News
അപകടത്തില്‍പ്പെട്ട് ശ്വാസം നിലക്കാറായ യുവാവിന് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിച്ച് മൂന്ന് ഡോക്ടര്‍മാര്‍
അപകടസ്ഥലത്ത് ഡോക്ടര്‍മാര്‍ കാണിച്ച ധൈര്യവും സമയോചിതമായ ഇടപെടലും സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ കയ്യടിയാണ് നേടുന്നത്.
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണത്തിന്റെ വക്കിലെത്തിയ യുവാവിന് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി മൂന്ന് യുവ ഡോക്ടര്‍മാര്‍. കൊല്ലം സ്വദേശി ലിനുവിനെയാണ് അപകടസ്ഥലത്ത് വെച്ചുതന്നെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി 8.30ഓടെ ഉദയംപേരൂര്‍ വലിയകുളം സമീപമാണ് അപകടം ഉണ്ടായത്. ലിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റ് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി.
അപകടസ്ഥലത്തിലൂടെ കടന്നുപോകുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി. മനൂപ്, അപകടം കണ്ടു വാഹനം നിര്‍ത്തി ഇറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ഒരു ബ്ലേഡ് ഉപയോഗിച്ച് ഡോ. മനൂപ് ലിനുവിന്റെ കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി. തുടര്‍ന്ന് ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്‌ട്രോ കടത്തിവിട്ട് ശ്വാസഗതി വീണ്ടെടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ആംബുലന്‍സില്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ ഡോ. മനൂപ് ലിനുവിനൊപ്പം നിന്ന് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. നിലവില്‍ ലിനുവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടസ്ഥലത്ത് ഡോക്ടര്‍മാര്‍ കാണിച്ച ധൈര്യവും സമയോചിതമായ ഇടപെടലും സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ കയ്യടിയാണ് നേടുന്നത്.
kerala
വളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
പാലക്കാട് വാളയാറില്‍ അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി.
മലപ്പുറം: പാലക്കാട് വാളയാറില്‍ അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് മാത്രം കേട്ടിരുന്ന ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്ത കേരളത്തിലും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനായാരണ്‍ ഭയ്യാറിനെ മര്‍ദ്ദിച്ച് കൊന്നത്.
കുടുംബം പോറ്റാനായി കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുണ്ട്. പലരും കുടുംബസമേതം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരോടെല്ലാം മാന്യമായി പെരുമാറുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. എന്നാല്‍ വാളയാറില്‍ സംഭവിച്ചത് അങ്ങേയറ്റം നീചമായ കാര്യമാണ്. സംഘ്പരിവാര്‍ ഉല്‍പാദിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ട്. പിടികൂടിയവരില്‍ നാല് പേര്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് എന്നത് തന്നെയാണ് ഈ കേസിലെ വംശവെറിയുടെ തെളിവ്. കേരളത്തിന് കളങ്കമേല്‍പിച്ച സംഭവമാണിത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മുഴുവന്‍ കുറ്റവാളികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കരട് വോട്ടര്‍ പട്ടികയില്‍ പേര് വരികയും എന്നാല്‍ അന്തിമ പട്ടികയില്‍ ഇല്ലാതെ വരികയും ചെയ്ത വോട്ടര്‍മാരുടെ ലിസ്റ്റ് ശേഖരിക്കാനും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കരട് പട്ടികയിലെ ക്രമ നമ്പര്‍, വിലാസം എല്ലാം വാര്‍ഡ് കമ്മിറ്റികള്‍ ഉടനടി ശേഖരിച്ച് മേല്‍കമ്മിറ്റികളെ ഏല്‍പിക്കേണ്ടതാണ്. ഘടകമില്ലാത്ത വാര്‍ഡാണെങ്കില്‍ സഖ്യകക്ഷികളുടെ സഹായം തേടാവുന്നതാണ്. വാര്‍ഡ് കമ്മിറ്റികള്‍ ശേഖരിക്കുന്ന ഡാറ്റ പഞ്ചായത്തിന്റെ (മുനിസിപ്പാലിറ്റി) മൊത്തം ഡാറ്റയായി നിയോജകമണ്ഡലം കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
നിയോജകമണ്ഡലം തലത്തില്‍ ഒറ്റ ഡാറ്റയായി ജില്ലാ കമ്മിറ്റിക്ക് നല്‍കേണ്ടതാണ്. ജില്ലയുടെ മുഴുവന്‍ കണക്കും ഒറ്റ ഡാറ്റ ഷീറ്റായി ജില്ലകള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം. വോട്ട് നഷ്ടമായ പൗരന്മാര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തേണ്ട വിഷയമായതിനാല്‍ ഗൗരവത്തില്‍ ഈ വിഷയം ഏറ്റെടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എസ്.ഐ.ആറിന്റെ തുടര്‍ നടപടികള്‍ വരുമ്പോള്‍ ഓരോ ഘടകങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഒരു പൗരന്റെയും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും യോഗം ഓര്‍മപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കേരളത്തിലെ ജനം യു.ഡി.എഫിന് സമ്മാനിച്ചത്. വിശ്വാസപൂര്‍വ്വം ഏല്‍പിച്ച ദൗത്യം ഉത്തരവാദിത്തബോധം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ഏല്‍പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ കല്ലായി, ടി.എം സലിം, ഉമ്മര്‍ പാണ്ടികശാല, സി.എച്ച് റഷീദ്, സി.പി ബാവ ഹാജി, സി.പി സൈതലവി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുള്ള, യു.സി രാമന്‍, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നന്ദി പറഞ്ഞു.
