ആലപ്പുഴ: കെഎസ്ആര്‍ടിസി പ്രേമികളുടെ സംഗമത്തിന് നാളെ (ഞായര്‍) ആലപ്പുഴ സാക്ഷിയാകും.ആനവണ്ടി ആരാധകരായ 150ഓളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആലപ്പുഴ ഡിപ്പോയില്‍ നിന്നും മൂന്ന് സ്‌പെഷ്യല്‍ ബസുകളിലായി യാത്ര പുറപ്പെടും. കുട്ടനാടന്‍ പ്രദേശങ്ങളായ കൈനകരി – കിടങ്ങറ – മുട്ടാര്‍, എടത്വ – തായങ്കരി – ചമ്പക്കുളം വഴി രണ്ടു മണിയോട് കൂടി ആലപ്പുഴയില്‍ തിരിച്ചെത്തും. പാടശേഖരങ്ങളിലും കായല്‍ക്കരയിലും വണ്ടി നിര്‍ത്തി കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കും. സംഗമത്തിനു ശേഷം കുട്ടനാടിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന സീ കുട്ടനാട് ബോട്ട് സര്‍വീസും താല്‍പര്യമുള്ളവര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് സമയക്രമീകരണം നടത്തിയിരിക്കുന്നത്.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നൂം,കൂടാതെ ബാംഗ്ലൂര്‍ മലയാളികളും സംഗമത്തില്‍ പങ്കെടുക്കും.