അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്‍ നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്‍ അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്ക് നല്‍കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്‌കര്‍ഷിക്കുന്ന അളവിലുള്ള ബാറ്റുമായേ കളിക്കാന്‍ അനുവാദമുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിലെ ഡി.ആര്‍.എസിലും ഐ.സി.സി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ ശ്രീലങ്ക പരമ്പരകള്‍ മുതലാണ് പുതിയ നിയമങ്ങള്‍ ഐസിസി നടപ്പില്‍ വരുത്തുന്നത്.

ബൗണ്ടറി ക്യാച്ചുകളില്‍ ഫീല്‍ഡര്‍ ബോളുമായുള്ള അവസാന കോണ്‍ടാക്ട് ബൗണ്ടറി ലൈനിനു മുന്‍പായി നടത്തണമെന്നാണ് പുതിയ നിയമം. അല്ലാത്തപക്ഷം ബാറ്റിങ് ടീമിന് അനുകൂലമായി റണ്‍സ് അനുവദിക്കും. ബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന ‘സാഹസികത’ ഇനി പറ്റില്ല. പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ ഫീല്‍ഡില്‍ നിന്നു പുറത്താക്കാനുള്ള ഭേദഗതിയും പുതിയ ഐസിസി ചട്ടത്തിലുണ്ട്. ലെവല്‍ ഫോര്‍ നിയമലംഘനങ്ങള്‍ നടത്തുന്ന താരങ്ങളെയാണ് പുറത്താക്കുക. അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കാനോ ഭയപ്പെടുത്താനോ ശ്രമിക്കുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കല്‍ കാരണങ്ങള്‍ക്കുള്ളില്‍പെടും. ഐസിസി കോഡ് ഓഫ് കണ്ടക്ടിന്റെ ലെവല്‍ 4 പരിധിയില്‍ പെടുന്ന ഈ കുറ്റത്തിനു എതിര്‍ ടീമിനു 5 റണ്‍സും, കളിക്കാരന് ആ കളിയില്‍ നിന്ന് വിലക്കും ലഭിക്കും.

ബാറ്റിന്റെ നീളത്തിലും വീതിയിലുമുള്ള നിയന്ത്രണങ്ങളാണ് നിയമത്തില്‍ മറ്റൊരു പ്രധാന നിയമം. ബാറ്റിന്റെ എഡ്ജ് ലിമിറ്റ് 40 എംഎമ്മും ഡെപ്ത്ത് 67 എംഎമ്മും ആകാനേ പാടുള്ളുവെന്നാണ് പുതിയ നിയമത്തിലുള്ളത്.

റണ്‍ഔട്ടിലും ഐ.സി.സി പുതയി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ക്രീസിലേക്ക് ബാറ്റ്സ്മാന്‍ ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്സ്മാന്‍ റണ്‍ഔട്ടാവില്ല. സ്റ്റമ്പിങ്ങിന്റെ സമയത്തു ഇതേ നിയമമാണ്. വിക്കറ്റ് ഫീല്‍ഡറോ ധരിച്ച ഹെല്‍മറ്റ് തട്ടിയ ശേഷമാണ് റണ്‍ ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റമ്പ് ചെയ്ത് പുറത്താവുന്നതോ ആണങ്കില്‍ ഇനി അത് ഔട്ടായിതെന്നെ പരിഗണിക്കും

അതേസമയം തീരുമാനം പുന:പരിശോധിക്കാനുള്ള ഡി.ആര്‍.എസില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് ബാധകമാവുക. ഒരു ഇന്നിങ്സില്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുനുള്ള അവസരമുണ്ടാവില്ല. 80 ഓവര്‍ വരെ രണ്ട് ഡി.ആര്‍.എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത്. ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാല്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂ നല്‍കിയിരുന്നു. എന്നാല്‍ ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല.