കോഴിക്കോട്: കോവിഡ് പോസിറ്റീവായി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ച് നിവേദനം നല്‍കി. മൃതദേഹങ്ങളെ അനാദരിക്കുന്നത് അവസാനിപ്പിക്കണമെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നിവേദനത്തിന്റെ പൂര്‍ണ രൂപം

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി അവര്‍കള്‍ക്ക്,
സാര്‍, ഇന്ന് കാലത്ത് 5.45നു് വാട്ട്‌സാപ്പില്‍ ആദ്യമായി വായിച്ച സന്ദേശം കോഴിക്കോടിന്നടുത്ത പ്രദേശത്തെ ഒരു സുഹൃത്തിന്റെതായിരുന്നു. നമ്മുടെ നാട്ടില്‍. രണ്ട് ദിവസം മുമ്പ് ഒരാള്‍ മരണപ്പെട്ടു ടെസ്റ്റില്‍ നെഗറ്റീവ് ആയിരുന്നു. പക്ഷെ ആശുപത്രിയില്‍ നിന്ന് പറഞ്ഞത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മറവടക്കണമെന്നാണ് . കുളിപ്പിക്കാനോ കഫന്‍ ചെയ്യാനോ (തുണിയില്‍ പൊതിയാനോ ) കാണാനോ കഴിയില്ല. 10 അടി ആഴത്തില്‍ ഖബര്‍ കുഴിക്കണം. ജെ.സി.ബി. കിട്ടാന്‍ നോക്കുന്നുണ്ട്. കിട്ടിയില്ലെങ്കില്‍ കണ്ണംപറമ്പിലേക്ക് കൊണ്ട് പോവും. കഷ്ടം തന്നെ.

ഇന്നലെ രാത്രി കൊണ്ടോട്ടിക്കടുത്ത പുളിക്കലിലെ ഒരു സുഹൃത്ത് അറിയിച്ചത് അദ്ദേഹത്തിന്റെ അയല്‍വാസി ടെറസ്സില്‍ നിന്ന് വീണ് പരുക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തുമ്പോഴെക്കും മരണപ്പെട്ടു. ആശുപത്രിക്കാര്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ പറഞ്ഞു. നടത്തി. പോസിറ്റീവ് ആയിരുന്നു. കുളിപ്പിക്കാതെ, കഫന്‍ ചെയ്യാതെ, വേണ്ടപ്പെട്ടവര്‍ ഒരു നോക്ക് കാണാതെ മറവ് ചെയ്യേണ്ടി വന്നു. വേദനാജനകം തന്നെ.

കഴിഞ്ഞ ആഴ്ച മുക്കത്ത് മരിച്ച ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആയി. പ്രോട്ടോക്കോളിനെ പേടിച്ച് എങ്ങനെയെല്ലാമോ മറവ് ചെയ്തു. പിന്നെ വന്ന ലാബ് റിസല്‍ട്ട് നെഗറ്റീവ് ആയി. ഇനിയെന്ത് ചെയ്യും. എല്ലാം കഴിഞ്ഞില്ലേ. ഹൃദയഭേദകം തന്നെ. എല്ലാ വിഭാഗത്തില്‍ പ്പെട്ടവരുമനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമാണിത്. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോള്‍ പറയുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവ് ചെയ്യാനനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഒന്നിലധികം മാര്‍ഗ്ഗരേഖകളിലും കാണാം.

നമ്മുടെ ഭരണഘടനയും മൃതദേഹങ്ങളെ ആദരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന മേല്‍ പറഞ്ഞ കാര്യങ്ങളൊന്നും ഒരു പ്രോട്ടോക്കോളിലുമില്ലെന്ന് പരിചയസമ്പന്നരായ ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ബഹുമാന്യരായ മത സംഘടനാ നേതാക്കള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ തന്നെ മതാചാരപ്രകാരം മറവ് ചെയ്യാന്‍ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും താങ്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് സന്തോഷത്തിന്ന് വക നല്‍കുന്ന കാര്യമാണ്. അത് കഴിഞ്ഞിട്ട് നാലു ദിവസമായി. ഇതിന്നിടയില്‍ കേരളത്തില്‍ പോസിറ്റീവ് ആയ നൂറിലേറെ പേര്‍ മരിച്ചു. ഒരു മാറ്റവുമില്ല. ആശുപത്രിക്കാര്‍ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണ്.

കൊറോണാക്കാലത്ത് അപകടത്തിലോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ പ്രായാധിക്യം മൂലമോ മരിക്കുന്ന എല്ലാവരെയും ടെസ്റ്റ് നടത്തി ക്രൂരമായ നിലയില്‍ കുഴിച്ചുമൂടുന്നത് സഹിക്കാനാവില്ല. ഈ വിഷയത്തില്‍ വ്യക്തമായ ഒരു ഉത്തരവ് താങ്കളില്‍ നിന്ന് എത്രയും പെട്ടെന്ന് ഉണ്ടായേ മതിയാവൂ. എല്ലാ മത വിശ്വാസികള്‍ക്കും അവരുടെ മതാചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള അവകാശം അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും പാലിച്ച് കൊണ്ട് തന്നെ വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത് കൊണ്ട് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ബന്ധുക്കളെ അനുവദിച്ചേ മതിയാവൂ.