പണികളും നന്നങ്ങാടിയില്‍ കണ്ടെത്തിയിട്ടുണ്ട്. ചതുരക്കള്ളികളുടെ വളരെ അപൂര്‍വമായ ഡിസൈന്‍ കാണാം.
നന്നങ്ങാടിയുടെ അടിഭാഗത്തായുള്ള മൊട്ടുപോലുള്ള ഭാഗവും വളരെ അപൂര്‍വമായാണ് ഇരിക്കുന്നത്. പരന്ന മൂടിക്കല്ലിനുപകരം ഉരുണ്ടകരിങ്കല്ലാണ് മൂടിയായി ഉപയോഗിച്ചിരുന്നത്. പരിശോധിച്ചപ്പോള്‍ മണ്ണല്ലാതെ അകത്ത് ഒന്നും ഉണ്ടായിരുന്നില്ല. മഹാശിലായുഗത്തില്‍ മരിച്ചവരുടെ അസ്ഥികള്‍ മണ്ണില്‍ മറവുചെയ്തു സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ മണ്‍പാത്രങ്ങളാണ് നന്നങ്ങാടികള്‍. ചെറിയ മണ്‍പാത്രങ്ങള്‍, ഇരുമ്പായുധങ്ങള്‍, മുത്തുകള്‍ എന്നിവയും ഇവയ്ക്കുള്ളില്‍ കാണാറുണ്ട്. ഇതിനു മുമ്പും മേഖലയില്‍നിന്ന് നേരത്തേയും നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. പണ്ട് കാലങ്ങളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും ശവസംസ്‌കാരം നടത്തുന്നതിനുമാണ് നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്.
kerala
വളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
പാലക്കാട് വാളയാറില്‍ അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി.
മലപ്പുറം: പാലക്കാട് വാളയാറില്‍ അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് മാത്രം കേട്ടിരുന്ന ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്ത കേരളത്തിലും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനായാരണ്‍ ഭയ്യാറിനെ മര്‍ദ്ദിച്ച് കൊന്നത്.
കുടുംബം പോറ്റാനായി കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുണ്ട്. പലരും കുടുംബസമേതം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരോടെല്ലാം മാന്യമായി പെരുമാറുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. എന്നാല്‍ വാളയാറില്‍ സംഭവിച്ചത് അങ്ങേയറ്റം നീചമായ കാര്യമാണ്. സംഘ്പരിവാര്‍ ഉല്‍പാദിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ട്. പിടികൂടിയവരില്‍ നാല് പേര്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് എന്നത് തന്നെയാണ് ഈ കേസിലെ വംശവെറിയുടെ തെളിവ്. കേരളത്തിന് കളങ്കമേല്‍പിച്ച സംഭവമാണിത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മുഴുവന്‍ കുറ്റവാളികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കരട് വോട്ടര്‍ പട്ടികയില്‍ പേര് വരികയും എന്നാല്‍ അന്തിമ പട്ടികയില്‍ ഇല്ലാതെ വരികയും ചെയ്ത വോട്ടര്‍മാരുടെ ലിസ്റ്റ് ശേഖരിക്കാനും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കരട് പട്ടികയിലെ ക്രമ നമ്പര്‍, വിലാസം എല്ലാം വാര്‍ഡ് കമ്മിറ്റികള്‍ ഉടനടി ശേഖരിച്ച് മേല്‍കമ്മിറ്റികളെ ഏല്‍പിക്കേണ്ടതാണ്. ഘടകമില്ലാത്ത വാര്‍ഡാണെങ്കില്‍ സഖ്യകക്ഷികളുടെ സഹായം തേടാവുന്നതാണ്. വാര്‍ഡ് കമ്മിറ്റികള്‍ ശേഖരിക്കുന്ന ഡാറ്റ പഞ്ചായത്തിന്റെ (മുനിസിപ്പാലിറ്റി) മൊത്തം ഡാറ്റയായി നിയോജകമണ്ഡലം കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
നിയോജകമണ്ഡലം തലത്തില്‍ ഒറ്റ ഡാറ്റയായി ജില്ലാ കമ്മിറ്റിക്ക് നല്‍കേണ്ടതാണ്. ജില്ലയുടെ മുഴുവന്‍ കണക്കും ഒറ്റ ഡാറ്റ ഷീറ്റായി ജില്ലകള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം. വോട്ട് നഷ്ടമായ പൗരന്മാര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തേണ്ട വിഷയമായതിനാല്‍ ഗൗരവത്തില്‍ ഈ വിഷയം ഏറ്റെടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എസ്.ഐ.ആറിന്റെ തുടര്‍ നടപടികള്‍ വരുമ്പോള്‍ ഓരോ ഘടകങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഒരു പൗരന്റെയും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും യോഗം ഓര്‍മപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കേരളത്തിലെ ജനം യു.ഡി.എഫിന് സമ്മാനിച്ചത്. വിശ്വാസപൂര്‍വ്വം ഏല്‍പിച്ച ദൗത്യം ഉത്തരവാദിത്തബോധം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ഏല്‍പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ കല്ലായി, ടി.എം സലിം, ഉമ്മര്‍ പാണ്ടികശാല, സി.എച്ച് റഷീദ്, സി.പി ബാവ ഹാജി, സി.പി സൈതലവി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുള്ള, യു.സി രാമന്‍, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നന്ദി പറഞ്ഞു.
-
kerala18 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala19 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala19 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala21 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india18 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india20 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
