kerala

കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡ് വിഭജനം; സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ്

By webdesk18

December 22, 2025

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് വിഭജനത്തില്‍ യുഡിഎഫ് അനുകൂല സീറ്റുകള്‍ വിഭജിച്ച് സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് ആരോപിച്ചു. വാര്‍ഡ് വിഭജനം തുണച്ചത് ബിജെപിയെ എന്ന ആരോപണം ശരിയെന്ന് വെയ്ക്കുന്നതായിരുന്നു വോട്ട് കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 648 വോട്ട് മാത്രം കൂടുതല്‍ നേടിയ ബിജെപി 6 സീറ്റ് അധികം നേടിയത് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണെന്ന് കെ. ജയന്ത് ആരോപിച്ചു.

കോണ്‍ഗ്രസ് സ്ഥിരമായി ജയിക്കുന്ന ചാലപ്പുറം വാര്‍ഡിലെ മൂവായിരത്തോളം യുഡിഎഫ് അനുകൂല വോട്ടുകള്‍ മുഖദാറിലേക്ക് മാറ്റി ചാലപ്പുറത്തെ ബിജെപി അനുകൂലമാക്കി മാറ്റിയിരുന്നു. ഇവിടെ 734 വോട്ട് കിട്ടിയ ബി ജെ പി സ്ഥാനാര്‍ഥിയാണ് ജയിക്കുന്നത്.സമാനമാണ് മാവൂര്‍ റോഡ് വാര്‍ഡിന്റെ അവസ്ഥ. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ വലിയങ്ങാടി വിഭജിച്ചാണ് മാവൂര്‍ റോഡ് വാര്‍ഡാക്കിയത്.

വലിയങ്ങാടിയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ മറ്റൊരു യുഡിഎഫ് വാര്‍ഡായ കുറ്റിച്ചിറയിലേക്ക് മാറ്റി. ഫലം മാവൂര്‍ റോഡില്‍ 733 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. പന്നിയങ്കര വാര്‍ഡിലെ യുഡിഎഫ് അനുകൂല ഭാഗങ്ങള്‍ കല്ലായിയിലേക്ക് മാറ്റിയതും ബിജെപിക്ക് തുണയായി. ബിജെപി യുടെ സിറ്റിങ് വാര്‍ഡായ കാരപറമ്പിലെ യുഡിഎഫ് അനുകൂല വോട്ട് ചക്കരോത്തുകളത്ത് മാറ്റി ബിജെപി സഹായിച്ചുവെന്നും ആരോപണമുണ്ട്.

ബിജെപി പുതുതായി 6 വാര്‍ഡ് വിജയിച്ചപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആകെ വര്‍ധിച്ചത് 648 വോട്ട് മാത്രമാണ്. എന്നാല്‍ യുഡിഎഫിന് 18000 ത്തിലധികം വോട്ട് വര്‍ധിച്ചു. സിപിഎമ്മിന് 18000 വോട്ടിന്റെ കുറവുണ്ടായി. ബിജെപി ജയിച്ച വാര്‍ഡുകളില്‍ നല്ലൊരു ഭാഗം 4000 വോട്ടിന് താഴെയുള്ളവയാണ്. എന്നാല്‍ യുഡിഎഫ് വാര്‍ഡുകളില്‍ 12000 വരെ വോട്ടുള്ളവയുണ്ട്. വാര്‍ഡ് വിഭജനം ഉദ്യോഗസ്ഥ നടപടിയാണെന്നും രാഷ്ട്രീയ ഇടപെടലില്ലെന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനിലെ ബിജെപി സീറ്റു വര്‍ധനയില്‍ വാര്‍ഡ് വിഭജനം നിര്‍ണായക പങ്കുവഹിച്ചു എന്ന് തെളിയിക്കുന്നതാണ് വോട്ടു കണക്കുകള്‍.