News
ദുരഭിമാനക്കൊലയുടെ മറ്റൊരധ്യായം; കര്‍ണാടകയില്‍ വീണ്ടും നടുക്കുന്ന കൊലപാതകം
ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി.
ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാംവീരപൂര്‍ സ്വദേശിനിയായ 19കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം ഇനാംവീരപൂരില്‍ വെച്ചാണ് സംഭവം. പൈപ്പ് അടക്കമുള്ള കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുപയോഗിച്ചാണ് മാന്യതയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് മാസത്തിലാണ് കുടുംബത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് മാന്യത പാട്ടീല്‍ തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്.
ജീവന് ഭീഷണി നിലനിന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ കുറേക്കാലം ഹവേരിയില്‍ താമസിച്ചിരുന്നുവെന്നും ഈ മാസം ആദ്യം മാത്രമാണ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം ആദ്യം കൃഷിയിടത്തില്‍ വെച്ച് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. പിന്നാലെ മാന്യത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ അവളെയും മറ്റൊരു സ്ത്രീയെയും ഒരു പുരുഷനെയും ആക്രമിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുമാസം ഗര്‍ഭിണിയായ യുവതിയാണ് പിന്നീട് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്യതയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. വീണ്ടും നടന്ന ദുരഭിമാനക്കൊല രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
kerala
കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡ് വിഭജനം; സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ്
യുഡിഎഫ് അനുകൂല സീറ്റുകള്‍ വിഭജിച്ച് സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് ആരോപിച്ചു. വാര്‍ഡ് വിഭജനം തുണച്ചത് ബിജെപിയെ എന്ന ആരോപണം ശരിയെന്ന് വെയ്ക്കുന്നതായിരുന്നു വോട്ട് കണക്കുകള്‍.
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് വിഭജനത്തില്‍ യുഡിഎഫ് അനുകൂല സീറ്റുകള്‍ വിഭജിച്ച് സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് ആരോപിച്ചു. വാര്‍ഡ് വിഭജനം തുണച്ചത് ബിജെപിയെ എന്ന ആരോപണം ശരിയെന്ന് വെയ്ക്കുന്നതായിരുന്നു വോട്ട് കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 648 വോട്ട് മാത്രം കൂടുതല്‍ നേടിയ ബിജെപി 6 സീറ്റ് അധികം നേടിയത് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണെന്ന് കെ. ജയന്ത് ആരോപിച്ചു.
കോണ്‍ഗ്രസ് സ്ഥിരമായി ജയിക്കുന്ന ചാലപ്പുറം വാര്‍ഡിലെ മൂവായിരത്തോളം യുഡിഎഫ് അനുകൂല വോട്ടുകള്‍ മുഖദാറിലേക്ക് മാറ്റി ചാലപ്പുറത്തെ ബിജെപി അനുകൂലമാക്കി മാറ്റിയിരുന്നു. ഇവിടെ 734 വോട്ട് കിട്ടിയ ബി ജെ പി സ്ഥാനാര്‍ഥിയാണ് ജയിക്കുന്നത്.സമാനമാണ് മാവൂര്‍ റോഡ് വാര്‍ഡിന്റെ അവസ്ഥ. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ വലിയങ്ങാടി വിഭജിച്ചാണ് മാവൂര്‍ റോഡ് വാര്‍ഡാക്കിയത്.
വലിയങ്ങാടിയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ മറ്റൊരു യുഡിഎഫ് വാര്‍ഡായ കുറ്റിച്ചിറയിലേക്ക് മാറ്റി. ഫലം മാവൂര്‍ റോഡില്‍ 733 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. പന്നിയങ്കര വാര്‍ഡിലെ യുഡിഎഫ് അനുകൂല ഭാഗങ്ങള്‍ കല്ലായിയിലേക്ക് മാറ്റിയതും ബിജെപിക്ക് തുണയായി. ബിജെപി യുടെ സിറ്റിങ് വാര്‍ഡായ കാരപറമ്പിലെ യുഡിഎഫ് അനുകൂല വോട്ട് ചക്കരോത്തുകളത്ത് മാറ്റി ബിജെപി സഹായിച്ചുവെന്നും ആരോപണമുണ്ട്.
ബിജെപി പുതുതായി 6 വാര്‍ഡ് വിജയിച്ചപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആകെ വര്‍ധിച്ചത് 648 വോട്ട് മാത്രമാണ്. എന്നാല്‍ യുഡിഎഫിന് 18000 ത്തിലധികം വോട്ട് വര്‍ധിച്ചു. സിപിഎമ്മിന് 18000 വോട്ടിന്റെ കുറവുണ്ടായി. ബിജെപി ജയിച്ച വാര്‍ഡുകളില്‍ നല്ലൊരു ഭാഗം 4000 വോട്ടിന് താഴെയുള്ളവയാണ്. എന്നാല്‍ യുഡിഎഫ് വാര്‍ഡുകളില്‍ 12000 വരെ വോട്ടുള്ളവയുണ്ട്. വാര്‍ഡ് വിഭജനം ഉദ്യോഗസ്ഥ നടപടിയാണെന്നും രാഷ്ട്രീയ ഇടപെടലില്ലെന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനിലെ ബിജെപി സീറ്റു വര്‍ധനയില്‍ വാര്‍ഡ് വിഭജനം നിര്‍ണായക പങ്കുവഹിച്ചു എന്ന് തെളിയിക്കുന്നതാണ് വോട്ടു കണക്കുകള്‍.
-
kerala18 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala18 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala18 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala20 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india17 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india1 day agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india19 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
