kerala

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : 18 വര്‍ഷംമുമ്പ് മരിച്ചയാളുടെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കും

By Chandrika Web

December 29, 2022

കൊച്ചി : 18 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മരണം രജിസ്റ്റര്‍ ചെയ്ത് മരണസര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ നടപടികള്‍ തുടങ്ങിയതായി ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മുളന്തുരുത്തി പഞ്ചായത്തില്‍ മരണം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതു കാരണമാണ് മരണസര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായത്. ഒരു വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യാത്ത മരണം ആര്‍.ഡി.ഒ യുടെ അനുമതിയോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നാണ് നിയമം. 2020 നവംബര്‍ 2 ന് സബ്കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചെങ്കിലും മരണസര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മരണസര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കമ്മീഷന്‍ സബ്കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടുംബ സ്വത്ത് പോക്കുവരവ് ചെയ്യുന്നതിനാണ് മരണ സര്‍ട്ടിഫിക്കേറ്റ് വേണ്ടി വന്നത്.

കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപേക്ഷയിലെ അപാകതകള്‍ പരിഹരിച്ചാലുടന്‍ സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നതാണെന്ന് വിശദീകരണത്തില്‍ പറയുന്നു. തൊടുപുഴ പുറപ്പുഴ സ്വദേശി ബേബി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബേബിയുടെ സഹോദരി ഷാനി 2004 മേയ് 1 ന് ഭര്‍ത്തൃ വീടായ മുളന്തുരുത്തി പെരുമ്പിള്ളി എബ്രഹാമിന്റെ വീട്ടില്‍ വിഷം കഴിച്ചാണ് മരിച്ചത്.